കോട്ടയം - വാകത്താനത്തെ വീട്ടമ്മയുടെ ഫോണ്‍ വിളി ശല്യ പ്രശ്‌നത്തില്‍ മുഖ്യമന്ത്രിവരെ ഇടപെട്ടിരിക്കെ കൂടുതല്‍ സമാന സംഭവങ്ങള്‍ പുറത്തുവരുന്നു. കോട്ടയം നഗരസഭാ ഓഫീസിലെ സന്ദര്‍ശക ഡയറിയില്‍ ഫോണ്‍ നമ്പര്‍ എഴുതിയ വീട്ടമ്മ ഒടുവില്‍ പോലീസ് സഹായത്താലാണ് രക്ഷപ്പെട്ടത്്.
കോട്ടയം നഗരസഭയുടെ കുമാരനല്ലൂര്‍ മേഖലാ ഓഫീസിലെ സന്ദര്‍ശക ഡയറിയില്‍ കോവിഡ് മാനദണ്ഡപ്രകാരം ഫോണ്‍ നമ്പര്‍ എഴുതിപ്പോയതാണ് വിനയായത്്. ഇതോടെ വിളിയായി. ഈ ഫോണിലേക്കുള്ള വിളി അവസാനിപ്പിക്കാന്‍ അവസാനം പോലീസിനെ ആശ്രയിക്കേണ്ടി വന്നു. കോവിഡ് മാനദണ്ഡപ്രകാരം, സന്ദര്‍ശകര്‍ ഫോണ്‍ നമ്പര്‍ എഴുതണമെന്ന നിര്‍ദേശം അനുസരിച്ചതാണ്. എഴുതി മണിക്കൂറുകള്‍ക്കുള്ളില്‍ ഫോണ്‍ വിളി വന്നു. നിക്ഷേപത്തിന് ഉയര്‍ന്ന പലിശ വാഗ്ദാനം ചെയ്ത് മാന്യമായി സംസാരിച്ചായിരുന്നു തുടക്കം. പിന്നെ സ്വഭാവവും സംസാര രീതിയും മാറി.
വീട്ടമ്മയുടെ കുടുംബ വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. ഭര്‍ത്താവ് ജീവിച്ചിരിപ്പില്ലെന്ന് അറിഞ്ഞതോടെ നിരന്തരം വിളിയെത്തി. സംഭാഷണത്തിന്റെ സ്വഭാവം ക്രമേണ മാറി വന്നു. വീട്ടമ്മ പോലീസില്‍ പരാതി നല്‍കി. പോലീസ് ഒരു തവണ വിളിച്ചതോടെ ഫോണ്‍ നമ്പര്‍ ഓഫായി. വ്യാജ വിലാസത്തിലെടുത്ത ഫോണ്‍ നമ്പറാണെന്നു പോലീസ് കണ്ടെത്തി. പിന്നീട് ഫോണ്‍ വഴിയുള്ള ശല്യം ഉണ്ടായിട്ടില്ല.
പാമ്പാടിയിലെ വീട്ടമ്മയ്ക്ക് അബദ്ധത്തില്‍ വന്ന ഫോണ്‍ കോള്‍ ഒടുവില്‍ പോക്‌സോ കേസില്‍ എത്തി. ഇന്റര്‍നെറ്റ് കോളായിരുന്നു വന്നത്. വിദേശത്തുള്ള ബന്ധുവാണെന്നു കരുതി വീട്ടമ്മ സംസാരിച്ചു. മറുതലയ്ക്കലുള്ള ആള്‍ വിദേശത്തുള്ള ബന്ധുവായി അഭിനയിക്കുകയും ചെയ്തു. ഇയാള്‍ വീണ്ടും വിളിച്ചപ്പോള്‍ 11 വയസുള്ള മകളാണ് ഫോണെടുത്തത്. കുട്ടിയുമായി പരിചയത്തിലായതോടെ ഓണ്‍ലൈന്‍ ക്ലാസ് സമയത്ത് ഇയാള്‍ പതിവായി വിളിച്ചുതുടങ്ങി.
കുട്ടിയുടെ ഫോട്ടോകള്‍ കൈക്കലാക്കി. ഇതു വീട്ടിലേക്ക് അയച്ചുകൊടുത്ത് പണം ആവശ്യപ്പെട്ടതോടെയാണ് വീട്ടുകാര്‍ സംഭവം അറിയുന്നത്. നെറ്റ് കോള്‍ വന്നതിനാല്‍ ലൊക്കേഷന്‍ കണ്ടെത്താന്‍ പോലീസ് ഏറെ ബുദ്ധിമുട്ടിയെങ്കിലും സൈബര്‍ സെല്‍ സഹായത്തോടെ മലേഷ്യയില്‍ നിന്നു പ്രതിയെ ചെന്നൈയില്‍ വിളിച്ചു വരുത്തി അറസ്റ്റ് ചെയ്തു. വര്‍ക്കല സ്വദേശിയാണ് അറസ്റ്റിലായത്.
കോട്ടയം വാകത്താനം സ്വദേശിയായ വീട്ടമ്മയുടെ ഫോണ്‍ നമ്പര്‍ ലൈംഗീക തൊഴിലാളിയുടേതെന്ന പേരിലാണ് പ്രചരിപ്പിച്ചത്്. വീട്ടമ്മയുടെ ഫോണ്‍ നമ്പര്‍ ചില സാമൂഹ്യ വിരുദ്ധര്‍ പ്രചരിപ്പിച്ചതോടെയാണ് ദുരിതം തുടങ്ങിയത്. കുടുംബം പോറ്റാനായി തുന്നല്‍ ജോലി ചെയ്യുന്ന വീട്ടമ്മയുടെ മൊബൈലിലേക്ക് രാവും പകലും ഫോണ്‍ വിളികളെത്തി. ശല്യം സഹിക്കാനാകാതെ വീട്ടമ്മ പോലീസില്‍ പരാതി നല്‍കിയെങ്കിലും ഫോണ്‍ നമ്പര്‍ മാറ്റാനായിരുന്നു നിര്‍ദേശം. ഒടുവില്‍ സഹികെട്ട് മുഖ്യമന്ത്രിക്ക് പരാതി നല്‍കി. മുഖ്യമന്ത്രി വിഷയത്തില്‍ ഇടപെട്ടതോടെ വീട്ടമ്മയുടെ ഫോണിലേക്ക് നിരന്തരം വിളിച്ച് ശല്യം ചെയ്തവരെ പോലീസ് പിടികൂടി.