കോഴിക്കോട്- എം.എസ്.എഫ് നേതാക്കള്‍ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയതിനെതിരെ വനിതാ കമ്മീഷനു നല്‍കിയ പരാതി സംബന്ധിച്ച നിലപാടില്‍ ഹരിത നേതാക്കള്‍ ഉറച്ചുനിന്നതോടെ സംഘടനയെ പിരിച്ചു വിടാനൊരുങ്ങി മുസ്‌ലിം ലീഗ്. പ്രശ്‌ന പരിഹാരത്തിന് ലീഗ് നേതൃത്വം നടത്തിയ ചര്‍ച്ചയില്‍ ഹരിത നേതാക്കള്‍ വിട്ടുവീഴ്ചയ്ക്ക് തയാറാകാത്തതാണ് പാര്‍ട്ടിയെ ചൊടിപ്പിച്ചതെന്നാണ് വിവരം. വനിതാ കമ്മീഷനു നല്‍കിയ പരാതി പിന്‍വലിക്കണമെന്നാണ് ലീഗിന്റെ ആവശ്യം. ശേഷം എംഎസ്എഫ് നേതാക്കള്‍ക്കെതിരായ നടപടിയെ കുറിച്ച് ആലോചിക്കാമെന്ന് ലീഗ് നേതൃത്വം പരാതിക്കാരായ ഹരിത നേതാക്കളെ അറിയിച്ചു. എന്നാല്‍ പാര്‍ട്ടി ഇവര്‍ക്കെതിരെ നടപടി സ്വീകരിച്ചാല്‍ പരാതി പിന്‍വലിക്കാമെന്ന നിലപാടില്‍ ഹരിത ഉറച്ചു നില്‍ക്കുകയായിരുന്നു.
ഹരിത നേതാക്കള്‍ മുനവറലി ശിഹാബ് തങ്ങളുമായി ചര്‍ച്ച നടത്തിയെങ്കിലും നിലപാടില്‍ നിന്ന് പിന്നോട്ടു പോകാന്‍ തയാറായില്ല. ഇതോടെയാണ് ഹരിതയെ പിരിച്ചു വിടുന്ന കാര്യം സജീവ ചര്‍ച്ചയായത്. പ്രശ്‌ന പരിഹാരത്തിനിടെ വനിതാ കമ്മീഷനില്‍ പരാതി നല്‍കിയത് അച്ചടക്ക ലംഘനമാണെന്ന് നേരത്തെ ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം പറഞ്ഞിരുന്നു. അച്ചടക്ക ലംഘനത്തിന് ഹരിതയ്‌ക്കെതിരെ നടപടിയെടുക്കണമെന്ന് എംഎസ്എഫും പാര്‍ട്ടിയോട് ആവശ്യപ്പെട്ടിരുന്നു. കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍, വയനാട്, കാസര്‍കോട്, പാലക്കാട് ജില്ലകളിലാണ് ഹരിത പ്രവര്‍ത്തനം ഉള്ളത്. സംസ്ഥാന തലത്തിലും ജില്ലാ തലങ്ങളിലും ഇനി ഹരിതയുടെ പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ പാര്‍ട്ടി നിര്‍ദേശിച്ചതായാണ് സൂചന.