മുപ്പത്തി ഒൻപതാം വയസിൽ മുംബൈ മേയറായി നാമനിർദേശം ചെയ്യപ്പെടുമ്പോൾ യൂസഫ് മെഹറലി ലഹോർ ജയിലായിരുന്നു. വർഷം 1942. യൂസഫിനെ മേയർ സ്ഥാനത്തേക്ക് പിന്തുണച്ചവരിൽ സർദാർ വല്ലഭായി പട്ടേലും ഉണ്ടായിരുന്നു. രാജ്യത്തിന്, മുബൈ നഗരത്തിന്, കോടാനു കോടി ഇന്ത്യക്കാർക്ക് വേണ്ടി ജീവിതം ഉഴിഞ്ഞു വെക്കാൻ കെൽപ്പുള്ളവനാണ് യൂസഫ് എന്നാണത്രെ പട്ടേൽ കോൺഗ്രസ് വർക്കിങ് കമ്മിറ്റി അംഗങ്ങളോട് പറഞ്ഞത്. മുബൈയുടെ ഏറ്റവും പ്രായം കുറഞ്ഞ മേയർ തീപ്പൊരിയായിരുന്നു. തികഞ്ഞ ഗാന്ധിയൻ, ഉറച്ച സോഷ്യലിസ്റ്റ്. ചരിത്രവും ധനതത്വശാസ്ത്രവും നിയമവും പഠിച്ച അതിസമർഥൻ, പ്രസംഗികൻ, എഴുത്തുകാരൻ. ഈ ചെറുപ്പക്കാരനാണ് രാജ്യം കണ്ട തീവ്ര സ്വാതന്ത്ര്യ പോരാട്ടത്തിന് ക്വിറ്റ് ഇന്ത്യ എന്ന പേരിട്ടത്.
കടുത്ത സമര പരിപാടികൾ വാർധയിലെ യോഗത്തിൽ വെച്ച് മഹാത്മജിയും കോൺഗ്രസ് നേതൃത്വവും തീരുമാനിച്ചിരുന്നു. പക്ഷെ സമരത്തിന്റെ മുദ്രാവാക്യം എന്താവും എന്ന് തീരുമാനമായില്ല. തുടർന്ന് മുംബൈയിൽ ചേർന്ന അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റി യോഗത്തിനിടെയാണ് യൂസഫ് മെഹറലി 'ക്വിറ്റ് ഇന്ത്യ' എന്ന രണ്ടു വാക്കുകൾ ഗാന്ധിജിയുടെ അടുത്തു ചെന്ന് പറയുന്നത്. പുഞ്ചിരിയോടെ ഗാന്ധിജി അങ്ങനെയാവട്ടെ എന്ന അർഥത്തിൽ 'ആമീൻ' എന്നു മറുപടി പറഞ്ഞു. പിന്നീട് ലോകം കണ്ടത് ഒരു രാജ്യമാകെ ബ്രിട്ടിഷ് സാമ്രാജ്യത്തിന്റെ മുഖത്തു നോക്കി ഗർജിക്കുന്നതായിരുന്നു 'ക്വിറ്റ് ഇന്ത്യ'.
പിന്തിരിപ്പൻ സൈമൺ കമ്മിഷനോട് 'സൈമൺ ഗോ ബാക്ക്' എന്നു വിളിച്ച യൂസഫിനല്ലാതെ ആർക്ക് ഈ അനശ്വര മുദ്രാവാക്യം, സ്വാതന്ത്ര്യ പ്രഖ്യാപനം, നിർഭയത്വത്തിന്റെ കാഹളം മുഴക്കാനാവും.
ഏഴോ എട്ടോ തവണ ജയിൽവാസം, നിരന്തരമായ സമര പോരാട്ടങ്ങൾ, അതിസമർഥമായ രാഷ്ട്രീയ നീക്കങ്ങൾ, ഊർജസ്വലമായ ഭരണ നടപടികൾ: ഈ ഓഗസ്റ്റിൽ യൂസഫ് മെഹറലിയെ ഓർത്തില്ലെങ്കിൽ മറ്റാരെ ഓർക്കാൻ?
യൂസഫിനെ പോലെയുള്ള ലക്ഷക്കണക്കിന് സ്വാതന്ത്ര്യ പോരാളികൾ നമുക്ക് വഴി കാട്ടട്ടെ - വർഗീയതയോടും വിഭാഗീയതയോടും 'ക്വിറ്റ് ഇന്ത്യ' എന്ന് പറയാൻ.