കോഴിക്കോട്- മുസ്ലിം ലീഗിന്റെ വിദ്യാർഥി വിഭാഗം എം.എസ്.എഫിന്റെ പെൺകുട്ടികളുടെ സംഘടനയായ ഹരിതയെ പൂർണ്ണമായും മരവിപ്പിക്കാൻ നീക്കം. ഹരിതയെ ഒഴിവാക്കി എം.എസ്.എഫ് ഭാരവാഹിത്വത്തിലേക്ക് വിദ്യാർഥിനികളെ ഉൾപ്പെടുത്താനുള്ള ആലോചന ലീഗ് സംസ്ഥാന നേതൃത്വം ആരംഭിച്ചു. ഇത് അനുസരിച്ച് അടുത്ത സംസ്ഥാന കമ്മിറ്റിയിൽ വിദ്യാർഥിനികൾക്ക് കൂടുതൽ ഭാരവാഹിത്വം നൽകും. നിലവിലുള്ള ഭാരവാഹികളുടെ എണ്ണം കൂട്ടാനാണ് തീരുമാനം. വൈസ് പ്രസിഡന്റ്, ജോയിന്റ് സെക്രട്ടറി എന്നിവരുടെ എണ്ണം കൂട്ടും. വൈസ് പ്രസിഡന്റ്, ജോയിന്റ് സെക്രട്ടറി എന്നീ സ്ഥാനങ്ങളിൽ വിദ്യാർഥിനികളെ ഉൾപ്പെടുത്താനുള്ള ആലോചനയാണ് ലീഗിൽ പുരോഗമിക്കുന്നത്. പെൺകുട്ടികൾക്ക് മാത്രമായുള്ള സംഘടനയെ നിയന്ത്രിക്കാനാകുന്നില്ലെന്ന വിലയിരുത്തലിലാണ് ലീഗ്. അതേസമയം, ഇതിനെതിരെ ലീഗിൽനിന്ന് തന്നെ ഉയരുന്ന പ്രതിഷേധത്തെ എങ്ങിനെ ഇല്ലാതാക്കുമെന്ന ആലോചനയും ലീഗ് നടത്തുന്നുണ്ട്. ഹരിതയെ കഴിഞ്ഞ ദിവസം തന്നെ പൂർണമായും പിരിച്ചുവിടാൻ ലീഗ് നേതൃത്വം തത്വത്തിൽ തീരുമാനിച്ചിരുന്നുവെങ്കിലും ഇതിനെതിരെ പൊതുസമൂഹത്തിൽനിന്നടക്കം എതിർപ്പുയരുമെന്ന് കണ്ടതിനാലാണ് തീരുമാനം ഹരിതയെ മരവിപ്പിക്കുന്നതിലേക്ക് മാറ്റിയത്.