റിയാദ്- കഴിഞ്ഞ മാസം സൗദി അറേബ്യ പ്രതിദിന എണ്ണയുൽപാദനം 94 ലക്ഷം ബാരലായി ഉയർത്തി. തുടർച്ചയായി നാലാം മാസമാണ് സൗദി അറേബ്യ എണ്ണയുൽപാദനം വർധിപ്പിക്കുന്നത്. ജൂൺ മാസത്തെ അപേക്ഷിച്ച് കഴിഞ്ഞ മാസം പ്രതിദിന ഉൽപാദനത്തിൽ 4,97,000 ബാരലിന്റെ വർധനവാണ് വരുത്തിയത്. കഴിഞ്ഞ മാസം ഒപെക് രാജ്യങ്ങൾ ഉൽപാദനത്തിൽ വരുത്തിയ വർധനവിന്റെ 78 ശതമാനവും സൗദി അറേബ്യയുടെ പങ്കായിരുന്നു. കഴിഞ്ഞ മാസം ഒപെക് രാജ്യങ്ങൾ പ്രതിദിന ഉൽപാദനത്തിൽ 6,37,000 ബാരലിന്റെ വർധനവാണ് ആകെ വരുത്തിയത്.
ജൂലൈയിൽ 94.03 ലക്ഷം ബാരൽ തോതിലായിരുന്നു സൗദി അറേബ്യയുടെ പ്രതിദിന എണ്ണയുൽപാദനം. ജൂണിൽ ഇത് 89.06 ലക്ഷം ബാരലും മേയിൽ 84.81 ലക്ഷം ബാരലും ഏപ്രിലിൽ 81.22 ലക്ഷം ബാരലുമായിരുന്നു എന്ന് ഒപെക്ക് റിപ്പോർട്ട് വ്യക്തമാക്കുന്നു.
കഴിഞ്ഞ മാസം മുഴുവൻ ഒപെക് രാജ്യങ്ങളും കൂടി പ്രതിദിന ഉൽപാദനത്തിൽ 6,37,000 ബാരലിന്റെ വർധനവാണ് വരുത്തിയത്. ഇതോടെ ഒപെക് രാജ്യങ്ങളുടെ ആകെ പ്രതിദിന ഉൽപാദനം 26.657 ദശലക്ഷം ബാരലായി ഉയർന്നു. ഒപെക് രാജ്യങ്ങളുടെ ആകെ എണ്ണയുൽപാദനം ജൂണിൽ 26.020 ദശലക്ഷം ബാരലും മേയിൽ 25.454 ദശലക്ഷം ബാരലും ആയിരുന്നു. ജൂലൈയിൽ ഒമ്പതു ഒപെക് രാജ്യങ്ങൾ പ്രതിദിന എണ്ണയുൽപാദനം വർധിപ്പിച്ചു. ഏറ്റവും കൂടുതൽ ഉൽപാദനം വർധിപ്പിച്ചതിൽ രണ്ടാം സ്ഥാനത്ത് ഇറാഖ് ആണ്. ഇറാഖ് പ്രതിദിന ഉൽപാദനത്തിൽ 56,000 ബാരലിന്റെ വീതം വർധന വരുത്തി. കഴിഞ്ഞ മാസം ഇറാഖിന്റെ പ്രതിദിന എണ്ണയുൽപാദനം 39.78 ലക്ഷം ബാരൽ തോതിലായിരുന്നു. നൈജീരിയ പ്രതിദിന ഉൽപാദനത്തിൽ 45,000 ബാരലിന്റെ വീതം വർധന വരുത്തി. കഴിഞ്ഞ മാസം നൈജീരിയ പ്രതിദിനം ആകെ 14.37 ലക്ഷം ബാരൽ തോതിൽ എണ്ണയുൽപാദിപ്പിച്ചു.
കുവൈത്തും യു.എ.ഇയും പ്രതിദിന ഉൽപാദനത്തിൽ 42,000 ബാരലിന്റെ വീതം വർധന വരുത്തി. യു.എ.ഇയുടെ പ്രതിദിന ഉൽപാദനം 27.23 ലക്ഷം ബാരലായും കുവൈത്തിന്റെ ഉൽപാദനം 24.26 ലക്ഷം ബാരലായും ഉയർന്നു. ഇതേസയമം, നാലു ഒപെക് രാജ്യങ്ങൾ കഴിഞ്ഞ മാസം ഉൽപാദനത്തിൽ കുറവ് വരുത്തി. അംഗോളയാണ് ഉൽപാദനത്തിൽ ഏറ്റവും വലിയ കുറവ് വരുത്തിയത്. പ്രതിദിനം 38,000 ബാരലിന്റെ വീതം കുറവാണ് അംഗോള വരുത്തിയത്. അംഗോള കഴിഞ്ഞ മാസം 10.78 ലക്ഷം ബാരൽ തോതിലാണ് പ്രതിദിനം ഉൽപാദിപ്പിച്ചത്. വെനിസ്വേല പ്രതിദിന ഉൽപാദനത്തിൽ 26,000 ബാരലിന്റെ കുറവ് വരുത്തി. കഴിഞ്ഞ മാസം വെനിസ്വേലയുടെ പ്രതിദിന എണ്ണയുൽപാദനം 5,12,000 ബാരലായിരുന്നു.