കൊച്ചി- രണ്ടു ഡോസ് കോവാക്‌സിന്‍ സ്വീകരിച്ച ശേഷം ഇനി കോവിഷീല്‍ഡ് വാക്‌സിന്‍ കൂടി എടുക്കാന്‍ അനുവദിക്കണമെന്ന കണ്ണൂര്‍ സ്വദേശിയായ സൗദി പ്രവാസിയുടെ ആവശ്യം അംഗീകരിക്കാന്‍ കഴിയില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. രണ്ടു ഡോസ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് വീണ്ടും വാക്‌സിന്‍ നല്‍കാനാവില്ലെന്ന് കേന്ദ്രം കേരള ഹൈക്കോടതിയെ അറിയിച്ചു. സൗദിയിലേക്ക് മടക്കയാത്ര മുടങ്ങിയ കണ്ണൂര്‍ സ്വദേശി 50കാരന്‍ ഗിരികുമാര്‍ നേരത്തെ രണ്ട് ഡോസ് ഇന്ത്യന്‍ നിര്‍മിത വാക്‌സിനായ കോവാക്‌സിന്‍ എടുത്തിരുന്നു. എന്നാല്‍ ഇതിനു സൗദിയില്‍ അംഗീകാരമില്ലാത്തതിനാല്‍ ഇനി കോവിഷീല്‍ഡ് കൂടി എടുക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഗിരികുമാര്‍ ഹൈക്കോടതിയെ സമീപിച്ചത്. ഇതുസംബന്ധിച്ച് കോടതി കേന്ദ്രത്തിന്റെ മറുപടി തേടിയിരുന്നു.
രണ്ടു ഡോസിലേറെ വാക്‌സിന്‍ സ്വീകരിക്കുന്നവര്‍ക്ക് ആരോഗ്യ പ്രശ്‌നങ്ങളുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്രം ഇന്നലെ ഹൈക്കോടതിയെ അറിയിച്ചു. ഒരു വ്യക്തിക്ക് രണ്ടിലേറെ ഡോസ് നല്‍കാന്‍ ഇപ്പോള്‍ വഴികളൊന്നുമില്ല. മൂന്നാം ഡോസ് നല്‍കുന്നതു സംബന്ധിച്ച് രാജ്യാന്തര മാര്‍ഗനിര്‍ദേശങ്ങളും വന്നിട്ടില്ല. ഓവര്‍ഡോസ് എടുക്കുന്നത് ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കിയേക്കും. ഇതുസംബന്ധിച്ച് കൂടുതല്‍ പഠന ഫലങ്ങളും വന്നിട്ടില്ല. ഈ കേസില്‍ ഹര്‍ജിക്കാരന്റെ ആവശ്യം പരിഗണിക്കാനാവില്ല. ഇത് അംഗീകരിച്ചാല്‍ കൂടുതല്‍ പേര്‍ ഇതേ ആവശ്യവുമായി കോടതിയെ സമീപിക്കാനും ഇടയുണ്ട്- കേന്ദ്ര സര്‍ക്കാര്‍ മറുപടിയില്‍ ചൂണ്ടിക്കാട്ടി.
ഓഗസ്റ്റ് 30നകം സൗദിയില്‍ തിരിച്ചെത്തിയില്ലെങ്കില്‍ തന്റെ ജോലി നഷ്ടമാകുമെന്നും ഇതു പരിഗണിച്ച് മൂന്നാം ഡോസ് കോവിഷീല്‍ഡ് എടുക്കാന്‍ അനുവദിക്കണമെന്നുമാണ് ഗിരികുമാര്‍ കോടതിയില്‍ ആവശ്യപ്പെട്ടത്. ജനുവരിയിലാണ് ഗിരികുമാര്‍ സൗദിയില്‍ നിന്ന് നാട്ടിലെത്തിയത്. ഏപ്രില്‍ 17നാണ് കോവാക്‌സിന്‍ ആദ്യ ഡോസെടുത്തത്. പിന്നീട് രണ്ടാം ഡോസും സ്വീകരിച്ചു. ഇതിനു ശേഷമാണ് താന്‍ ഈ വാക്‌സിന് സൗദിയില്‍ അംഗീകാരമില്ലെന്ന കാര്യം അറിഞ്ഞതെന്നും ഗിരികുമാര്‍ പറഞ്ഞു. കോവാകിസന്‍ രാജ്യാന്തര തലത്തില്‍ അംഗീകാരമില്ലെന്ന് കാര്യം അധികൃതര്‍ മുന്‍കൂട്ടി അറിയിച്ചിരുന്നെങ്കില്‍ ഒരിക്കലും ഇതു സ്വീകരിക്കില്ലായിരുന്നുവെന്നും വിദേശ ജോലി അപകടത്തിലാക്കുമായിരുന്നില്ലെന്നും ഹര്‍ജിയില്‍ അദ്ദേഹം പറഞ്ഞു.