Sorry, you need to enable JavaScript to visit this website.

വോസ്‌നിയാക്കി, നദാൽ ക്വാർട്ടറിൽ

മെൽബൺ - പുരുഷ ഒന്നാം നമ്പർ റഫായേൽ നദാലും വനിതാ മുൻ ഒന്നാം നമ്പർ കരൊലൈൻ വോസ്‌നിയാക്കിയും ഉജ്വല ജയങ്ങളോടെ ഓസ്‌ട്രേലിയൻ ഓപൺ ടെന്നിസിന്റെ ക്വാർട്ടറിലേക്കു മുന്നേറി. 
പോക്കറ്റ് റോക്കറ്റ് എന്നറിയപ്പെടുന്ന ഡിയേഗൊ ഷ്വാർട്‌സ്മാനെ മറികടന്ന നദാൽ പത്താം തവണയാണ് ഓസ്‌ട്രേലിയൻ ഓപണിൽ ക്വാർട്ടർ കളിക്കുക. അർജന്റീനക്കാരനെതിരായ കളി നാലു മണിക്കൂറോളം നീണ്ടു. സ്‌കോർ: 6-3, 6-7 (4-7), 6-3, 6-3. ക്വാർട്ടറിലെത്തിയതോടെ ഈ ടൂർണമെന്റ് കഴിയുന്നതു വരെ നദാൽ ഒന്നാം സ്ഥാനമുറപ്പാക്കി. 
ആറാം സീഡ് മാരിൻ സിലിച്ചുമായാണ് നദാൽ ക്വാർട്ടർ കളിക്കേണ്ടത്. 6-7 (2-7), 6-3, 7-6 (7-0), 7-6 (7-3) ന് പാബ്‌ലൊ കരേന ബുസ്റ്റയെ തോൽപിച്ച സിലിച് നൂറാം ഗ്രാന്റ്സ്ലാം മത്സരമാണ് ജയിച്ചത്. 
ആതിഥേയ പ്രതീക്ഷയായ നിക് കിർഗിയോസിനെ മൂന്നാം സീഡ് ഗ്രിഗർ ദിമിത്രോവ് 7-6 (7-3), 7-6 (7-4), 4-6, 7-6 (7-4) ന് മറികടന്നു. ബ്രിട്ടിഷ് താരം കെയ്ൽ എഡ്മണ്ടുമായാണ് ദിമിത്രോവ് ക്വാർട്ടർ കളിക്കുക. ആന്ദ്രെ സെപ്പിയെ 6-7 (4-7), 7-5, 6-2, 6-3 ന് എഡ്മണ്ട് തോൽപിച്ചു. 
വനിതാ രണ്ടാം നമ്പർ വോസ്‌നിയാക്കി പത്തൊമ്പതാം സീഡ് മഗ്ദലീന റിബാരികോവയെ 6-3, 6-0 ന് പറത്തി. ഒരു സെറ്റിനും 1-4 നും പിന്നിലായ ശേഷം ആനറ്റ് കോണ്ടാവെയ്റ്റിനെ കീഴടക്കിയ കാർലൊ സോറസ് നൊവാരോയെയാണ് വോസ്‌നിയാക്കി ക്വാർട്ടറിൽ നേരിടേണ്ടത്.  
നാലാം സീഡ് എലീന സ്വിറ്റോലിന യോഗ്യതാ റൗണ്ടിലൂടെ വന്ന ചെക്കുകാരി ഡെനിസ അലർടോവയെയാണ് തോൽപിച്ചത്. 
 

Latest News