മലപ്പുറം- ലൈംഗികാധിക്ഷേപത്തെക്കുറിച്ച് പരാതിപ്പെട്ടതിനെ തുടര്‍ന്ന് എംഎസ്എഫിന്റെ വനിത വിഭാഗമായ ഹരിത കമ്മിറ്റി മരവിപ്പിക്കാനുള്ള മുസ്‌ലിം ലീഗ് തീരുമാനത്തിനെതിരെ പരോക്ഷ പ്രതികരണവുമായി ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തെഹലിയ. ഇഎംഎസ് അല്ല, ആണ്‍ അഹന്തക്കെതിരെ പോരാടിയ കെ ആര്‍ ഗൗരിയമ്മയാണ് തന്റെ ഹീറോ എന്നാണ് ഫാത്തിമ അഭിപ്രായപ്പെട്ടത്. ഫേസ്ബുക്ക് കുറിപ്പിലാണ് ലീഗ് നേതൃത്വത്തിനെതിരെ ഫാത്തിമയുടെ പരോക്ഷ വിമര്‍ശനം. ഫാത്തിമ തെഹലിയയുടെ കുറിപ്പ് ഇപ്രകാരമാണ്. ഇ എംഎസ് അല്ല, പാര്‍ട്ടിയിലെ പെണ്ണുങ്ങള്‍ തന്റെ ചൊല്‍പ്പടിക്ക് നില്‍ക്കണമെന്ന ഇ.എം.എസിന്റെ ആണ്‍ അഹന്തക്കെതിരെ പൊരുതിയ കെ.ആര്‍ ഗൗരി ആണെന്റെ ഹീറോ എന്നാണ് തെഹലിയ ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. ഫാത്തിമയെ അനുകൂലിച്ചും വിമര്‍ശിച്ചും നിരവധിപ്പേര്‍ രംഗത്തെത്തിയിട്ടുണ്ട്.
ഫാത്തിമ ഇന്ന് മാധ്യമങ്ങളെ കാണുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. സ്ത്രീത്വത്തെ അപമാനിച്ച എംഎസ്എഫ് നേതാക്കള്‍ക്കെതിരെ പരാതിപ്പെട്ട ഹരിത സംസ്ഥാന കമ്മിറ്റിയെ മരവിപ്പിക്കാന്‍ മുസ്ലീംലീഗ് നേതൃത്വം തീരുമാനിച്ചിരുന്നു. വിവാദങ്ങള്‍ പൊതുസമൂഹത്തില്‍ എത്തിച്ച് ഗുരുതരമായ അച്ചടക്ക ലംഘനം നടത്തിയെന്നതാണ് ഹരിതക്കെതിരെ നടപടിയെടുക്കാന്‍ ലീഗ് നേതൃത്വം കണ്ടെത്തിയ കാരണം.
ഹരിതക്കെതിരായ നടപടിയില്‍ പ്രതിഷേധിച്ച് എംഎസ്എഫ് സംസ്ഥാന സീനിയര്‍ വൈസ് പ്രസിഡന്റ് എ പി അബ്ദുസമദ് രാജിവച്ചു. കൂടുതല്‍ പേര്‍ രാജിക്കൊരുങ്ങുന്നതായി റിപ്പോര്‍ട്ടുണ്ട്. അതിനിടെ ഏതാനും ഹരിത നേതാക്കള്‍ ഇന്ന് മാധ്യമങ്ങളെ കണ്ടേക്കുമെന്നും സൂചനയുണ്ട്. 'ഹരിത' നേതാക്കളെ അപമാനിച്ചെന്ന പരാതിയില്‍ സംസ്ഥാന പ്രസിഡന്റ് പി കെ നവാസ് ഉള്‍പ്പെടെ രണ്ടുപേര്‍ക്കെതിരെ കോഴിക്കോട് കോഴിക്കോട് വെള്ളയില്‍ പോലീസ് കേസെടുത്തിട്ടുണ്ട്.