ഓഗസ്റ്റ് 15 എന്നത് ഇന്ത്യയിലെ ഓരോ കൊച്ചുകുട്ടിയുടെ പോലും വികാരമാണ്. ബ്രിട്ടീഷ് അധിനിവേശത്തിൽ നിന്ന് നാം പൊരുതി നേടിയ സ്വാതന്ത്ര്യത്തിനു തിളക്കം പത്തരമാറ്റാണ്. അതിൽ പോറലേൽപ്പിക്കാനുള്ള ശ്രമങ്ങൾ കാലാകാലങ്ങളിൽ തോറ്റു പോയിട്ടുമുണ്ട്. ആത്യന്തിക വിജയം ജനതയുടെ സ്വാതന്ത്ര്യബോധത്തിന്റേതുതന്നെയാണ്.
പ്രധാനമന്ത്രി നരേന്ദ്രമോഡി കഴിഞ്ഞ സ്വാതന്ത്ര്യദിനത്തിൽ രാഷ്ട്രത്തെ അഭിസംബോധന ചെയ്ത വാചകങ്ങളിലൂടെ ഇന്നു വീണ്ടുമൊന്നു കടന്നുപോയി നോക്കി. രാജ്യത്തെ കർഷകരോട് അദ്ദേഹത്തിന്റെ സർക്കാരിനുള്ള പ്രതിബദ്ധതയേക്കുറിച്ചാണു സംസാരിക്കുന്നത്: ' സ്വാശ്രിത ഇന്ത്യയുടെ മുൻഗണന സ്വാശ്രിത കാർഷിക മേഖലയും സ്വാശ്രിത കർഷകരും ആണ്. കർഷകരുടെ അവസ്ഥ ഞങ്ങൾ കണ്ടു. അതു അവഗണിക്കാനാവില്ല. എല്ലാ ചങ്ങലകളിൽ നിന്നും നാം അവരെ മോചിപ്പിക്കണം''. കർഷകരുടെ ഹൃദയത്തോടു ചേർന്നുനിൽക്കുന്നു എന്ന് തോന്നിപ്പിക്കുന്ന ഈ മനോഹര വർത്തമാനം അദ്ദേഹം പറയുന്നതിന് ഒരാഴ്ച മുമ്പ്, ഓഗസ്റ്റ് 9ന് പാർലമെന്റിന്റെ പരിഗണനയിലുള്ള കർഷകവിരുദ്ധ ബില്ലുകൾക്കെതിരേ ഇപ്പോഴും തുടരുന്ന പ്രക്ഷോഭത്തിന് കർഷകർ തുടക്കം കുറിച്ചിരുന്നു. പിറ്റേ മാസം, സെപ്റ്റംബറിലാണ് മൂന്നു കാർഷിക പരിഷ്‌കരണ നിയമങ്ങൾ പാർലമെന്റ് പാസ്സാക്കിയത്. കർഷകവിരുദ്ധമാണ് അവ എന്ന വിമർശനം മുഖവിലക്കെടുക്കാനോ പിൻവലിക്കാനോ കർഷകരുടെ ഉത്കണ്ഠകൾ ഉൾക്കൊള്ളാനോ ഒരു വർഷം പിന്നിട്ടിട്ടും കേന്ദ്ര സർക്കാർ തയ്യാറായിട്ടില്ല. ചർച്ചകൾ പലതും നടന്നു; എല്ലാം പരാജയമായിരുന്നു. ഇപ്പോൾ ചർച്ചകളുമില്ലാതായി. ഇന്ന്, ഈ സ്വാതന്ത്ര്യദിനത്തിൽ പ്രധാനമന്ത്രിക്ക് കർഷകരോടു പറയാനുള്ളത് എന്തായിരിക്കും എന്ന് രാജ്യവും ലോകംതന്നെയും ഉറ്റുനോക്കുന്നുണ്ട്. എല്ലാ ചങ്ങലകളിൽ നിന്നും അവരെ മോചിപ്പിക്കാനാണ് അവർ അംഗീകരിക്കാത്ത നിയമങ്ങൾ നിർമിച്ചതെന്ന് അദ്ദേഹം ഇനിയും അവകാശപ്പെടുമോ.
കർഷകരുടെ കാര്യം മാത്രമല്ല, രാജ്യത്തെ വിവിധ ജനവിഭാഗങ്ങളുടെ പൊതുവായ ആശങ്കകൾ കൂടി പ്രധാനമന്ത്രിയും കേന്ദ്ര സർക്കാരും മുഖവിലക്കെടുക്കുകതന്നെ വേണം. ജനാധിപത്യ മതനിരപേക്ഷ പരമാധികാര റിപ്പബ്ലിക്കായി നാം നെഞ്ചേറ്റുന്ന രാജ്യത്തിന്റെ ജനാധിപത്യവും മതിനിരപേക്ഷതയും പരമാധികാരവും പ്രതിസന്ധികളോ ഭീഷണിയോ നേരിടുന്നില്ല എന്ന് നെഞ്ചിൽ കൈവച്ച് പറയാൻ ഭരണ രാഷ്ട്രീയ നേതൃത്വത്തിനു കഴിയുമോ എന്നതു പ്രധാനമാണ്. സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വർഷത്തിലേക്കു കടക്കുന്ന ഇന്ത്യയെ അരനൂറ്റാണ്ടിലേറെക്കാലം ഭരിച്ച കോൺഗ്രസ് സർക്കാരുകൾ നമ്മുടെ പരമാധികാരത്തെ വൻതോതിൽ അപകടപ്പെടുത്തിയിരുന്നു. ലോകബാങ്കിനെയും ഐ.എം.എഫിനെയും പോലുള്ള സാമ്രാജ്യത്വ ധനകാര്യ സ്ഥാപനങ്ങളിൽ നിന്നു വാങ്ങിയ വലിയ വായ്പകൾ നമ്മുടെ പരമാധികാരത്തിനുമേലുള്ള കടന്നുകയറ്റത്തിനുള്ള അവസരങ്ങളാണ് എന്ന വിമർശനം ഉയർത്തിയ ഇടതുപക്ഷവും പിന്നീട് അത്തരം വായ്പകളോട് എതിർപ്പില്ലാത്തവരായി മാറി. ബി.ജെ.പി അധികാരത്തിൽ വന്നപ്പോൾ കോൺഗ്രസിന്റെ സാമ്രാജ്യത്വ അനുകൂല സാമ്പത്തിക നയങ്ങൾ അതിനേക്കാൾ തീവ്രമായാണ് നടപ്പാക്കിയത്, നടപ്പാക്കിക്കൊണ്ടിരിക്കുന്നത്.
അതിനൊപ്പം അവർ ജനാധിപത്യ മതനിരപേക്ഷ മൂല്യങ്ങളെ തകർക്കുന്ന നയങ്ങളും നടപ്പാക്കുന്നു. അടിയന്തരാവസ്ഥ എന്ന ജനാധിപത്യ ധ്വംസനത്തിൽ രണ്ടു വർഷം തികയ്ക്കാതെ ഇന്ദിരാഗാന്ധിയെ പിന്തിരിപ്പിക്കാൻ ഇന്ത്യയ്ക്കു കഴിഞ്ഞു. നമ്മുടെ ഭരണഘടനയുടെ അതിശക്തമായ ജനാധിപത്യപ്രതിബദ്ധതയാണ് അതിലേക്കു നയിച്ചത്. എന്നാൽ മതത്തിന്റെ അടിസ്ഥാനത്തിൽ പൗരത്വനിർണയം പോലും നടത്തുന്ന നിയമങ്ങൾക്കു വേണ്ടി വാശിയോടെ വാദിക്കുന്ന ബി.ജെ.പി സർക്കാർ ഒരേസമയം ജനാധിപത്യത്തെയും മതനിരപേക്ഷതയെയുമാണ് അപകടത്തിലാക്കുന്നത്. അതിനെതിരേ, ജനാധിപത്യത്തിന്റെ അന്തസ്സും ഗാംഭീര്യവും ഉയർത്തിപ്പിടിച്ചുകൊണ്ട് ചെറുത്തുനിൽപ്പ് കൂടുതൽ ശക്തമാക്കാതിരിക്കില്ല. ബാബ്‌രി മസ്ജിദ് പൊളിച്ചവരുടെ ഉൾപ്പെടെ എല്ലാത്തരം വർഗീയതോടും ഭീകരവാദത്തോടും വിട്ടുവീഴ്ചയില്ലാതെ ഒറ്റക്കെട്ടായിനിന്ന് സ്വാതന്ത്ര്യദിനം ആഘോഷിക്കുക എന്നത് ഇന്ന് കൂടുതൽ പ്രസക്തമാകുന്നു. അതേസമയം, ലോകം അഭിമുഖീകരിക്കുന്ന കോവിഡ് മഹാമാരിയുടെ വേവലാതികളെ നിശ്ചയദാർഢ്യത്തോടെ ചെറുത്തു തോൽപ്പിക്കുന്നതിൽ നാം സർക്കാരുകളുടെ ഇടപെടലുകൾക്കൊപ്പം നിൽക്കുകയും വേണം. ഇതു രണ്ടും രണ്ടാണ്; കേന്ദ്രസർക്കാരിനെ നയിക്കുന്ന ബിജെപിയുടെയും എൻഡിഎയുടെയും രാഷ്ട്രീയ നയങ്ങളോടു വിയോജിച്ചുകൊണ്ടുതന്നെ രാജ്യത്തിനു വേണ്ടി നിലകൊള്ളാനാകും. കേരളത്തിലെ ഇടതുപക്ഷമുന്നണി സർക്കാരിനെ നയിക്കുന്ന സി.പി.എമ്മിനോടും എൽ.ഡി.എഫിനോടുമുള്ള വിയോജിപ്പുകൾകൂടി നിലനിർത്തി കേരളത്തിനു വേണ്ടി നിലകൊള്ളാനുമാകും.
സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവമാണ് 75 -ാം സ്വാതന്ത്ര്യദിനം. അങ്ങനെയാണ് വിശേഷിപ്പിക്കുന്നതും ആഘോഷങ്ങൾ നടത്തുന്നതും. ഈ ഉത്സവം വെറും സ്വാതന്ത്ര്യത്തിന്റെ ആഘോഷമല്ലെന്നും മറിച്ച്, വരാനിരിക്കുന്ന 25 വർഷത്തേക്കുള്ള വലിയ ലക്ഷ്യങ്ങൾക്കും തീരുമാനങ്ങൾക്കുമുള്ള അവസരമാണിത് എന്നും പരക്കെ കേൾക്കുന്നുണ്ട്. ആ ലക്ഷ്യങ്ങൾ ഒരു കാരണവശാലും ഇന്ത്യയുടെ ആത്മാവിനു മുറിവേൽപ്പിക്കുന്നതാകാൻ പാടില്ല. പക്ഷേ, നിർഭാഗ്യവശാൽ അങ്ങനെ മുറിവേൽപ്പിക്കാനുള്ള ശ്രമങ്ങൾ നടത്തുന്നവർ രാജ്യരക്ഷകരായാണ് അവതരിച്ചിരിക്കുന്നത്. ജനങ്ങളെ വിഭാഗീയമായി കാണുകയും പെരുമാറുകയും ചെയ്യുന്നവർക്കെങ്ങനെയാണ് രക്ഷകരാകാൻ കഴിയുക? അതു സാധിക്കില്ല എന്ന് ചൂണ്ടിക്കാട്ടി അവരെ തിരുത്താൻ എത്രത്തോളം സാധിക്കും എന്നതിൽ സംശയമുണ്ട്. പക്ഷേ, ശ്രമിച്ചുകൊണ്ടേയിരിക്കാതെ വയ്യ. ആ ശ്രമം പ്രതിഷേധമാണ്, ജനാധിപത്യപരമായ പ്രക്ഷോഭങ്ങളാണ്. പ്രധാനമന്ത്രിയെയും സർക്കാരിന്റെ നയങ്ങളെയും വിമർശിക്കുന്നത് രാജ്യദ്രോഹമല്ല എന്ന സുപ്രധാന കോടതിവിധി നൽകിയ വലിയ ആശ്വാസം ഇത്തരം പോരാട്ടങ്ങൾക്കു കരുത്താണ്. എങ്കിലും എതിർപ്പിന്റെ ശബ്ദങ്ങൾ അടിച്ചമർത്താനുള്ള ശ്രമങ്ങൾ സജീവമായിത്തന്നെ തുടരുന്നു. വിചാരണത്തടവുകാരനായിരിക്കെ രോഗബാധിതനായി ഫാ. സ്റ്റാൻ സ്വാമി ആശുപത്രിയിൽ മരിച്ചത് വലിയ പ്രതിഷേധമാണല്ലോ ഉയർത്തിയത്. സ്വേഛാധിപത്യ ഭരണകൂടങ്ങൾ വിമർശനങ്ങളെയും എതിർപ്പുകളെയും കൈകാര്യം ചെയ്യുന്നത് രാജ്യദ്രോഹം എന്ന ഇരുതലമൂർച്ചയുള്ള വാൾ ഉപയോഗിച്ചാണ്. അതിന്റെ വായ്ത്തലയാണ് കോടതി മടക്കിക്കളഞ്ഞത്.
കഴിഞ്ഞ സ്വാതന്ത്ര്യദിനത്തിൽ നിന്ന് ഈ ദിനത്തിലേക്ക് എത്തുമ്പോൾ ജനാധിപത്യ അവകാശങ്ങൾക്കു ലഭിച്ച ഏറ്റവും വലിയ കരുത്ത് ആ വിധിയാണ്.
ദേശീയ വിദ്യാഭ്യാസ നയം 2020 -ന്റെ ഒന്നാം വാർഷികം കൂടിയാണ് കടന്നു പോയത്. പുതിയ ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കുന്നത് സ്വാതന്ത്ര്യത്തിന്റെ അമൃതമഹോത്സവത്തിന്റെ ഒരു പ്രധാന ഭാഗമായാണ് കേന്ദ്ര സർക്കാർ കാണുന്നത്. ദേശീയ വിദ്യാഭ്യാസ നയം അടിസ്ഥാനമാക്കി ആരംഭിച്ച പദ്ധതികൾ ഒരു പുതിയ ഇന്ത്യ കെട്ടിപ്പടുക്കുന്നതിൽ വലിയ പങ്കുവഹിക്കും എന്നാണ് അവകാശവാദം. രാജ്യത്തിന്റെ ഭാവിയിലേക്ക് പുതിയ തലമുറ നമ്മെ കൊണ്ടുപോകുമെന്നും ഭാവിയിൽ നമ്മൾ എത്രത്തോളം മുന്നോട്ട് പോകും, എത്രത്തോളം വിജയം കൈവരിക്കും എന്നത് ഇന്നത്തെ യുവാക്കൾക്ക് നമ്മൾ നൽകുന്ന ദിശയും വിദ്യാഭ്യാസവും അനുസരിച്ചായിരിക്കും എന്നുമാണ് ദേശീയ വിദ്യാഭ്യാസ നയത്തെ പരിചയപ്പെടുത്തി കേന്ദ്രസർക്കാർ പറഞ്ഞത്. പുതിയ ദേശീയ വിദ്യാഭ്യാസ നയം രാഷ്ട്രനിർമ്മാണത്തിന്റെ 'മഹായജ്ഞ'ത്തിലെ ഒരു പ്രധാന ഘടകമാണെന്ന് വിശ്വസിക്കുന്നു എന്നാണ് പ്രധാനമന്ത്രിതന്നെ പ്രഖ്യാപിച്ചത്. കണ്ടറിയാൻ കാത്തിരിക്കാം.
ഓഗസ്റ്റ് 15 എന്നത് ഇന്ത്യയിലെ ഓരോ കൊച്ചുകുട്ടിയുടെ പോലും വികാരമാണ്. ബ്രിട്ടീഷ് അധിനിവേശത്തിൽ നിന്ന് നാം പൊരുതി നേടിയ സ്വാതന്ത്ര്യത്തിനു തിളക്കം പത്തരമാറ്റാണ്. അതിൽ പോറലേൽപ്പിക്കാനുള്ള ശ്രമങ്ങൾ കാലാകാലങ്ങളിൽ തോറ്റു പോയിട്ടുമുണ്ട്. ആത്യന്തിക വിജയം ജനതയുടെ സ്വാതന്ത്ര്യബോധത്തിന്റേതുതന്നെയാണ്. ദാ, വീണ്ടും വന്നിരിക്കുന്നു, ഓരോ ഇന്ത്യക്കാരുടെയും ഏറ്റവും പ്രധാനപ്പെട്ട ദിനം; അതെ നമ്മുടെ സ്വാതന്ത്ര്യദിനം.