മലപ്പുറം- പെൺകുട്ടികൾക്ക് മുസ്്‌ലിം ലീഗിൽ മതിയായ അവസരങ്ങളുണ്ടെന്നും കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ ഇക്കാര്യം ബോധ്യമാണെന്നും എം.എസ്.എഫ് വനിതാ വിഭാഗമായ ഹരിതയുടെ മലപ്പുറം ജില്ലാ പ്രസിഡന്റ് അഡ്വ. തൊഹാനി. ഫെയ്‌സ്ബുക്ക് പോസ്റ്റിലാണ് തൊഹാനി ഇക്കാര്യം പറഞ്ഞത്.
ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:
ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ ഭാഗമാകുക വഴി ആ സംഘടനയുടെ വ്യവസ്ഥകൾ കൂടി നമ്മൾ സ്വമേധയാ അംഗീകരിക്കുകയാണ്.
പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യാൻ എല്ലാ പ്രസ്ഥാനങ്ങൾക്കും അതിന്റേതായ സംവിധാനവും രീതികളും ഉണ്ട്. ആ സംവിധാനങ്ങളും രീതികളും കൂടി അംഗീകരിക്കുന്ന കാലത്തോളമേ നമ്മൾ ആ പ്രസ്ഥാനത്തിന്റെ ഭാഗമായിരിക്കൂ.
പ്രസ്ഥാനം പരിഗണിച്ചുകൊണ്ടിരിക്കുന്ന ഒരു വിഷയത്തിൽ വനിതാ കമ്മീഷനും പൊലീസും കൂടി ഇടപെടണമെന്ന് വന്നാൽ അത് ബ്ലാക് മെയിലിംഗാണ്. സംഘടനാ നേതൃത്വത്തെ ഗൺ പോയിന്റിൽ നിർത്തലാണ്. ജൻഡർ ജസ്റ്റിസ് പറയുമ്പോഴെല്ലാം അതിന് നൈതികതയുടെ അടിത്തറയുണ്ടെന്ന് നെഞ്ചിൽ കൈവെച്ച് പറയാനാകണം.
മുസ്ലിം ലീഗിനെ ഹൃദയത്തിലേറ്റിയ ഓരോരുത്തരുടെയും അഭിമാനമായ പാണക്കാട് സയ്യിദുമാരിലുള്ള വിശ്വാസത്തിന് തരിമ്പും പോറലേൽപിക്കാൻ പ്രൊപഗാൻഡ സംഘങ്ങൾക്ക് കഴിയില്ല.
കണ്ണിലെ കൃഷ്ണമണി പോലെ ഈ പ്രസ്ഥാനത്തെ നയിക്കുന്ന ഓരോ ലീഗ് പ്രവർത്തകന്റെയും ആവേശമായ, ഞങ്ങളുടെ സ്വകാര്യ അഹങ്കാരമായ പ്രിയപ്പെട്ട നേതാക്കളിലുള്ള ആത്മവിശ്വാസം ആവർത്തിച്ച് പ്രഖ്യാപിക്കുന്നു.
പെൺകുട്ടികൾക്ക് മതിയായ അവസരം ഈ പ്രസ്ഥാനം നൽകുന്നുണ്ട്. എത്ര യുവതികളാണ് ഇക്കഴിഞ്ഞ ത്രിതല പഞ്ചായത്ത് ഇലക്ഷനിലേക്ക് ഹരിത പതാകയുടെ കീഴിൽ മത്സരിച്ചത്.
ഹരിതയുടെ പ്രധാന ചുമതലകളിലൊന്ന് ഏറ്റെടുത്തപ്പോഴുള്ള അനുഭവങ്ങൾ ഹൃദ്യമാണ്. സ്വതന്ത്ര ചിന്തകൾക്ക് തടയിടാതെ, ഗുണകാംക്ഷയോടെ ഉപദേശ നിർദ്ദേശങ്ങൾ നൽകുന്ന നേതാക്കളുടെ പിന്തുണ വിലമതിക്കാനാകില്ല.
പാർട്ടി വേദികളിൽ പ്രവർത്തകർ നൽകുന്ന ബഹുമാനവും അതുപോലെ തന്നെ.
അവരുടെ നിഷ്‌കളങ്ക സ്‌നേഹാദരവ് അനുഭവിക്കുമ്പോൾ നമുക്കെങ്ങനെയാണ് ഈ പാർട്ടിയെ തെരുവിൽ ചർച്ചക്ക് വെക്കാനാവുക.
പറഞ്ഞു പൊലിപ്പിക്കുന്ന പാട്രിയാർക്കിയും അസമത്വവും എവിടെയും കണ്ടില്ല.
ഞാനോ നിങ്ങളോ ഈ പാർട്ടിക്ക് അനിവാര്യമാണ് എന്ന ചിന്ത മൗഢ്യമാണ്.
അഹങ്കാരവും ഈഗോയും ഗ്രൂപ്പിസവും കൊണ്ട് പ്രസ്ഥാനത്തെ നശിപ്പിക്കാൻ ശ്രമിക്കുമ്പോൾ ഒരു കാര്യം ആലോചിച്ചാൽ മതി. ആരൊക്കെ പോയാലും പാർട്ടിക്കൊരു ചുക്കും സംഭവിക്കില്ല, മറിച്ച് ഈ പാർട്ടി ഇല്ലാതായാൽ പലർക്കും പലതും നഷ്ടപ്പെടും.
മുസ്ലിം ലീഗ് വെറുമൊരു രാഷ്ട്രീയ പാർട്ടിയല്ല. അത് അടിച്ചമർത്തപ്പെട്ട ഒരു സമുദായത്തിന്റെ നാവാണ്, പടവാളാണ്. തലമുറകളുടെ പ്രതീക്ഷയാണ്. നവോത്ഥാനത്തിന്റെയും നവനിർമിതിയുടെയും ചരിത്രമാണ്.
നേതൃത്വത്തെ വിശ്വാസമില്ലെന്ന് പറഞ്ഞ് അപമാനിച്ച്, അവരെ ധിക്കരിച്ച് ശത്രുക്കളെ കൂട്ടുപിടിച്ച് സംഘടനയെ പൊതുമധ്യത്തിൽ അപമാനിക്കാൻ യഥാർത്ഥ മുസ്ലിം ലീഗുകാർക്ക് ഒരിക്കലും കഴിയില്ല.
പാർട്ടി പ്രവർത്തകർ ഒരു കുടുംബത്തെ പോലെയാണ്. ഒരാൾക്ക് തെറ്റ് പറ്റിയാൽ തിരുത്തുകയാണ് വേണ്ടത്. തെരുവിലേക്ക് വലിച്ചെറിയുകയല്ല.
സിയാവുദീൻ സർദാർ പറഞ്ഞുവെച്ചത് ഓർത്ത് പോവുകയാണ്; ഒന്നിനുമുള്ള റെഡിമെയ്ഡ് പരിഹാരം അല്ല സംഘടന, മനുഷ്യ സമൂഹമെന്ന നിലയിൽ പ്രശ്‌നങ്ങളുണ്ടെങ്കിൽ പരിഹാരം നമുക്കുള്ളിൽ നിന്ന് തന്നെയാണ് രൂപം കൊള്ളേണ്ടത്. അതത്രെ ആരോഗ്യകരമായ ജനാധിപത്യം.
മുസ്ലിം ലീഗിനൊപ്പം..
നേതൃത്വത്തിനൊപ്പം…
അഡ്വ. തൊഹാനി
പ്രസിഡന്റ്
എം.എസ്.എഫ്. ഹരിത മലപ്പുറം