റിയാദ്- ബിനാമി ബിസിനസ് കേസ് പ്രതികളായ സൗദി പൗരനെയും ഈജിപ്തുകാരനെയും ഹായിൽ ക്രിമിനൽ കോടതി ശിക്ഷിച്ചതായി വാണിജ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്തെ നിയമങ്ങൾ ലംഘിച്ച് ഹായിലിൽ സ്വന്തം നിലക്ക് ഫാർമസി നടത്തിയ ഈജിപ്തുകാരൻ ജമാൽ ഹുസ്‌നി അഹ്മദ് അൽമഹ്ദി, ഇതിന് ആവശ്യമായ ഒത്താശകളും സഹായസൗകര്യങ്ങളും ചെയ്തുകൊടുത്ത സൗദി പൗരൻ ഗാസി ബിൻ മർസൂഖ് ബിൻ ഗാസി അൽശമ്മരി എന്നിവർക്കാണ് ശിക്ഷ. പ്രതിമാസം 3000 റിയാൽ തോതിൽ ഈടാക്കിയാണ് ഫാർമസി സ്വന്തം നിലക്ക് നടത്താൻ ഈജിപ്തുകാരന് സൗദി പൗരൻ ഒത്താശകൾ ചെയ്തുകൊടുത്തത്.
വാണിജ്യ മന്ത്രാലയ സംഘം ഫാർമസിയിൽ നടത്തിയ പരിശോധനയിൽ സ്ഥാപനം ഈജിപ്തുകാരൻ ബിനാമിയായി നടത്തുകയാണെന്ന് സംശയം തോന്നുകയായിരുന്നു. തുടർന്ന് നടത്തിയ വിശദമായ അന്വേഷണത്തിൽ സ്ഥാപനം ബിനാമിയാണെന്ന് സ്ഥിരീകരിക്കുന്ന തെളിവുകൾ കണ്ടെത്തുകയായിരുന്നു. പ്രാഥമികാന്വേഷണം പൂർത്തിയാക്കിയ വാണിജ്യ മന്ത്രാലയം നിയമ നടപടികൾക്ക് സൗദി പൗരനും ഈജിപ്തുകാരനും എതിരായ കേസ് പിന്നീട് പബ്ലിക് പ്രോസിക്യൂഷന് കൈമാറി.
പബ്ലിക് പ്രോസിക്യൂഷൻ സമർപ്പിച്ച കുറ്റപത്രത്തിന്റെ അടിസ്ഥാനത്തിൽ കേസിൽ വിചാരണ പൂർത്തിയാക്കിയ ഹായിൽ ക്രിമിനൽ കോടതി സൗദി പൗരനും ഈജിപ്തുകാരനും 1,20,000 റിയാൽ പിഴ ചുമത്തി. ഫാർമസി അടപ്പിക്കാനും ലൈസൻസും കൊമേഴ്‌സ്യൽ രജിസ്‌ട്രേഷനും റദ്ദാക്കാനും കോടതി ഉത്തരവിട്ടു. ഇതേ മേഖലയിൽ പുതിയ സ്ഥാപനങ്ങൾ ആരംഭിക്കുന്നതിൽനിന്ന് സൗദി പൗരന് വിലക്കേർപ്പെടുത്തിയിട്ടുമുണ്ട്.
നിയമാനുസൃത സകാത്തും ഫീസുകളും നികുതികളും ഇരുവരിൽ നിന്നും ഈടാക്കാനും വിധിയുണ്ട്. ശിക്ഷ പൂർത്തിയാക്കിയ ശേഷം ഈജിപ്തുകാരനെ സൗദിയിൽ നിന്ന് നാടുകടത്താനും പുതിയ തൊഴിൽ വിസയിൽ വീണ്ടും രാജ്യത്ത് പ്രവേശിക്കുന്നതിൽ നിന്ന് ആജീവനാന്ത വിലക്കേർപ്പെടുത്താനും കോടതി ഉത്തരവിട്ടു. സൗദി പൗരന്റെയും ഈജിപ്തുകാരന്റെയും പേരുവിവരങ്ങളും ഇരുവരും നടത്തിയ നിയമ ലംഘനവും ഇതിനുള്ള ശിക്ഷയും രണ്ടു പേരുടെയും ചെലവിൽ പത്രത്തിൽ പരസ്യം ചെയ്യാനും ഹായിൽ ക്രിമിനൽ കോടതി വിധിച്ചതായി വാണിജ്യ മന്ത്രാലയം അറിയിച്ചു.