കോഴിക്കോട്- ഇന്നലെ കാസർക്കോട് ജില്ല കമ്മിറ്റിയിൽ കൂടി വാക്കേറ്റവും കയ്യാങ്കളിയും നടന്നതോടെ ഇന്ത്യൻ നാഷണൽ ലീഗിലെ സമവായ സാധ്യതകൾ അടയുന്നു. ഇരുവിഭാഗവും ഒന്നിച്ചു വന്നാൽ മാത്രമേ ഇനി ചർച്ചയ്ക്കുള്ളൂവെന്ന് കാന്തപുരം വിഭാഗം വ്യക്തമാക്കി. എറണാകുളത്ത് ചേർന്ന സംസ്ഥാന സമിതിയിലാണ് ആദ്യം ഇരുവിഭാഗവും തമ്മിൽ കയ്യാങ്കളി നടന്നത്. ഇതിന് പിന്നാലെ സംഘടന പിളർന്നു. ഒന്നിച്ചുപോയില്ലെങ്കിൽ ഇടതുമുന്നണിയിൽ സ്ഥാനമുണ്ടാകില്ലെന്ന് എൽ.ഡി.എഫ് മുന്നറിയിപ്പ് നൽകിയതോടെ കാന്തപുരം സമവായ ചർച്ചകൾക്കായി മുന്നോട്ടുവന്നു. പിളർപ്പിന് മുൻപത്തെ സ്ഥിതി തുടരണമെന്നതാണു കാന്തപുരം വിഭാഗം മുന്നോട്ടുവച്ച നിർദേശം. ചർച്ചയിൽ അൽപം പുരോഗതിയുണ്ടായെങ്കിലും വിട്ടുവീഴ്ചയ്ക്ക് ആരും തയാറായില്ല. കാസിം ഇരിക്കൂർ ജനറൽസെക്രട്ടറി സ്ഥാനത്ത് നിന്ന് മാറണമെന്നും പുറത്താക്കിയവരെ തിരിച്ചെടുക്കണമെന്നുമായിരുന്നു അബ്ദുൾ വഹാബിന്റ ആവശ്യം. ഇത് രണ്ടും കാസിം പക്ഷം തള്ളിയതോടെ ചർച്ച വഴിമുട്ടി.
കേരളത്തിലെത്തിയ ഐ.എൻ.എൽ ദേശീയ പ്രസിഡന്റ് പ്രഫ. മുഹമ്മദ് സുലൈമാനുമായി കാന്തപുരം വിഭാഗം ചർച്ച നടത്തിയെങ്കിലും പാർട്ടിയെ വെല്ലുവിളിച്ചു പോയ അബ്ദുൾ വഹാബ് മാപ്പ് പറഞ്ഞു തിരിച്ചുവരട്ടെയെന്നായിരുന്നു മറുപടി. ഇതോടെയാണ് ഇനി ഇരൂകൂട്ടരും ഒന്നിച്ച് വന്നിട്ടു ചർച്ച മതിയെന്ന നിലപാടിൽ കാന്തപുരം വിഭാഗവും എത്തിയത്.