കോഴിക്കോട്- ഹരിതയോട് മുസ്ലിം ലീഗ് നീതി കാണിച്ചില്ലെന്ന് എം.എസ്.എഫ് ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തെഹ്‌ലിയ. ഹരിത സംസ്ഥാന കമ്മിറ്റിയെ മരവിപ്പിച്ച തീരുമാനത്തോട് പ്രതികരിക്കുകയായിരുന്നു അവർ. ഹരിതയുമായി ബന്ധപ്പെട്ട ഇപ്പോഴത്തെ വിവാദങ്ങളിൽ വേദനയും പ്രതിഷേധവുമുണ്ട്. പാർട്ടിയിൽ പ്രതീക്ഷ കൈവിടുന്നില്ലെന്നും ഫാത്തിമ തെഹ്‌ലിയ പറഞ്ഞു. നിരന്തരമായ പ്രയാസങ്ങൾ കാരണമാണ് വനിതാ കമ്മീഷനെ സമീപിച്ചത്. വിഷയം പാർട്ടിയിൽ പറഞ്ഞിരുന്നു. മാസങ്ങൾ കഴിഞ്ഞിട്ടും അതിൽ നടപടിയെടുത്തിരുന്നില്ല. വ്യക്തിഹത്യ ചെയ്ത് ഞങ്ങളെ ഇനിയും ബുദ്ധിമുട്ടിക്കരുതെന്നും പാർട്ടി സംവിധാനത്തിൽ വിശ്വാസമുണ്ടെന്നും അവർ പറഞ്ഞു. നേതൃത്വം പറഞ്ഞ രണ്ടാഴ്ച കാത്തിരിക്കുമെന്നും സ്ത്രീകൾക്ക് പ്രവർത്തിക്കാൻ പറ്റാത്ത പാർട്ടിയല്ല മുസ്ലിം ലീഗെന്നും അവർ വ്യക്തമാക്കി. ഓരോ ലീഗ് നേതാക്കളെയും നേരിട്ട് പരാതി നൽകിയിരുന്നു. സാമൂഹിക മാധ്യമങ്ങൾ വഴി അപമാനിക്കാൻ ശ്രമിച്ചുവെന്നും ഫാത്തിമ തഹ്്‌ലിയ ആരോപിച്ചു.