Sorry, you need to enable JavaScript to visit this website.

അന്തര്‍ സംസ്ഥാന പെണ്‍വാണിഭ സംഘത്തിലെ നാലു പേര്‍ നിലമ്പൂരില്‍ പിടിയില്‍

നിലമ്പൂര്‍-അന്തര്‍ സംസ്ഥാന പെണ്‍വാണിഭ സംഘത്തിലെ നാലു  പേര്‍ നിലമ്പൂരില്‍ പിടിയില്‍.  എടക്കര കാക്കപ്പരത നെല്ലേങ്ങര അഭിനന്ദ്, വയനാട് സുല്‍ത്താന്‍ ബത്തേരി ചുള്ളിയോട് കിഴക്കേത്തറ പ്രവീണ്‍, മലപ്പുറത്ത് ഓട്ടോ ഡ്രൈവറായ വലിയങ്ങാടി ചാത്തന്‍ചിറ ഷംസുദീന്‍, മലപ്പുറം ഒതുക്കുങ്ങല്‍ കുന്നക്കാടന്‍ മുഹമ്മദലി എന്നിവരെയാണ് നിലമ്പൂര്‍ പോലീസ്  അറസ്റ്റു ചെയ്തത്. കേസിലെ മുഖ്യപ്രതി എടക്കര കാക്കപ്പരത സ്വദേശി സുധീഷ് ഒളിവിലാണ്.

 

രഹസ്യ വിവരത്തെ തുടര്‍ന്നു നിലമ്പൂര്‍ സി.ഐ ബിനുവിന്റെ നേതൃത്വത്തിലുള്ള പോലീസ് ഞായറാഴ്ച നിലമ്പൂര്‍ ജില്ലാ ആശുപത്രിക്ക് സമീപമുള്ള വാടക ക്വാര്‍ട്ടേഴ്‌സില്‍ പരിശോധന നടത്തുന്നതിനിടെയാണ് തൃശൂര്‍ സ്വദേശിനിയായ
യുവതിയെയും പ്രതികളായ അഭിനന്ദ്, പ്രവീണ്‍ എന്നിവരെയും പോലീസ് പിടികൂടിയത്. പോലീസ് വരുന്നത് കണ്ട് ഇടപാടുകാര്‍ ഓടിരക്ഷപ്പെട്ടു. അഭിനന്ദ്, പ്രവീണ്‍ എന്നിവര്‍ യുവതിയെ ഇടപാടുകാര്‍ക്ക് എത്തിച്ചു നല്‍കുന്നവരാണെന്നും ഈ സംഘത്തിനു യുവതിയെ കൈമാറിയത് ഷംസുദ്ദീന്‍, മുഹമ്മദലി എന്നിവരാണെന്നും പോലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതികള്‍ മഞ്ചേരി ജയിലില്‍ റിമാന്‍ഡിലാണ്.
പരിശോധനയില്‍ ഇടപാടുകളെ സംബന്ധിച്ച പുസ്തകവും മൊബൈല്‍ ഫോണും ഗര്‍ഭ നിരോധന ഉറകളും പണവും പോലീസ് കണ്ടെടുത്തു. പോലീസ് വരുന്നതു കണ്ടു സംഭവ സ്ഥലത്തു നിന്നു മുങ്ങിയ സുധീഷ് ആണ് പെണ്‍വാണിഭ സംഘത്തിലെ പ്രധാന നടത്തിപ്പുകാരന്‍. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന രഹസ്യ കേന്ദ്രങ്ങളിലേക്കു യുവതികളേയും ഇതരസംസ്ഥാനക്കാരായ സ്ത്രീകളെയും എത്തിച്ചു നല്‍കാന്‍ ബ്രോക്കര്‍മാരും
മലപ്പുറം ജില്ലയില്‍ പ്രവര്‍ത്തിക്കുന്നതായി പോലീസിനു വിവരം ലഭിച്ചിട്ടുണ്ട്. സംഘത്തിലെ പ്രധാനി സുധീഷ് ആണ് ഇടപടുകള്‍ക്ക് ക്വാര്‍ട്ടേഴ്‌സുകള്‍ സംഘടിപ്പിച്ച് കൊടുക്കുന്നതെന്നു പോലീസ് പറഞ്ഞു. പെണ്‍വാണിഭ സംഘങ്ങളെക്കുറിച്ചും അവിടേക്ക് സ്ത്രീകളെ എത്തിച്ചു നല്‍കുന്നവരെക്കുറിച്ചും വിവരങ്ങള്‍ ലഭിച്ചതായും ഇവര്‍ക്കായുള്ള അന്വേഷണം ഊര്‍ജിതമാക്കിയതായും നിലമ്പൂര്‍ ഡിവൈ.എസ്.പി സജു അബ്രഹാം അറിയിച്ചു.
ഡിവൈ.എസ്.പിയുടെ  നേതൃത്വത്തില്‍ സി.ഐ ടി.എസ്. ബിനു, എസ്.ഐമാരായ എം. അസൈനാര്‍, നവീന്‍ഷാജ്, എ.എസ്.ഐ. അനില്‍കുമാര്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ സുമിത്ര, രാജേഷ് ചെഞ്ചിലിയന്‍, കെ. ഷിഫിന്‍, സഞ്ജു, സുനീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്.

 

 

Latest News