Sorry, you need to enable JavaScript to visit this website.

ശുചിത്വമില്ലാതെ ബസുകളിൽ കയറാൻ വിലക്ക്

റിയാദ് - വൃത്തിയാക്കാത്ത വസ്ത്രങ്ങളുമായി പൊതുഗതാഗത സംവിധാനങ്ങളിൽ കയറുന്നവരെ വിലക്കാൻ അനുശാസിക്കുന്ന പുതിയ കരടു നിയമാവലി പൊതുഗതാഗത അതോറിറ്റി തയാറാക്കി. ബസ് സ്റ്റേഷനുകളിൽ സ്ഥാപിച്ച ബാരിക്കേഡുകൾ മറികടക്കുന്നവർ, യാത്രക്കാർക്ക് കാത്തുനിൽക്കാൻ നിശ്ചയിച്ച വരികൾ മറികടക്കുന്നവർ, ബസുകളിലും സ്റ്റേഷനുകളിലും വൃത്തിഹീനമായതും സഭ്യതക്ക് നിരക്കാത്തതുമായ വസ്ത്രങ്ങൾ ധരിച്ച് പ്രവേശിക്കുന്നവർ, ദുർഗന്ധം വമിക്കുന്ന വസ്ത്രങ്ങൾ ധരിച്ചവർ, ബസുകളിലും സ്റ്റേഷനുകളിലും അനുബന്ധ സൗകര്യങ്ങളിലും മാലിന്യങ്ങൾ വലിച്ചെറിയുന്നവർ, തുപ്പുന്നവർ, അനുമതി കൂടാതെ മറ്റു യാത്രക്കാരുടെ ഫോട്ടോകൾ എടുക്കുന്നവർ-വീഡിയോ ചിത്രീകരിക്കുന്നവർ എന്നിവർക്ക് ബസുകളിൽ പ്രവേശനം വിലക്കാൻ നിയമാവലി അനുശാസിക്കുന്നു. 
വികലാംഗർക്ക് പ്രത്യേക ടിക്കറ്റ് ഇളവുകൾ നൽകാൻ ബസ് കമ്പനികളെ നിർബന്ധിക്കുന്നതിനെ കുറിച്ച് അതോറിറ്റി പഠിക്കുന്നുണ്ട്. വികലാംഗർക്കുള്ള പ്രത്യേക സൗകര്യങ്ങൾ പ്രയോജനപ്പെടുത്തുന്നതിന് അവരിൽ നിന്ന് അധിക നിരക്കുകൾ ഈടാക്കുന്നതിനും വിലക്കുണ്ട്. വികലാംഗർക്ക് ആവശ്യമായ സൗകര്യങ്ങളും സജ്ജീകരണങ്ങളും ഗതാഗത സംവിധാനങ്ങളിൽ കമ്പനികൾ ഏർപ്പെടുത്തൽ നിർബന്ധമാണ്. ഇത്തരം സേവനങ്ങൾ വികലാംഗർക്ക് നിഷേധിക്കാൻ കമ്പനികൾക്ക് അവകാശമില്ല. 
ഗതാഗത സംവിധാനങ്ങളിൽ മൃഗങ്ങളെ ഒപ്പം കൂട്ടാൻ യാത്രക്കാർക്ക് കരടു നിയമാവലി അനുവാദം നൽകുന്നു. പ്രത്യേക സ്ഥലം നീക്കിവെച്ചിട്ടുണ്ടെങ്കിൽ അവിടങ്ങളിലാണ് മൃഗങ്ങളെ സൂക്ഷിക്കേണ്ടത്. യാത്രക്കാർക്കൊപ്പമുള്ള ഇത്തരം മൃഗങ്ങൾ മറ്റു യാത്രക്കാർക്ക് പ്രയാസം സൃഷ്ടിക്കാനോ വാഹനത്തിനകത്ത് സഞ്ചാരം തടസ്സപ്പെടുത്താനോ വാഹനം സുരക്ഷിതമായി പ്രവർത്തിപ്പിക്കുന്നതിന് ബുദ്ധിമുട്ടുണ്ടാക്കാനോ പാടില്ലെന്ന് വ്യവസ്ഥയുണ്ട്. 
അന്ധന്മാർക്ക് തങ്ങളുടെ വഴികാട്ടിയെന്നോണം മൃഗങ്ങളെ വാഹനങ്ങളിൽ ഒപ്പം കൊണ്ടുപോകുന്നതിനും അനുമതിയുണ്ട്. ചെറിയ വളർത്തു മൃഗങ്ങളെ ഒപ്പം കൂട്ടാനും യാത്രക്കാർക്ക് അനുമതിയുണ്ട്. ഇത്തരം മൃഗങ്ങളെ ഗതാഗത ആവശ്യാർഥമുള്ള പ്രത്യേക കൂടുകളിലാണ് സൂക്ഷിക്കേണ്ടതെന്ന് കരടു നിയമാവലി പറയുന്നു.
 

Tags

Latest News