മലപ്പുറം-എം.എസ്.എഫ് നേതാക്കള്‍ക്കെതിരെ സംസ്ഥാന വനിതാ കമ്മീഷനില്‍ പരാതി നല്‍കിയ സംഭവത്തെ തുടര്‍ന്ന് ഹരിത സംസ്ഥാന കമ്മിറ്റി മരവിപ്പിച്ചു. ആരോപണ വിധേയരായ എം.എസ്.എഫ് നേതാവ് പി.കെ. നവാസ് അടക്കമുളള നേതാക്കളോട് വിശദീകരണം തേടി. രണ്ടാഴ്ചക്കകം വിശദീകരണം നല്‍കണം. മുസ്്‌ലിം ലീഗ് ജനറല്‍സെക്രട്ടറി പി.എം.എ സലാം വാര്‍ത്താക്കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്.
ഹരിതനേതാക്കള്‍ക്കെതിരെ നടപടി എടുക്കരുതെന്ന് മുസ്ലിം ലീഗില്‍ ഒരു വിഭാഗം ആവശ്യപ്പെട്ടിരുന്നു. ഇ.ടി മുഹമ്മദ് ബഷീര്‍, കുട്ടി അഹമ്മദ് കുട്ടി, എം.കെ മുനീര്‍, കെ.പി.എ മജീദ് തുടങ്ങിയവരാണ് നടപടി എടുക്കരുതെന്ന് ആവശ്യപ്പെട്ടത്. നടപടിയെടുത്താല്‍ അത് ലീഗിന്റെ പ്രതിച്ഛായ തകര്‍ക്കുമെന്ന് നേതാക്കള്‍ മുന്നറിയിപ്പ് നല്‍കി. അതേസമയം, എം.എസ്.എഫ് നേതാക്കള്‍ക്കെതിരെ നല്‍കിയ പരാതി ഇന്ന് രാവിലെ പത്തു മണിക്കകം പന്‍വലിക്കണമെന്ന് ലീഗ് നേതൃത്വം ആവശ്യപ്പെട്ടിരുന്നു.
കേസ് പിന്‍വലിക്കാതെ വിശദമായ ചര്‍ച്ച നടത്താന്‍ കഴിയില്ലെന്നാണ് ലീഗ് നേതൃത്വത്തിന്റെ നിലപാട്. പാണക്കാട് ചേര്‍ന്ന യോഗത്തിലാണ് പരാതി പിന്‍വലിക്കാനുള്ള നിര്‍ദേശം ലീഗ് നേതൃത്വം മുന്നോട്ടുവെച്ചത്. പാര്‍ട്ടിക്കുള്ളില്‍ പറഞ്ഞു തീര്‍ക്കേണ്ട പ്രശ്‌നങ്ങള്‍ വനിതാ കമ്മിഷനിലേക്കും പൊതുജനങ്ങളിലേക്കും എത്തിച്ചത് അച്ചടക്കലംഘനമാണെന്ന അഭിപ്രായമാണ് ലീഗ് നേതൃത്വത്തിനുള്ളത്.
എം.എസ്.എഫ് നേതാക്കള്‍ മാനസികമായി പീഢിപ്പിക്കുകയും അപമാനകരമായി സംസാരിക്കുന്നതും ചെയ്തതായി ചൂണ്ടിക്കാട്ടിയാണ് സംഘടനയുടെ തന്നെ വനിതാവിഭാഗമായ ഹരിതയുടെ നേതാക്കള്‍ വനിതാ കമ്മീഷനില്‍ പരാതി നല്‍കിയത്.പാര്‍ട്ടി നേതൃത്വത്തോട് നേരത്തെ പരാതിപ്പെട്ടിരുന്നെങ്കിലും നടപടിയുണ്ടാകാതിരുന്നതിനെ തുടര്‍ന്നാണ് വനിതാ കമ്മീഷനെ സമീപിച്ചതെന്നാണ് പരാതിക്കാരുടെ വിശദീകരണം. നേതാക്കള്‍ക്കെതിരെ വ്യക്തിപരമായി നടപടി എടുക്കുന്നതിന് പകരം സംസ്ഥാന കമ്മിറ്റി ഒ്ന്നടങ്കം മരവിപ്പിക്കുകയായിരുന്നു.