Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

പദവി ശരിയാക്കൽ ആനുകൂല്യം പ്രയോജനപ്പെടുത്തണമെന്ന് മന്ത്രാലയം 

റിയാദ്- ബിനാമി ബിസിനസ് സ്ഥാപനങ്ങൾ നടത്തുന്നവർ ഇപ്പോൾ പ്രഖ്യാപിച്ച പൊതുമാപ്പ് പ്രകാരമുള്ള പദവി ശരിയാക്കൽ ആനുകൂല്യം പ്രയോജനപ്പെടുത്താൻ എത്രയും വേഗം മുന്നോട്ടുവരണമെന്ന് വാണിജ്യ മന്ത്രാലയം ആവശ്യപ്പെട്ടു. നിയമലംഘകർക്ക് പദവി ശരിയാക്കാൻ പ്രഖ്യാപിച്ച പൊതുമാപ്പ് ഈ മാസം 23 ന് അവസാനിക്കും. ഇതിനു മുമ്പായി വാണിജ്യ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് (mc.gov.sa) വഴി പദവി ശരിയാക്കൽ അപേക്ഷകൾ സമർപ്പിക്കണം. പദവി ശരിയാക്കൽ അപേക്ഷ നൽകുന്നതിലൂടെ ശിക്ഷാ നടപടികൾ ഒഴിവാക്കാനും മുൻകാല പ്രാബല്യത്തോടെ ആദായ നികുതി അടക്കുന്നതിൽനിന്ന് ഒഴിവാകാനും സാധിക്കും. 


ബിനാമി സ്ഥാപനത്തിൽ നിയമാനുസൃതമായി പുതിയ പാർട്ണർ എന്നോണം സൗദി പൗരനെയോ വിദേശിയെയോ ഉൾപ്പെടുത്തി സ്ഥാപനത്തിന്റെ പ്രവർത്തനം തുടരൽ, സ്ഥാപനത്തിന്റെ ഉടമസ്ഥാവകാശം സൗദി പൗരൻ കൈമാറുകയോ സ്ഥാപനം വിൽക്കുകയോ അടച്ചുപൂട്ടുകയോ ചെയ്യൽ, നിക്ഷേപ ലൈസൻസ് നേടിയ ശേഷം വിദേശിയുടെ പേരിലേക്ക് സ്ഥാപനത്തിന്റെ ഉടമസ്ഥാവകാശം മാറ്റൽ, സ്ഥാപന നടത്തിപ്പ് ചുമതല തുടർന്നും വഹിക്കാൻ വിദേശി പ്രീമിയം ഇഖാമയോ വിദേശ നിക്ഷേപ ലൈസൻസോ നേടൽ, ഫൈനൽ എക്‌സിറ്റിൽ വിദേശി രാജ്യം വിടൽ എന്നീ ചോയ്‌സുകൾ എളുപ്പത്തിൽ പ്രയോജനപ്പെടുത്തി ബിനാമി ബിസിനസ് നിയമലംഘകർക്ക് പദവികൾ ശരിയാക്കാൻ സാധിക്കും. 


ബിനാമി ബിസിനസ് കേസ് പ്രതികൾക്ക് കൂടുതൽ കടുത്ത ശിക്ഷകൾ വ്യവസ്ഥ ചെയ്യുന്ന പുതിയ നിയമം നിലവിൽ വന്നിട്ടുണ്ട്. കുറ്റക്കാർക്ക് അഞ്ചു വർഷം വരെ തടവും 50 ലക്ഷം റിയാൽ വരെ പിഴയുമാണ് പുതിയ നിയമത്തിൽ വ്യവസ്ഥ ചെയ്യുന്നത്. പഴയ നിയമത്തിൽ ബിനാമി ബിസിനസ് കേസ് പ്രതികൾക്ക് രണ്ടു വർഷം തടവും പത്തു ലക്ഷം റിയാൽ പിഴയുമാണ് വ്യവസ്ഥ ചെയ്തിരുന്നത്. ബിനാമി ബിസിനസ് സ്ഥാപനങ്ങൾ അടച്ചുപൂട്ടാനും ലൈസൻസും കൊമേഴ്‌സ്യൽ രജിസ്‌ട്രേഷനും റദ്ദാക്കാനും കുറ്റക്കാരായ സൗദി പൗരന്മാർക്ക് ബിസിനസ് മേഖലയിൽ അഞ്ചു വർഷത്തേക്ക് വിലക്കേർപ്പെടുത്താനും പുതിയ നിയമം അനുശാസിക്കുന്നു. കുറ്റക്കാരായ വിദേശികളെ ശിക്ഷ പൂർത്തിയാക്കിയ ശേഷം സൗദിയിൽ നിന്ന് നാടുകടത്തുകയും പുതിയ വിസയിൽ വീണ്ടും രാജ്യത്ത് പ്രവേശിക്കുന്നതിൽ നിന്ന് വിലക്കേർപ്പെടുത്തുകയും ചെയ്യും. ബിനാമി ബിസിനസ് സ്ഥാപനങ്ങളെ കുറിച്ച് വിവരം നൽകുന്നവർക്ക് നിയമ ലംഘകരിൽനിന്ന് ഈടാക്കുന്ന പിഴ തുകയുടെ 30 ശതമാനം വരെ പാരിതോഷികം നൽകാനും പുതിയ നിയമം അനുവദിക്കുന്നു. 


ഫെബ്രുവരി 25 ന് ആണ് പുതിയ ബിനാമി ബിസിനസ് വിരുദ്ധ നിയമം പ്രാബല്യത്തിൽ വന്നത്. ഇതോടനുബന്ധിച്ച് നിയമ ലംഘകർക്ക് പദവി ശരിയാക്കാൻ 180 ദിവസത്തെ സാവകാശവും അനുവദിച്ചു. ഇത് ഓഗസ്റ്റ് 23 ന് അവസാനിക്കും. ബിനാമി ബിസിനസ് പ്രവണത അവസാനിപ്പിക്കാൻ ലക്ഷ്യമിട്ട് നിരവധി പദ്ധതികൾ ബന്ധപ്പെട്ട വകുപ്പുകൾ സമീപ കാലത്ത് പ്രഖ്യാപിച്ചിട്ടുണ്ട്. ചില്ലറ വ്യാപാര മേഖലയിൽ ഇ-പെയ്‌മെന്റ് സംവിധാനം നിർബന്ധമാക്കൽ, ബിനാമി ബിസിനസിന്റെ അപകടങ്ങളെ കുറിച്ച ബോധവൽക്കരണ കാമ്പയിൻ, നിയമ ലംഘകരുടെ പദവി ശരിയാക്കാനുള്ള പദ്ധതി, ബിനാമി ബിസിനസ് പ്രവണത വ്യാപകമായ മേഖലകളിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കുള്ള നഗരസഭാ വ്യവസ്ഥകൾ പരിഷ്‌കരിക്കൽ എന്നിവ ഇതിൽ പെടുന്നു. 


ബിനാമി ബിസിനസുകൾ നടത്തുന്നവർക്ക് പദവി ശരിയാക്കാൻ അനുവദിച്ച പൊതുമാപ്പിന്റെ ഭാഗമായി ബിനാമി വിരുദ്ധ ദേശീയ പ്രോഗ്രാം പുതിയ ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. പദവി ശരിയാക്കൽ പദ്ധതി പ്രയോജനപ്പെടുത്തുന്ന ഇടത്തരം, വൻകിട സ്ഥാപനങ്ങളുടെ സ്ഥാപനങ്ങളുടെ വാർഷിക വരുമാനം നാലു കോടി റിയാലിൽ നിന്ന് ഒരു കോടി റിയാലായി കുറക്കുകയും നിയമാനുസൃത മൂലധന വ്യവസ്ഥ പാലിക്കാനുള്ള സമയം മൂന്നു വർഷത്തിൽ നിന്ന് അഞ്ചു വർഷമായി ദീർഘിപ്പിക്കുകയും ചെയ്തിട്ടുണ്ട്. സൗദിയിൽ പ്രീമിയം ഇഖാമയോ വിദേശ നിക്ഷേപ ലൈസൻസോ നേടിയ ശേഷമല്ലാതെ വിദേശികൾക്ക് ബിസിനസ് മേഖലയിൽ നിയമാനുസൃതം പ്രവർത്തിക്കാൻ കഴിയില്ല. പൊതുമാപ്പ് പ്രയജോനപ്പെടുത്തി പദവി ശരിയാക്കാൻ നിരവധി പേർ ബന്ധപ്പെട്ട വകുപ്പുകളെ സമീപിച്ചിട്ടുണ്ട്. ഇക്കൂട്ടത്തിൽ നിരവധി അപേക്ഷകളിൽ ഇതിനകം നടപടികൾ പൂർത്തിയാക്കിയിട്ടുണ്ട്. അവശേഷിക്കുന്ന അപേക്ഷകളിൽ അധികൃതർ നടപടികൾ സ്വീകരിച്ചുവരികയാണ്. ബിനാമി ബിസിനസ് പ്രവണത മൂലം ദേശീയ സമ്പദ്‌വ്യവസ്ഥക്ക് പ്രതിവർഷം 30,000 കോടിയിലേറെ റിയാലിന്റെ നഷ്ടം നേരിടുന്നുണ്ടെന്നാണ് കണക്കാക്കുന്നത്. 

Latest News