തിരുവനന്തപുരം- തിരുവനന്തപുരം മുതല്‍ കാസര്‍കോടുവരെ നീളുന്ന അര്‍ധ അതിവേഗ റെയില്‍പ്പാതക്കായി (സില്‍വര്‍ ലൈന്‍) സ്ഥലം ഏറ്റെടുക്കാനുള്ള നടപടി റവന്യൂ ആരംഭിച്ചു. 11 ജില്ലകളിലായി ഏറ്റെടുക്കേണ്ട 955.13 ഹെക്ടര്‍ ഭൂമിയുടെ വില്ലേജ് തലത്തിലുള്ള സര്‍വേ നമ്പറുകള്‍ റവന്യൂവകുപ്പ് പ്രസിദ്ധീകരിച്ചു. റെയില്‍വേ ബോര്‍ഡില്‍നിന്ന് അന്തിമാനുമതി ലഭിക്കുന്ന മുറയ്ക്കാകും ഏറ്റെടുക്കല്‍ തുടങ്ങുക. സ്ഥലം ഏറ്റെടുക്കാന്‍ 2100 കോടി രൂപ കിഫ്ബി വായ്പക്ക് അനുമതി നല്‍കിയിട്ടുണ്ട്.
ഭൂമി ഏറ്റെടുക്കാനാവശ്യമായ 205 തസ്തികകള്‍ ഒരു വര്‍ഷത്തേക്ക് സൃഷ്ടിക്കാന്‍ മന്ത്രിസഭ അനുമതി നല്‍കിയിരുന്നു. ഇതിനുപിന്നാലെയാണ് തുടര്‍നപടികളിലേക്കു നീങ്ങാന്‍ കെ-റെയില്‍ റവന്യൂ വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുള്ളത്. ഒരു സ്പെഷ്യല്‍ ഡെപ്യൂട്ടി കലക്ടര്‍ ഓഫീസും പാത്ക്കായി സ്ഥലം ഏറ്റെടുക്കേണ്ടിവരുന്ന 11 ജില്ലകളിലും സ്പെഷ്യല്‍ തഹസില്‍ദാര്‍ ഓഫീസും തുറക്കാനാണ് അനുമതി.