കാസര്‍കോട്- സുന്ദരികളായ യുവതികളെ മുന്നില്‍ നിര്‍ത്തി സമ്പന്നരെ വലയില്‍ വീഴ്ത്തി പണം തട്ടുന്ന കാസര്‍കോട് സ്വദേശി സാജിതയുടെ നേതൃത്വത്തില്‍ വീണ്ടും ഹണി ട്രാപ്പ്. ദമ്പതികള്‍ ഉള്‍പ്പെടെ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു.
പ്രലോഭനങ്ങള്‍ നല്‍കി വരുത്തിയ ശേഷം വിവാഹം കഴിച്ച എറണാകുളം സ്വദേശിയെ കബളിപ്പിച്ചു 3.75 ലക്ഷം രൂപയും ഏഴര പവന്റെ സ്വര്‍ണ്ണാഭരണവും 15700 രൂപ വിലവരുന്ന മൊബൈല്‍ ഫോണും തട്ടിയ സംഭവത്തില്‍ ആണ് കാസര്‍കോട് വിദ്യാനഗര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ സാജിത (30), മേല്‍പ്പറമ്പ് പോലീസ് സ്റ്റേഷന്‍ പരിധിയിലെ ദമ്പതികളായ ഉമ്മര്‍ (47), ഫാത്തിമ (42), പയ്യന്നൂരിലെ ഇഖ്ബാല്‍ (42) എന്നിവര്‍ പിടിയിലായത്. കാഞ്ഞങ്ങാട് ഡിവൈഎസ്പി ഡോക്ടര്‍ വി ബാലകൃഷ്ണന്‍, സിഐ ഷൈന്‍, എസ്‌ഐമാരായ സതീഷ് കുമാര്‍, രാജന്‍ എന്നിവരുടെ നേതൃത്വത്തില്‍ ആണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
എറണാകുളം കടവന്ത്ര തെരുവപറമ്പില്‍ അബ്ദുള്‍ സത്താറിനെ (58) വിവാഹം കഴിച്ച ശേഷമാണ് സാജിതയും സംഘവും പണവും സ്വര്‍ണ്ണവും മൊബൈല്‍ ഫോണും തട്ടിയത്.
ഉമ്മറും ഫാത്തിമയും മാതാപിതാക്കള്‍ ആയി അഭിനയിച്ച സാജിതയും സത്താറും തമ്മില്‍ വിവാഹം നടത്തി കിടപ്പറയില്‍ രഹസ്യമായി ക്യാമറ സ്ഥാപിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തുകയായിരുന്നു. ഈ ദൃശ്യങ്ങള്‍ നാട്ടില്‍ ഭാര്യക്കും ബന്ധുക്കള്‍ക്കും അയച്ചുകൊടുക്കുമെന്ന ഭീഷണിപ്പെടുത്തിയാണ് പണവും സ്വര്‍ണവും തട്ടിയത്. വീണ്ടും പണം ആവശ്യപ്പെട്ടപ്പോള്‍
സത്താര്‍ പരാതിയുമായി ഹൊസ്ദുര്‍ഗ് പോലീസ് സ്റ്റേഷനിലെത്തി. ഇതോടെ സാജിത കാസര്‍കോട്ടേക്ക് മുങ്ങി. അന്വേഷണം തുടങ്ങിയ പോലീസ് ഇതുമായി ബന്ധപ്പെട്ട് ഒരു യുവതിയെയും യുവാവിനെയും കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. ഇവരെ ചോദ്യം ചെയ്തപ്പോഴാണ് ഹണിട്രാപ്പ് തട്ടിപ്പുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പോലീസിന് ലഭിച്ചത്. കൊവ്വല്‍ പള്ളിയിലെ ഒരു കോട്ടേഴ്‌സ് വാടകക്കെടുത്താണ് കാസര്‍കോട്ടെ ഹണിട്രാപ്പ് സംഘം എറണാകുളം സ്വദേശിയെ കുരുക്കിയത്. ഓഗസ്റ്റ് രണ്ടിനാണ് സത്താറുമായി വിവാഹം നടത്തിയത്. പണവും സ്വര്‍ണവും തട്ടി മുങ്ങിയ ഹണിട്രാപ് സംഘത്തെ നയിക്കുന്ന സാജിതയെ പോലീസ് കാസര്‍കോട് ഭാഗത്ത് തെരച്ചില്‍ നടത്തിയാണ് പിടികൂടിയത്. ഹണി ട്രാപ്പ് തട്ടിപ്പുമായി ബന്ധപ്പെട്ട് കാസര്‍കോട് കുമ്പള ബേക്കല്‍ പോലീസ് സ്റ്റേഷനുകളില്‍ സാജിതയുടെ പേരില്‍ കേസുകള്‍ നിലവിലുണ്ടെന്ന് പോലീസ് പറഞ്ഞു.