Sorry, you need to enable JavaScript to visit this website.

നേരം ഇരുട്ടിയാല്‍ അധ്യാപകന്റെ സ്വഭാവം മാറും,  പിന്നെ പെണ്‍കുട്ടികള്‍ക്ക് ചുംബന സ്‌മൈലി, കോള്‍ 

തിരുവനന്തപുരം- രാത്രിസമയങ്ങളില്‍ ഫോണിലൂടെ ശല്യം ചെയ്‌തെന്നും ലൈംഗികചുവയോടെ പെരുമാറിയെന്നും ആരോപിച്ച് അധ്യാപകനെതിരെ ഗവര്‍ണര്‍ക്ക് പരാതി നല്‍കി വിദ്യാര്‍ത്ഥികള്‍. തിരുവനന്തപുരം ചെമ്പഴന്തി എസ്എന്‍ കോളജിലെ വിദ്യാര്‍ത്ഥികളാണ് രാജ്ഭവനിലെത്തി പരാതി നല്‍കിയത്. പൊളിറ്റിക്കല്‍ സയന്‍സ് ഡിപ്പാര്‍ട്ട്‌മെന്റിലെ അധ്യാപകനും എന്‍എസ്എസ് പ്രോഗ്രാം ഓഫീസറുമായ ടി അഭിലാഷിനെതിരെയാണ് വിദ്യാര്‍ത്ഥികളുടെ പരാതി. പരാതി നല്‍കിയ വിദ്യാര്‍ത്ഥികളെ മാനേജ്‌മെന്റ് ഭീഷണിപ്പെടുത്തിയതായും ആരോപണമുണ്ട്.
രാത്രികാലങ്ങളില്‍ അധ്യാപകന്‍ പെണ്‍കുട്ടികളെ നിരന്തരം വാട്‌സ് ആപ്പിലൂടെ വീഡിയോ കോള്‍ ചെയ്യുന്നുവെന്നും ചുംബന സ്‌മൈലികള്‍ അയക്കുന്നുവെന്നും അനാവശ്യമായി സംസാരിക്കുന്നുവെന്നും പരാതിയില്‍ പറയുന്നു. നേരത്തെ രണ്ട് വിദ്യാര്‍ത്ഥികള്‍ പരാതിപ്പെട്ടിരുന്നെങ്കിലും കോളജ് മാനേജ്‌മെന്റിന്റെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ഇവര്‍ രേഖാമൂലം പരാതി നല്‍കാതെ പിന്‍വാങ്ങുകയായിരുന്നു. ഇതിന് പിന്നാലെ ആറ് പേര്‍ പ്രിന്‍സിപ്പാളിന് പരാതി മെയിലായി അയച്ചു. തുടര്‍നടപടികള്‍ സ്വീകരിക്കാതെ പ്രിന്‍സിപ്പാള്‍ പരാതിക്കാരെയും രക്ഷിതാക്കളെയും വിളിച്ചുവരുത്തിയെന്നും പരാതിക്കാരുടെ വിവരങ്ങള്‍ പുറത്തുവിട്ടെന്നും ആരോപണമുണ്ട്.
ചില അധ്യാപകര്‍ക്ക് തന്നോടുള്ള വിരോധത്തിന്റെ പേരിലാണ് പരാതിയെന്നും കൈതട്ടിയാണ് കോളുകള്‍ പോയതെന്നുമാണ് ആരോപണവിധേയനായ അഭിലാഷ് പറയുന്നത്. ആഭ്യന്തര പരാതി പരിഹാര സെല്ലിന് കൃത്യസമയത്ത് പരാതി കൈമാറിയിട്ടുണ്ടെന്നും, സമ്മര്‍ദ്ദം ചെലുത്തിയിട്ടില്ലെന്നുമാണ് കോളെജ് മാനേജ്‌മെന്റ്  വിശദീകരണം. വിദ്യാര്‍ത്ഥികളുടെ പരാതി ഗവര്‍ണര്‍ ഡിജിപിക്ക് കൈമാറും
 

Latest News