കണ്ണൂര്‍- പേരാവൂരിലെ കൃപാലയം അഗതി മന്ദിരത്തിലെ നൂറിലേറെ അന്തേവാസികള്‍ക്ക് കോവിഡ്. ഒരാഴ്ചയ്ക്കിടെ അഞ്ചുപേര്‍ മരിച്ചു. ഭക്ഷണമടക്കം കിട്ടാത്ത സാഹചര്യമാണുള്ളതെന്നും രോഗികളുടെ അവസ്ഥ കൂടുതല്‍ ദയനീയമാവുകയാണെന്ന് നടത്തിപ്പുകാര്‍ പറയുന്നു. ഇതുവരെ ജില്ലാ ഭരണകൂടം പ്രശ്നത്തില്‍ ഇടപെട്ടിട്ടില്ല. മാനസികാസ്വാസ്ഥ്യമുള്ളവരടക്കം പലരുടെയും നില അതീവ ഗുരുതരമാണ്. സഹായം അഭ്യര്‍ഥിച്ചിട്ടും സര്‍ക്കാര്‍ സംവിധാനങ്ങള്‍ തിരിഞ്ഞു നോക്കുന്നില്ലന്നും പരാതിയുണ്ട്. അനാഥരും മനോനില തകരാറിലായവരുമടക്കം 224 പേരാണ് ഇവിടെ അന്തേവാസികളായുളളത്. ഇതില്‍ തൊണ്ണൂറിലധികം പേര്‍ക്കാണ് നിലവില്‍ കോവിഡ് സ്ഥിരീകരിച്ചത്. ഒരു സ്ത്രീ അടക്കം അഞ്ച് പേര്‍ ഒരാഴ്ചക്കിടെ മരിച്ചു. രോഗം ബാധിച്ച പലരുടെയും നില അതീവ ഗുരുതരമാണ്.പൊതു ജനങ്ങളുടെയും സന്നദ്ധ സംഘടനകളുടെയും സഹായത്തോടെയാണ് നിലവില്‍ ഈ സ്ഥാപനം പ്രവര്‍ത്തിച്ചിരുന്നത്. എന്നാല്‍ ഇവിടെ കോവിഡ് വ്യാപനം രൂക്ഷമായതോടെ ഈ സഹായങ്ങള്‍ നിലച്ചു. സര്‍ക്കാര്‍ സംവിധാനങ്ങളും ഇവിടേക്ക് തിരിഞ്ഞ് നോക്കാതായതോടെ അന്തേവാസികള്‍ കടുത്ത പ്രതിസന്ധിയിലാണ്. കോവിഡ് രോഗികള്‍ക്ക് ആവശ്യമായ മരുന്ന് ആരോഗ്യ വകുപ്പും പഞ്ചായത്തും നല്‍കുന്നുണ്ട്. എന്നാല്‍ കോവിഡ് പ്രതിസന്ധിയില്‍ ഇവിടെത്തെ മറ്റ് രോഗികളുടെ ചികിത്സയും മുടങ്ങിയ സാഹചര്യമാണുള്ളത്. രണ്ടുവര്‍ഷമായി സര്‍ക്കാര്‍ ഗ്രാന്റ് കിട്ടാത്തതും പ്രശ്നം ഗുരുതരമാക്കി. സുമനസുകള്‍ സഹായവുമായി എത്തുമെന്ന പ്രതീക്ഷയില്‍ കാത്തിരിക്കുകയാണ് അഗതി മന്ദിരം നടത്തിപ്പുകാര്‍.