ഖത്തര്‍ ലോകകപ്പ്: കവചമൊരുക്കാന്‍ ഇന്ത്യന്‍ സുരക്ഷാ വിദഗ്ധര്‍ക്കും ക്ഷണം

ന്യൂദല്‍ഹി- ഖത്തറില്‍ നടക്കാനിരിക്കുന്ന 2022-ലെ ഫിഫ ലോകകപ്പ് ഫൂട്‌ബോള്‍ മല്‍സരങ്ങള്‍ക്ക് സുരക്ഷാ കവചമൊരുക്കുന്നതന് ആവശ്യമായ സഹായം നല്‍കാന്‍ ഈ രംഗത്തു വൈദഗ്ധ്യം തെളിയിച്ച ഇന്ത്യയിലെ വിവിധ സുരക്ഷാ ഏജന്‍സികളിലെ ഉദ്യോഗസ്ഥര്‍ക്ക് ക്ഷണം.

2008-ലെ മുംബൈ ഭീകരാക്രണം കൈകാര്യം ചെയ്ത സുരക്ഷാ ഉദ്യോഗസ്ഥരേയും ഐപിഎല്‍ ക്രിക്കറ്റ് മത്സരങ്ങള്‍ക്ക് സുരക്ഷയൊരുക്കിയ ഏജന്‍സികളിലെ ഉദ്യോഗസ്ഥരേയും ഖത്തര്‍ ലോകകപ്പിലും ഉപയോഗപ്പെടുത്താനാണ് സംഘാടകരുടെ ശ്രമം. മാര്‍ച്ചില്‍ ദോഹയില്‍ നടക്കുന്ന സുരക്ഷാ സെമിനാറില്‍ പങ്കെടുക്കാനായി രാജ്യത്തിന്റെ വിവിധയിടങ്ങലില്‍ നിന്ന് തെരഞ്ഞെടുക്കുന്ന 20 ഉന്നത ഐപിഎസ് ഓഫീസര്‍മാരെ ആഭ്യന്തര മന്ത്രാലയം അയക്കും.

2022 ലോകകപ്പിനു മുന്നോടിയായുള്ള സുരക്ഷാ വിദഗ്ധരുടെ സുപ്രധാന സമ്മേളനമാണിത്. ഖത്തറില്‍ നിന്നും ഫിഫയില്‍ ക്ഷണം ലഭിച്ചിട്ടുണ്ടെന്നും ഇതനുസരിച്ച് ഉദ്യോഗസ്ഥരെ നാമനിര്‍ദേശം ചെയ്യാന്‍ സംസ്ഥാനങ്ങള്‍ക്ക് അറിയിപ്പ് നല്‍കിയിട്ടുണ്ടെന്നും ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 

ഭീകരാക്രമണങ്ങള്‍ കൈകാര്യ ചെയ്തവര്‍, ഐപിഎല്‍, ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ മത്സരങ്ങള്‍, ദേശീയ ഗെയിംസ്, കഴിഞ്ഞ വര്‍ഷം നടന്ന ഫിഫ അണ്ടര്‍ 17 ലോക കപ്പ് ഫുട്‌ബോള്‍ തുടങ്ങിയവയുടെ സുരക്ഷാ ചുമതലകള്‍ വഹിച്ചവര്‍ക്കാണ് മുന്‍ഗണന നല്‍കുക. എസ്പി, ഡിഐജി റാങ്കിലുള്ള ഉദ്യോഗസ്ഥരെ നാമനിര്‍ദേശം ചെയ്യാനാണ് മഹാരാഷ്ട്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. ദല്‍ഹി, രാജസ്ഥാന്‍, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളോട് ഐപിഎസ് ഉദ്യോഗസ്ഥരെ അയക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. അന്താരാഷ്ട്ര തലത്തില്‍ പ്രവര്‍ത്തിച്ച് പരിചയമുള്ള ഉദ്യോഗസ്ഥരെ നാമനിര്‍ദേശം ചെയ്യാന്‍ ഇന്റലിജന്‍സ് ബ്യൂറോ(ഐ.ബി)യോടും ആവശ്യപ്പെട്ടിട്ടുണ്ട്.

Latest News