Sorry, you need to enable JavaScript to visit this website.

മഞ്ഞപ്പടക്ക് വീണ്ടും പിഴച്ചു

പിഴച്ചു... ഗോവൻ ഗോൾമുഖത്ത് ബൈസികിൾ കിക്ക് പായിക്കാനുള്ള സി.കെ വിനീതിന്റെ വിഫല ശ്രമം.

കൊച്ചി - പ്രതീക്ഷ നൽകിയ ഇടവേളക്കു ശേഷം ഐ.എസ്.എല്ലിൽ കേരളാ ബ്ലാസ്റ്റേഴ്‌സിന് തുടർച്ചയായ രണ്ടാം തോൽവി. ഗോവയിലേറ്റ 2-5 ന്റെ കനത്ത തോൽവിക്ക് സ്വന്തം കളിത്തട്ടിൽ മറുപടി നൽകാനുള്ള ബ്ലാസ്റ്റേഴ്‌സിന്റെ ശ്രമം പരാജയപ്പെട്ടു. എഴുപത്തേഴാം മിനിറ്റിൽ എഡു ബേഡിയ മനോഹരമായ ഹെഡറിലൂടെ നേടിയ ഗോളിൽ ഗോവ എഫ്.സി 2-1 ന് ജയിച്ചു. ഒഴിവു ദിന കാണികൾക്ക് ആവേശം നൽകാനുള്ള വകയൊന്നും നൽകാതെയാണ് മത്സരം അവസാനിച്ചത്. 
ഗോവയുടെ പ്രതിരോധത്തെയോ ഗോളിയോ പരീക്ഷിക്കാൻ ബ്ലാസ്റ്റേഴ്‌സിന് സാധിച്ചില്ല. കോച്ച് ഡേവിഡ് ജെയിംസിന്റെ സബ്സ്റ്റിറ്റിയൂഷനുകളും ഫലം കണ്ടില്ല. ഗോവയാണ് നന്നായി തുടങ്ങിയത്. ഏഴാം മിനിറ്റിൽ തന്നെ ടൂർണമെന്റിലെ ടോപ്‌സ്‌കോറർ ഫെറാൻ കൊറോമിനാസിലൂടെ അവർ ലീഡ് നേടി. ബ്രാൻഡൻ ഫെർണാണ്ടസിന്റെ മുന്നേറ്റത്തിനൊടുവിൽ മന്ദർ ദേശായിയാണ് ബോക്‌സിലേക്ക് പന്തുയർത്തിയത്. ഷോട്ടെടുക്കാനുള്ള കൊറോമിനാസിന്റെ ആദ്യ ശ്രമം ഗോളിയുടെ താളം തെറ്റിച്ചു. പന്ത് സ്‌ട്രൈക്കർ സമർഥമായി വലയിലേക്ക് തള്ളുകയും ചെയ്തു. കൊറോയുടെ ഈ സീസണിലെ പത്താം ഗോൾ.
തുടക്കത്തിൽ തന്നെ വീണ ഗോളിൽ ബ്ലാസ്റ്റേഴ്‌സ് പതറിയില്ല. എന്നാൽ ആക്രമണ നിരയിലെ കുന്തമുന ഇയാൻ ഹ്യൂമിനെ ഗോവ നന്നായി മാർക്ക് ചെയ്തു. ബ്ലാസ്‌റ്റേഴ്സിന്റെ മധ്യനിര താളം കണ്ടില്ല. പ്രതിരോധവും വളരെ ദുർബലമായി കാണപ്പെട്ടു. ഓരോ തവണ പോസ്റ്റ് ഇരു ടീമുകൾക്കും രക്ഷയായി. ആതിഥേയരുടെ നിരന്തരമായ സമ്മർദ്ദം ഇരുപത്തൊമ്പതാം മിനിറ്റിൽ ഫലം കണ്ടു. സി.കെ. വിനീതാണ് ഗോൾ മടക്കിയത്. ഗോവയുടെ ഗോൾകീപ്പർ എടുത്ത ഫ്രീകിക്ക് വെസ് ബ്രൗൺ ഹെഡ്ഡറിലൂടെ സിയാം ഹങ്കലിലേക്കും ഹങ്കലിന്റെ ബാക്ക് ഹെഡ്ഡർ ബോക്സിനു മുന്നിലേക്കോടിയെത്തിയ വിനീതിലേക്കും. വിനീത് ഗോളി കട്ടിമണിയെ നിസ്സഹായനാക്കി വെടിയുണ്ട പോലെ പന്ത് വലയിലാക്കി. വിനീതിന്റെ ഈ സീസണിലെ മൂന്നാം ഗോളാണിത്. പരുക്കനടവുകൾ കണ്ട കളിയിൽ മത്സരം വരുതിയിൽ നിർത്താൻ റഫറി പാടുപെട്ടു. 
രണ്ടാം പകുതിയിൽ ബ്ലാസ്റ്റേഴ്‌സാണ് കൂടുതൽ താൽപര്യം കാട്ടിയത്. വിനീതിന്റെ ശ്രമങ്ങൾ പലപ്പോഴും ദുർബലമായി. ഒരു തവണ ബോക്‌സിൽ വിനീത് വീണെങ്കിലും പെനാൽട്ടിക്കായുള്ള അപ്പീൽ റഫറി തള്ളി. തൊട്ടുടനെ വിനീതിന്റെ ബൈസികിൾ കിക്ക് ലക്ഷ്യം തെറ്റി. 75 ാം മിനിറ്റിൽ കൊറോയുടെ കുതിപ്പ് തടായാനുള്ള പെസിച്ചിന്റെ ശ്രമം സെൽഫ് ഗോളിൽ കലാശിക്കുമായിരുന്നു. എന്നാൽ ഫുൾലെംഗ്തിൽ ചാടി ഗോളി പോൾ റച്ചുബുക്ക സെൽഫ് ഗോളിൽ നിന്ന് ആതിഥേയരെ രക്ഷപ്പെടുത്തി. എന്നാൽ ആശ്വാസം നീണ്ടുനിന്നില്ല. പൊടുന്നനെ ഗോവ ലീഡ് നേടി. ബ്രാൻഡൻ ഫെർണാണ്ടസിന്റെ കോർണർ കിക്ക് ബോക്‌സിൽ ശ്രദ്ധിക്കപ്പെടാതെ നിന്ന ബേഡിയ കനത്ത ഹെഡറിലൂടെ വലയിലേക്ക് ചെത്തിവിടുകയായിരുന്നു. 
ബ്ലാസ്റ്റേഴ്‌സിന്റെ സമനില ശ്രമങ്ങൾ ഇഞ്ചുറി ടൈമിലാണ് തീവ്രമായത്. രണ്ടവസരങ്ങൾ അവർക്കു കിട്ടിയെങ്കിലും രണ്ടും പാഴായി. ബ്ലാസ്റ്റേഴ്സ് 27 നു കൊച്ചിയിൽ ദൽഹി ഡൈനാമോസിനെയും എഫ്.സി.ഗോവ ഹോം ഗ്രൗണ്ടിൽ മുംബൈ സിറ്റിയേയും നേരിടും.
ദൽഹിക്ക് തോൽവി
ജാംഷഡ്പൂരിൽ നടന്ന കളിയിൽ ജാംഷഡ്പൂർ എഫ്.സി രണ്ടു ഗോളിന് പിന്നിലായ ശേഷം 3-2 ന് ദൽഹി ഡൈനാമോസിനെ തോൽപിച്ചു. കാലു ഉച്ചെ 20, 22 മിനിറ്റുകളിലായി ജാംഷഡ്പൂരിന് ലീഡ് സമ്മാനിച്ചതായിരുന്നു. എന്നാൽ ശക്തമായി ആതിഥേയർ തിരിച്ചുവന്നു. ഇരുപത്തൊമ്പതാം മിനിറ്റിൽ ജോസെ ലൂയിസ് എസ്പിനോസയും അമ്പത്തിനാലാം മിനിറ്റിൽ യുംനം രാജുവും ഗോൾ മടക്കി. കളി തീരാൻ നാലു മിനിറ്റ് ശേഷിക്കേ മാതിയൂസ് ഗോൺസാൽവസാണ് ജാംഷഡ്പൂരിന് തുടർച്ചയായ രണ്ടാം വിജയം സമ്മാനിച്ചത്. കഴിഞ്ഞ കളിയിൽ അവർ കേരളാ ബ്ലാസ്റ്റേഴ്‌സിനെ തോൽപിച്ചിരുന്നു. 

 


 

Latest News