മലപ്പുറം- എം.എസ്.എഫ്. ഹരിത നേതാക്കളുമായി മുസ്‌ലിം ലീഗ് നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. നേതൃത്വത്തിന്റെ നിര്‍ദേശ പ്രകാരം മുനവറലി ശിഹാബ് തങ്ങളാണ് ചര്‍ച്ച നടത്തിയത്. വനിതാ കമ്മീഷന് നല്‍കിയ പരാതി പിന്‍വലിക്കണമെന്ന് മുസ്‌ലിം ലീഗ് നേതൃത്വം ആവശ്യപ്പെട്ടു. എന്നാല്‍ നടപടിയെടുക്കാതെ പരാതി പിന്‍വലിക്കില്ലെന്ന തീരുമാനത്തില്‍ ഉറച്ച് നില്‍ക്കുകയാണ് ഹരിത ഭാരവാഹികള്‍. വനിതാ നേതാക്കളുടെ അഭിപ്രായങ്ങള്‍ നേതൃത്വത്തെ മുനവറലി ശിഹാബ് തങ്ങള്‍ അറിയിക്കും. പാണക്കാടുള്ള വിദ്യാഭ്യാസ കേന്ദ്രത്തില്‍ വച്ചാണ് ഹരിത ഭാരവാഹികളുമായി ചര്‍ച്ച നടത്തിയത്. പരാതി പിന്‍വലിക്കണമെന്നാവശ്യവുമായി ചില എം.എസ്.എഫ് ഭാരവാഹികള്‍ വഴി ലീഗ് നേതൃത്വം ഹരിത സംസ്ഥാന പ്രസിഡന്റ് മുഫീദ തെസ്‌നി, ജനറല്‍ സെക്രട്ടറി നജ്മ തബ്ഷീറ എന്നിവരെ സമീപിച്ചിരുന്നു. പരാതി പിന്‍വലിക്കുകയാണങ്കില്‍ നവാസിനെതിരെ നടപടിയെടുക്കാമെന്നാണ് അവരെ അറിയിച്ചത്. പക്ഷേ ആദ്യം നടപടി പിന്നീട് പരാതി പിന്‍വലിക്കല്‍ എന്ന നിലപാടിലാണ് ഹരിത നേതൃത്വം. ഇതോടെ വനിതാ കമ്മീഷനെ സമീപിച്ചവര്‍ക്കെതിരെ നടപടിയെടുപ്പിക്കാനുള്ള ശ്രമങ്ങള്‍ മറുവിഭാഗം നടത്തുന്നുണ്ട്. എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസും മലപ്പുറം ജില്ലാ സെക്രട്ടറി വി. അബ്ദുല്‍ വഹാബും സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തിയെന്ന് ആരോപിച്ചാണ് ഹരിത ഭാരവാഹികള്‍ വനിതാ കമ്മീഷനെ സമീപിച്ചത്