റിയാദ് - സാമൂഹികമാധ്യമങ്ങളിലൂടെ പ്രവാചകനിന്ദയും പ്രവാചക പത്‌നി ആയിശ (റ) യെ അപകീർത്തിപ്പെടുത്തുകയും ചെയ്ത പ്രതിയെ സുരക്ഷാ വകുപ്പുകൾ അറസ്റ്റ് ചെയ്തതായി റിയാദ് പോലീസ് വക്താവ് മേജർ ഖാലിദ് അൽകുറൈദിസ് അറിയിച്ചു. പ്രവാചക(സ)നെയും നബി പത്‌നി ആയിശ(റ)യെയും അപകീർത്തിപ്പെടുന്ന വീഡിയോ യുവാവ് സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയായിരുന്നു. മുപ്പതു വയസ് പ്രായമുള്ള സൗദി യുവാവാണ് അറസ്റ്റിലായത്. പ്രതിക്കെതിരായ കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി റിയാദ് പോലീസ് വക്താവ് പറഞ്ഞു.
പ്രവാചകനിന്ദ നടത്തിയ പ്രതിയെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്ത് നിയമ നടപടികൾ സ്വീകരിക്കാൻ അറ്റോർണി ജനറൽ ശൈഖ് സൗദ് അൽമുഅജബ് ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദേശം നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് പ്രതിയെ സുരക്ഷാ വകുപ്പുകൾ അറസ്റ്റ് ചെയ്തത്. സാമൂഹികമാധ്യമങ്ങളിലൂടെ മതചിഹ്നങ്ങൾക്കും ഇസ്‌ലാമിക മൂല്യങ്ങൾക്കും പൊതുസംസ്‌കാരത്തിനും കോട്ടംതട്ടിക്കുന്നത് അഞ്ചു വർഷം വരെ തടവും മുപ്പതു ലക്ഷം റിയാൽ വരെ പിഴയും ശിക്ഷ ലഭിക്കുന്ന കുറ്റകൃത്യമാണ്. മത, സാമൂഹിക മൂല്യങ്ങൾ ലംഘിക്കുന്നവർക്കെതിരെ ശക്തമായ നിയമ നടപടികൾ സ്വീകരിക്കുമെന്നും ഇത്തരക്കാരെ പിടികൂടി നിയമത്തിനു മുന്നിൽ ഹാജരാക്കാൻ ശ്രമങ്ങൾ തുടരുമെന്നും പബ്ലിക് പ്രോസിക്യൂഷൻ വൃത്തങ്ങൾ പറഞ്ഞു.