Sorry, you need to enable JavaScript to visit this website.

മാലദ്വീപില്‍ ഇറക്കിയില്ല, 194 യാത്രക്കാരുമായി വിമാനം കൊച്ചിയില്‍ തിരിച്ചിറക്കി

നെടുമ്പാശ്ശേരി- കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്നും മാലദ്വീപ് വഴി സൗദി അറേബ്യയിലേ്ക്ക് കൊണ്ടുപോയ 194 യാത്രക്കാരെ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ തിരിച്ചറിക്കി. ഗോ എയര്‍ വിമാനത്തില്‍ പ്രത്യേക പാക്കേജ് സംവിധാനം മുഖേന ഏജന്‍സി വഴി പോയ യാത്രക്കാരാണ് മാലദ്വീപ് വഴി സൗദി അറേബ്യയിലേക്ക് പോകുവാന്‍ കഴിയാതെ വഞ്ചിക്കപ്പെട്ടത്.
തിങ്കളാഴ്ച രാവിലെ 9.10 നാണ് ഈ വിമാനം 194 യാത്രക്കാരുമായി മാലിക്ക് പുറപ്പെട്ടത്. രാത്രി 11.30 ന് ഇതേ വിമാനം കൊച്ചി അന്താരാഷ്ട്ര വിമാനത്തില്‍ തിരിച്ചിറക്കി.
നേരിട്ട് സൗദി അറേബ്യയിലേക്ക് പോകുവാന്‍ കഴിയാത്തതുകൊണ്ടാണ്  ഏജന്‍സിയുടെ നേതൃത്വത്തില്‍ മാലദ്വീപ് വഴി കൊണ്ടുപോകാമെന്ന് യാത്രക്കാരോട് പറഞ്ഞിരുന്നത്. എന്നാല്‍ ഇവിടെ വന്നിറങ്ങുന്നവര്‍ സൗദി അറേബ്യയിലേക്ക് പുറപ്പെടുന്നതിന് മുന്‍പ് 14 ദിവസം ഹോട്ടല്‍ ക്വാറന്റൈനില്‍ കഴിയണമെന്ന് നിബന്ധനയുണ്ട്. ഏജന്‍സി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നു കൊണ്ടുപോയ 194 യാത്രക്കാര്‍ക്ക് മാലിയില്‍ ഹോട്ടല്‍ ക്വാറന്റൈന്‍ സൗകര്യം ഒരുക്കിയിരുന്നില്ല. ഇതുകൊണ്ടാണ് യാത്രക്കാര്‍ക്ക് തിരിച്ച് പോരേണ്ടി വന്നത്. യാത്രക്കാര്‍ വഞ്ചിക്കപ്പെടുകയായിരുന്നു. യാത്രക്കാരില്‍നിന്നു വന്‍ തുക വാങ്ങിയാണ് പ്രത്യേക പാക്കേജ് സംവിധാനത്തില്‍ മാലി വഴി സാദി അറേബ്യയിലേക്ക് കൊണ്ടുപോയത്. പോയ യാത്രക്കാരില്‍ അധികപേരും വിസ കാലാവധി കഴിയുന്നതിനു മുന്‍പ് ജോലിക്ക് കയറുന്നതിനു വേണ്ടിയാണ് വന്‍തുക കൊടുത്ത് പ്രത്യേക പാക്കേജ് സംവിധാനത്തില്‍ പോകുവാന്‍ ശ്രമിച്ചത്. തിരിച്ച് വന്ന 194 യാത്രക്കാരെയും നെടുമ്പാശ്ശേരിയിലേ വിവിധ ഹോട്ടലുകളില്‍ താമസിപ്പിച്ചിരിക്കുകയാണ്. അടുത്ത ദിവസം തന്നെ കൊണ്ടു പോകുമെന്നാണ് അറിയിച്ചിരിക്കുന്നത്.

 

Latest News