റിയാദ് - ഗതാഗത, ലോജിസ്റ്റിക് സര്‍വീസസ് മന്ത്രാലയത്തിനു കീഴിലെ റോഡുകളിലെ തകരാറുകള്‍ മൂലം വാഹനങ്ങള്‍ കേടാകുന്ന പക്ഷം ഉടമകള്‍ക്ക് നഷ്ടപരിഹാരത്തിന് അവകാശമുള്ളതായി മന്ത്രാലയം വ്യക്തമാക്കി. റോഡുകളിലെ തകരാറുകള്‍ മൂലം വാഹനങ്ങള്‍ കേടാകുന്ന പക്ഷം അഞ്ചു നടപടികളാണ് ഉടമകളും ബന്ധപ്പെട്ട വകുപ്പുകളും സ്വീകരിക്കേണ്ടത്. കേടുപാടുകള്‍ സംഭവിച്ചതിനു സമീപം, വാഹന ഗതാഗതത്തിന് തടസ്സമുണ്ടാക്കാത്ത നിലക്ക് സുരക്ഷിതമായ സ്ഥലത്ത് വാഹനം നിര്‍ത്തി ഹൈവേ സുരക്ഷാ സേനയിലോ ട്രാഫിക് പോലീസിലോ ബന്ധപ്പെടുകയാണ് ആദ്യം വേണ്ടത്.
റോഡിലെ തകരാറുകള്‍ മൂലം വാഹനത്തിന് സംഭവിച്ച കേടുപാടുകളും ഇതിന് ഇടയാക്കിയ കാരണങ്ങളും വ്യക്തമാക്കിയുള്ള റിപ്പോര്‍ട്ട് ഹൈവേ സുരക്ഷാ സേനയോ ട്രാഫിക് പോലീസോ നല്‍കും. ഈ റിപ്പോര്‍ട്ട് ആ പ്രവിശ്യയിലെ ഗതാഗത, ലോജിസ്റ്റിക് സര്‍വീസസ് മന്ത്രാലയ ശാഖക്ക് ഹൈവേ സുരക്ഷാ സേനയോ ട്രാഫിക് പോലീസോ അയക്കുകയും ചെയ്യും. ഇതിനു ശേഷം മന്ത്രാലയ ശാഖ ക്ലെയിം പഠിക്കുകയും അപകട കാരണത്തെ കുറിച്ച് അന്വേഷണം നടത്തുകയും ചെയ്യും. ക്ലെയിം സ്ഥിരീകരിക്കപ്പെട്ടാല്‍ ആ റോഡിന്റെ നിര്‍മാണ കരാറേറ്റെടുത്ത കരാറുകാരന് ക്ലെയിം കൈമാറുകയും ക്ലെയിം പ്രകാരമുള്ള നഷ്ടപരിഹാരം വാഹന ഉടമക്ക് വിതരണം ചെയ്യാന്‍ കരാറുകാരനോട് ഹൈവേ സുരക്ഷാ സേനയെയോ ട്രാഫിക് പോലീസിനെയോ സമീപിക്കാന്‍ ആവശ്യപ്പെടുകയുമാണ് ചെയ്യുക.
റോഡുകള്‍ ഉപയോഗിക്കുന്നവരുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ മന്ത്രാലയം നടത്തുന്ന ശ്രമങ്ങളുടെ ഭാഗമായാണ് റോഡുകളിലെ തകരാറുകള്‍ മൂലം കേടുപാടുകള്‍ സംഭവിക്കുന്ന വാഹനങ്ങളുടെ ഉടമകള്‍ക്ക് നഷ്ടപരിഹാരം ലഭ്യമാക്കുന്നത്. റോഡുകളുടെ ഗുണനിലവാരത്തിന്റെ കാര്യത്തില്‍ ആഗോള തലത്തില്‍ ആറാം സ്ഥാനത്ത് എത്താനും റോഡുകളില്‍ വാഹനാപകടങ്ങള്‍ മൂലമുണ്ടാകുന്ന മരണങ്ങള്‍ 50 ശതമാനത്തിലേറെ കുറക്കാനും ലക്ഷ്യമിടുന്ന ദേശീയ ഗതാഗത, ലോജിസ്റ്റിക് സര്‍വീസസ് തന്ത്രത്തിന്റെ ലക്ഷ്യങ്ങള്‍ കൈവരിക്കാനുള്ള പദ്ധതിക്കും പ്രോഗ്രാമുകള്‍ക്കും അനുസൃതമായാണ് മന്ത്രാലയം പ്രവര്‍ത്തിക്കുന്നത്.