കോഴിക്കോട്- എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് ഉൾപ്പെടെയുള്ളവർ സ്ത്രീവിരുദ്ധ പരാമർശനം നടത്തിയെന്ന ഹരിതാ നേതാക്കളുടെ പരാതിയിൽ നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ച് കാലിക്കറ്റ് സർവകലാശാലയിലെ എം.എസ്.എഫ് ഭാരവാഹികളെല്ലാവരും രാജിവെച്ചു. എം.എസ്.എഫ് കാലിക്കറ്റ് സർവകലാശാല ക്യാംപസ് കമ്മിറ്റിയാണ് രാജിവെച്ചത്.
ഹരിതാനേതാക്കളുടെ പരാതിയിൽ നടപടിയുണ്ടാകാത്ത സാഹചര്യത്തിൽ ക്യാമ്പസിലെ വിദ്യാർത്ഥികളെ അഭിമുഖീകരിക്കുന്നതിൽ ബുദ്ധിമുട്ട് നേരിടുന്നുണ്ടെന്നും അതുകൊണ്ട് തന്നെ ഈ നേതൃത്വത്തിന് കീഴിൽ പ്രവർത്തിക്കുന്നതിന് പ്രയാസമുണ്ടെന്നുമാണ് പ്രസ്താവനയിൽ പറയുന്നത്. ക്യാംപസ് കമ്മിറ്റി പ്രസിഡന്റ് അഡ്വ. വി. അനസ്, ജനറൽ സെക്രട്ടറി കെ.സി. അസറുദ്ധീൻ എന്നിവരുടെ പേരോട് കൂടിയ പ്രസ്താവനയാണ് പുറത്തുവന്നിരിക്കുന്നത്.
ഹരിത സംസ്ഥാന ജനറൽ സെക്രട്ടറി നജ്മ തബ്ഷീറക്കെതിരെ എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ. നവാസ് സ്ത്രീവിരുദ്ധ പരാമർശം നടത്തിയെന്നാണ് ഹരിത നേതാക്കളുടെ പരാതി.