തൃശൂര്‍- ചെറുതുരുത്തി സ്വദേശിയായ യുവതി ഭര്‍ത്തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവിനെയും ബന്ധുക്കളെയും പ്രതി ചേര്‍ത്ത് പോലീസ് കേസെടുത്തു.
പാലക്കാട് തിരുമിറ്റക്കോട് മണ്ണേങ്കോട്ട് വളപ്പില്‍ ശിവരാജിന്റെ ഭാര്യ കൃഷ്ണപ്രഭ(24)യാണ് ജീവനൊടുക്കിയത്. സ്ത്രീധന പീഡനം കാരണമാണ് ആത്മഹത്യയെന്ന് പരാതിപ്പെട്ട് കൃഷ്ണപ്രഭയുടെ അച്ഛനമ്മമാര്‍. ചെറുതുരുത്തി പോലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് കേസെടുത്തത്.
മൂന്ന് വര്‍ഷം മുന്‍പാണ് ചെറുതുരുത്തി സ്വദേശി പുതുശേരി കുട്ടന്റെയും രാധയുടെയും മകളായ കൃഷ്ണപ്രഭ കൂടെ പഠിച്ചിരുന്ന ശിവരാജിനെ വിവാഹം ചെയ്തത്.
ശിവരാജിനൊപ്പം പോകാനാണ് ഇഷ്ടമെന്ന് കൃഷ്ണപ്രഭ പോലീസ്‌സ്‌റ്റേഷനില്‍ വെച്ച് അറിയിച്ചതിനെ തുടര്‍ന്നായിരുന്നു വിവാഹം. പിന്നീട് പെണ്‍കുട്ടി സ്വന്തം വീട്ടില്‍ വന്നിരുന്നില്ല.
ശനിയാഴ്ച ആത്മഹത്യ ചെയ്യുന്നതിനുമുമ്പ് കൃഷ്ണപ്രഭ തന്നെ വിളിച്ച് കരഞ്ഞതായും പ്രശ്‌നങ്ങളുണ്ടെന്നും വീട്ടിലേക്ക് വരണമെന്ന് ആവശ്യപ്പെട്ടതായും അമ്മ രാധ പറഞ്ഞു. അതേസമയം, വീട്ടില്‍ പ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നാണ് ശിവരാജിന്റെ അമ്മ പറയുന്നത്. എറണാകുളത്ത് ജോലി ആവശ്യത്തിന് പോയ യുവതി തലേദിവസമാണ് വീട്ടിലെത്തിയതെന്നും പിറ്റേന്നും പ്രശ്‌നമൊന്നും ഉണ്ടായിരുന്നില്ലെന്നും അവര്‍ പറഞ്ഞു.