Sorry, you need to enable JavaScript to visit this website.

സൗദി കളിക്കാർ ലാ ലിഗയിലേക്ക്

സ്പാനിഷ് ലീഗിൽ കളിക്കാനൊരുങ്ങുന്ന സൗദി താരങ്ങൾ ഒഫിഷ്യലുകൾക്കൊപ്പം.

ജിദ്ദ - സൗദി അറേബ്യയുടെ ഫുട്‌ബോൾ ചരിത്രത്തിൽ നാഴികക്കല്ലായി ഒമ്പത് കളിക്കാർ സ്പാനിഷ് ലീഗിലേക്ക്. സൗദി ഫെഡറേഷനും സ്പാനിഷ് ലീഗും തമ്മിലുള്ള കരാറിന്റെ ഭാഗമായി ലോണടിസ്ഥാനത്തിലാണ് ഈ കളിക്കാർ സ്പാനിഷ് ക്ലബ്ബുകളിൽ കളിക്കുക. ഇതിൽ ആറ് കളിക്കാർ സ്പാനിഷ് ഒന്നാം ഡിവിഷനിലും മൂന്നു പേർ രണ്ടാം ഡിവിഷനിലുമായിരിക്കും. ലോകകപ്പിന് മുന്നോടിയായി സൗദി കളിക്കാർക്ക് യൂറോപ്പിൽ കളിച്ച് പരിചയം നേടാൻ ഈ കരാർ ഉപകരിക്കും. 
അൽ ഹിലാലിന്റെ സാലിം അൽ ദോസ്‌രി വിയ്യാറയലിലേക്കും അൽ ഇത്തിഹാദിന്റെ ഫഹദ് അൽ മുവല്ലിദ് ലെവാന്റെയിലേക്കും അന്നസ്‌റിന്റെ യഹ്‌യ അൽ ശഹ്‌രി ലെഗാനീസിലേക്കുമാണ് ചേക്കേറുന്നത്. വിയ്യാറയൽ ലാ ലിഗയിൽ അഞ്ചാം സ്ഥാനത്താണ്. ലാ ലിഗയിലെ 20 ടീമുകളിൽ ലെവാന്റെ പതിനേഴാമതും ലെഗാനീസ് പതിമൂന്നാമതുമാണ്. 
ഗൾഫ് കപ്പിന് മുന്നോടിയായി കണ്ടെത്തിയ സൗദി വംശജരായ രണ്ടു കളിക്കാരും സ്പാനിഷ് ഒന്നാം ഡിവിഷൻ ലീഗിൽ കളിക്കും. ജാബിർ മുസ്തഫ വിയ്യാറയലിനും മർവാൻ അബ്കർ ലെഗാനീസിനും. ബാക്കിയുള്ളവർ രണ്ടാം ഡിവിഷനിലാണ് കളിക്കുക. അൽ ഫതഹിന്റെ നൂഹ് അൽ മൂസ (വാലദോലിദ്), അൽശബാബിന്റെ അബ്ദുല്ല ഹംദാൻ (സ്‌പോർടിംഗ് ഗിഹോൺ), ശബാബിന്റെ തന്നെ അബ്ദുൽ മജീദ് സുലൈഹിം (റയൊ വായകാനൊ), അലി നിംറ് (നുമാൻസിയ) എന്നിവരാണ് സ്പാനിഷ് ലീഗിൽ കരുത്തു തെളിയിക്കാനൊരുങ്ങുന്ന മറ്റ് സൗദി താരങ്ങൾ. മർവാൻ ഉസ്മാൻ ലെഗാനീസിന്റെ ജൂനിയർ ടീമിൽ കളിക്കും. കളിക്കാരുടെ വേതനം നൽകുക സ്പാനിഷ് ക്ലബ്ബുകളായിരിക്കില്ല.
ലാ ലിഗ അധികൃതരും സൗദി ഫുട്‌ബോൾ ഫെഡറേഷനും തമ്മിൽ മാസങ്ങളായി ചർച്ച നടക്കുന്നുണ്ട്. തുടർന്ന് സൗദിയും പോർചുഗലും തമ്മിലുള്ള മത്സരവും സൗദിയുടെ ഗൾഫ് കപ്പ് മത്സരങ്ങളും കാണാൻ സ്പാനിഷ് ക്ലബ്ബുകളുടെ കോച്ചുമാരും സ്‌കൗടുമാരും എത്തിയിരുന്നു. അവരാണ് കളിക്കാരെ തെരഞ്ഞെടുത്തത്. 

Latest News