ഫുജൈറ- വീട്ടിനുള്ളിൽ തീപ്പിടിച്ചതിനെ തുടർന്ന് കിടപ്പുമുറിയിൽ ഉറങ്ങിക്കിടക്കുകയായിരുന്ന ഏഴു കുട്ടികൾ പുക ശ്വസിച്ച് മരിച്ചു. ഫുജൈറയിലെ റോൾ ദദ്‌ന മേഖലയിലെ വീട്ടിൽ തിങ്കളാഴ്ച പുലർച്ചെയാണ് ദുരന്തമുണ്ടായത്. കുട്ടികൾ ഉറങ്ങുകയായിരുന്ന മുറിയിലെ ഏസിയിൽ നിന്നാണ് തീപ്പിടിത്തമുണ്ടായത്. ഈ പുക വീട്ടിനുള്ളിലാകെ പരന്നപ്പോഴാണ് മറ്റുമുറികളിൽ ഉറങ്ങുകയായിരുന്നവർ ഉണർന്നത്. വീടിനു തീപ്പിടിച്ചെന്നും കുട്ടികൾ അകത്താണെന്നും മാതാവ് ഉടൻ പോലീസിനെ അറിയിക്കുകയായിരുന്നു. എന്നാൽ ഇതിനകം കുട്ടികളുടെ മരണം സംഭവിച്ചിരുന്നുവെന്ന് അധികൃതർ പറഞ്ഞു.
വിവരമറിഞ്ഞ് ദിബ്ബ ഫുജൈറയിൽ നിന്ന് അഗ്‌നിശമന സേനയും സുരക്ഷാ ഉദ്യോഗ്സ്ഥരും കുതിച്ചെത്തി. മുറിക്കകത്തു നിന്ന് ഏഴു കുട്ടികളുടേയും മൃതദേഹം പുറത്തെടുത്തു. 13നും അഞ്ചിനുമിടയിൽ പ്രായമുള്ള നാല് ആൺകുട്ടികളും മൂന്ന് പെൺകുട്ടികളുമാണ് മരിച്ചത്. തീപ്പിടിത്തമുണ്ടായി ഏറെ നേരത്തിനു ശേഷം പുക ശ്വസിച്ചാണ് കുട്ടികളുടെ മാതാവ് ഉണർന്നതെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായി. തീപ്പിടിത്തത്തിന്റെ യഥാർത്ഥ കാരണം അന്വേഷിച്ചു വരികയാണ് സുരക്ഷാ സേനാ തലവൻ മേജർ ജനറൽ മുഹമ്മദ് അഹമ്മദ് ബിൻ ഗാനിം അ്ൽ കഅബി അറിയിച്ചു.