Sorry, you need to enable JavaScript to visit this website.

എണ്ണയുത്പാദനം 2018ന് ശേഷവും  നിയന്ത്രിച്ചേക്കും-ഖാലിദ് അൽഫാലിഹ്‌

എൻജി. ഖാലിദ് അൽഫാലിഹ് 

റിയാദ്- എണ്ണ ഉത്പാദനം നിയന്ത്രിക്കുന്നതിന് ഉത്പാദക രാജ്യങ്ങൾ ഒപ്പുവെച്ച സഹകരണ കരാർ ആവശ്യമെങ്കിൽ ദീർഘിപ്പിക്കുമെന്ന് സൗദി ഊർജ, വ്യവസായ, ധാതുനിക്ഷേപ മന്ത്രി എൻജി. ഖാലിദ് അൽഫാലിഹ് പ്രസ്താവിച്ചു. 2018ന് ശേഷവും കരാർ തുടരണമോയെന്ന കാര്യം പഠനത്തിലാണ്. ആഗോളവിപണിയിൽ എണ്ണവില ക്രമാതീതമായി ഇടിയുന്നത് തടയുക എന്ന ഉദ്ദേശ്യത്തോടെയാണ് ഒപെക് രാജ്യങ്ങളും പുറത്തുള്ള ഉത്പാദക രാജ്യങ്ങളും ധാരണയിലെത്തിയിരുന്നത്. കരാർ ദീർഘിപ്പിക്കുന്നതിൽ ദോഷകരമായി ഒന്നുമില്ലെന്നാണ് കരുതുന്നത്. മസ്‌കത്തിൽ ഇന്നലെ ചേർന്ന ഒപെക്, ഒപെക് ഇതര രാജ്യങ്ങളിലെ സംയുക്ത മന്ത്രിതല നിരീക്ഷണ സമിതി യോഗത്തിന് ശേഷം വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു എൻജി. ഖാലിദ് അൽഫാലിഹ്. 
കരാർ പ്രാബല്യത്തിൽവന്നതിന് ശേഷം വിപണി പഠിക്കുന്നതിന് നിയോഗിച്ച ജോയിന്റ് ടെക്‌നിക്കൽ കമ്മിറ്റി (ജെ.ഡി.സി) 2017 ഡിസംബറിൽ സമർപ്പിച്ച റിപ്പോർട്ട് വിലയിരുത്തുന്നതിനാണ് മന്ത്രിതല സമ്മേളനം ചേർന്നത്. ഷെയിൽ ഓയിൽ സാന്നിധ്യം ഒപെക് അവഗണിക്കുന്നില്ലെന്ന് യു.എ.ഇ എണ്ണമന്ത്രി സുഹൈൽ മസ്‌റൂഇ വ്യക്തമാക്കി. എണ്ണവില വരുംവർഷത്തിലും നിയന്ത്രിക്കുന്ന വിഷയത്തിൽ ഡിസംബറിൽ ചേരുന്ന മന്ത്രിതല സമ്മേളനം തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. നിലവിലുള്ള ധാരണ അവസാനിപ്പിക്കണമെന്ന വിഷയം ചർച്ചയിൽ വന്നിട്ടില്ലെന്ന് കുവൈത്ത് എണ്ണമന്ത്രി ബഖീഥ് അൽറഷീദിയും പറഞ്ഞു. ഒപെക് രാജ്യങ്ങൾ അടുത്ത ജൂണിൽ വീണ്ടും സമ്മേളിക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു. 2016ൽ ആണ് 14 എണ്ണ ഉത്പാദക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെക് ഉം റഷ്യയുൾപ്പെടെയുള്ള ഇതര ഉത്പാദക രാജ്യങ്ങളും രണ്ട് വർഷത്തേക്ക് എണ്ണയുത്പാദനം കുറക്കുന്നതിന് ധാരണയിലെത്തിയത്. 

 

 

Latest News