റിയാദ് - പ്രശസ്തമായ അന്താരാഷ്ട്ര കമ്പനികളുടെ പേരിലുള്ള വ്യാജ ഉല്‍പന്നങ്ങള്‍ കിഴക്കന്‍ റിയാദിലെ സൂഖില്‍ പ്രവര്‍ത്തിക്കുന്ന വ്യാപാര സ്ഥാപനങ്ങള്‍ക്കും സ്റ്റാളുകള്‍ക്കും മൊത്തമായി വിതരണം ചെയ്യുന്ന വിദേശിയെ വാണിജ്യ മന്ത്രാലയം പിടികൂടി. സുരക്ഷാ വകുപ്പുകളുമായി സഹകരിച്ച് കെണിയൊരുക്കിയാണ് അറബ് വംശജനെ വാണിജ്യ മന്ത്രാലയം പിടികൂടിയത്. ഇയാളുടെ പക്കല്‍ കണ്ടെത്തിയ വ്യാജ ഉല്‍പന്നങ്ങള്‍ അധികൃതര്‍ പിടിച്ചെടുത്ത് നശിപ്പിച്ചു.
ആറു വര്‍ഷം മുമ്പ് കാലാവധി അവസാനിച്ച ഇഖാമയാണ് ഇയാളുടെ കൈവശം ഉണ്ടായിരുന്നത്. പ്രശസ്തമായ കമ്പനികളുടെ പേരിലുള്ള വാനിറ്റി ബാഗുകളും അത്തറുകളും വിദേശ മദ്യങ്ങളുടെ പേരുകളിലുള്ളതും സഭ്യതക്ക് നിരക്കാത്ത പേരുകളിലുള്ളതുമായ ബാഗുകളും അത്തറുകളുമാണ് വിദേശിയുടെ പക്കല്‍ നിന്ന് പിടിച്ചെടുത്ത് നശിപ്പിച്ചത്. തുടര്‍ നടപടികള്‍ക്കായി നിയമ ലംഘകനെ പിന്നീട് സുരക്ഷാ വകുപ്പുകള്‍ക്ക് കൈമാറിയതായി വാണിജ്യ മന്ത്രാലയം അറിയിച്ചു.