Sorry, you need to enable JavaScript to visit this website.

പ്രതിഷേധം അതിരുകടക്കാതിരിക്കാൻ നൂതന ആശയങ്ങൾ തേടി വി.ഡി. സതീശൻ ടീം

നിയമസഭ കൈയ്യാങ്കളി കേസിലെ കോടതി വിധിയുടെ ഭയപ്പാടിലാണ് നിയമസഭയിൽ അധിക പേരുമെന്നുറപ്പ്. പ്രത്യേകിച്ച് കോൺഗ്രസ് പ്രതിപക്ഷം. ഈ പറഞ്ഞകേസിലെ മുഖ്യ സാക്ഷികൾ ലോകത്താകെയുള്ള ജനങ്ങളായിരുന്നു. പ്രതികൾ ഇന്ന് കേരളം ഭരിക്കുന്നവരും. സങ്കട കക്ഷി കെ.എം. മാണി മരിച്ചു പോയി. കൈയ്യാങ്കളി കേസിലെ വിധിയുടെ പശ്ചാത്തലത്തിൽ വളരെ സൂക്ഷിച്ചാണ് ഇപ്പോഴത്തെ പ്രതിപക്ഷം  ഓരോ ചുവടും മുന്നോട്ട് വെക്കുന്നത്. പ്രതിഷേധിക്കാൻ എത്രയോ കാര്യങ്ങളുണ്ടായിട്ടും പ്രതിപക്ഷം അതിരു കവിഞ്ഞ സംയമനത്തിലാണ്.നിയമസഭ കൈയ്യാങ്കളി കേസിൽ കോടതി വിധി എതിരായിട്ടുപോലും മന്ത്രി വി. ശിവൻ കുട്ടിക്കെതിരായ പ്രതിഷേധം പരിമിതപ്പെട്ടതിന് മറ്റ് കാരണങ്ങളൊന്നും കാണുന്നില്ല. മന്ത്രിയെ ബഹിഷ്‌ക്കിരിക്കില്ല എന്ന പുതിയ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ പ്രഖ്യാപനം നേരത്തെ തന്നെ വന്നിരുന്നു. 


മന്ത്രിമാരെ ബഹിഷ്‌ക്കരിക്കുമെന്ന് പറഞ്ഞാൽ അത് നടപ്പാക്കിയെടുക്കൽ പ്രയാസമായിരിക്കുമെന്ന്  ഇന്നത്തെ ഭരണകക്ഷി പ്രതിപക്ഷത്തിരുന്നപ്പോൾ പലവട്ടം കണ്ടിരുന്നു. ബഹിഷ്‌ക്കരണാഹ്വാനം പിന്നെ പിന്നെയങ്ങ് മറക്കും. സമരം ചെയ്യാൻ ജനിച്ച കൂട്ടരുടെ കാര്യം ഇതാണെങ്കിൽ പിന്നെ യു.ഡി.എഫിന്റെ കാര്യം പറയാനില്ല. ഡോളർ കടത്ത് കേസിൽ മുഖ്യമന്ത്രിയെ പ്രതിസന്ധിയിലാക്കുന്ന സംഭവങ്ങളുണ്ടായപ്പോൾ സഭയിലെ പ്രക്ഷോഭം എങ്ങിനെയായിരിക്കണമെന്നതിന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ മനസ്സിലുദിച്ച ആശയമായിരുന്നു വ്യാഴാഴ്ച നടന്ന മോക്ക് നിയമ സഭ. അപ്രതീക്ഷിതമായി ദേശീയ തലത്തിൽ ശ്രദ്ധ കിട്ടിയ സമര രീതിയായി അത് മാറി. മോക്ക് നിയമസഭ സമരത്തിന് ശേഷം ഇന്നലെയും വേണമായിരുന്നു ഒരു പുതിയ സമര രീതി. അതിനവർ കണ്ടെത്തിയ മാർഗമാണ് ചോദ്യോത്തരവേള മുതൽ തുടങ്ങിയ പ്രതിഷേധം. ഒടുവിൽ അഴിമതി വിരുദ്ധ മതിലിൽ അവസാനിപ്പിക്കുകയായിരുന്നു. ആശയ സമ്പന്നരാണ് പ്രതിപക്ഷ നിരയിലുള്ളവരധികവും. ഈ സമര രീതിയെ അത്രയൊന്നും രൂക്ഷമല്ലാത്ത ഭാഷയിൽ ധനകാര്യമന്ത്രി കെ.എൻ. ബാലഗോപാൽ ചെറുതാക്കി കാണിക്കുന്നുണ്ട്.  മോക്ക് സഭ, അത്രപോരെന്ന് വിമർശമേറ്റ പ്രതിപക്ഷത്തിന്റെ മിടുക്ക് കാണിക്കാനുള്ള പരിപാടിയായി കണ്ട ബാലഗോപാൽ ഇന്നലെ നടന്ന അഴിമതി വിരുദ്ധ മതിലിനെ നേരത്തെ കൂട്ടി തീരുമാനിച്ച പരിപാടിയായാണ് വിലയിരുത്തിയത്. അതത്ര പോരെന്ന് തോന്നിയപ്പോൾ പ്രതിപക്ഷ നേതാവിന് ദൽഹിയിൽ പോകാനായി സഭ നേരത്തെ പിരിയാനാണ് ഈ പരിപാടിയെന്ന് ബാലഗോപാൽ വീണ്ടും കൗശലം പറഞ്ഞിട്ടുണ്ട്. 
ഡോളർ കടത്ത് കേസിൽ മുഖ്യമന്ത്രി മൗനം വെടിയണമെന്നാവശ്യപ്പെട്ട് നിയമസഭാ കവാടത്തിന് മുന്നിൽ അഴിമതി വിരുദ്ധ മതിൽ തീർത്തായിരുന്നു ഇന്നലെ പ്രതിപക്ഷ പ്രതിഷേധം. ഗുരുതരമായ ആരോപണമുണ്ടായിട്ടും മുഖ്യമന്ത്രി മറുപടി പറയാത്തതിൽ പ്രതിഷേധിച്ച് സഭ ബഹിഷ്‌കരിച്ചതിന് പിന്നാലെയായിരുന്നു പ്രതിപക്ഷത്തിന്റെ അഴിമതി വിരുദ്ധ മതിൽ. നിയമ സഭയിൽ ലഭിക്കുന്നതു പോലുള്ള മീഡിയ കവറേജ്‌ലഭിക്കുന്ന സമര രീതി. 


ആരോപണത്തിൽ മുഖ്യമന്ത്രി മറുപടി പറയണമെന്ന ആവശ്യം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നിയമസഭ കവാടത്തിൽ മതിൽ തീർത്ത ശേഷം നടത്തിയ പ്രസംഗത്തിലും ശക്തിയായി ആവർത്തിച്ചു. മുഖ്യമന്ത്രിയുടെ മൗനം ജനങ്ങളുടെ ആശങ്ക വർധിപ്പിക്കുകയാണ്. നല്ല  ഭയമുള്ളതുകൊണ്ടാണ് മുഖ്യമന്ത്രിയുടെ മൗനം. 
ഡോളർക്കടത്തിൽ മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് ചോദ്യോത്തരവേള തുടങ്ങിയത് മുതൽ മുദ്രാവാക്യം വിളിച്ചും ബാനർ ഉയർത്തിയും പ്രതിപക്ഷം പ്രതിഷേധിച്ചിരുന്നു. സഭയിൽ ബാനർ ഉയർത്തുന്നത് ചട്ടവിരുദ്ധമാണെന്നെന്നും ചോദ്യോത്തരവേള തടസ്സപ്പെടുത്തരുതെന്നും സ്പീക്കർ എം.ബി. രാജേഷ് ചട്ട പ്രകാരമുള്ള മുന്നറിയിപ്പ് നൽകി കൊണ്ടിരുന്നു. കുറച്ചു നേരം പ്രതിഷേധിച്ച ശേഷം പ്രതിപക്ഷം സഭ ബഹിഷ്‌കരിക്കുകയായിരുന്നു. 


സഭയിലിരുന്നാൽ ഭരണ കക്ഷിയിൽ നിന്നുള്ള പ്രകോപനത്തിൽ ലക്ഷ്യം തെറ്റുമെന്ന് വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷ ബുദ്ധി ജീവികൾക്കറിയാം. പ്രതിപക്ഷ നേതാവിന് ഡൽഹിയിൽ പോകാനുള്ളത് കൊണ്ടാണ് സഭ ബഹിഷ്‌കരിക്കുന്നതെന്ന ധനമന്ത്രി കെ.എൻ. ബാലഗോപാലിന്റെ പരിഹാസം പോലും പ്രതിപക്ഷം ബഹിഷ്‌ക്കരിക്കാതെ സഭയിലുണ്ടായിരുന്നുവെങ്കിൽ പ്രകോപനത്തിന് ധാരാളം മതിയായിരുന്നു.


ഡോളർ കടത്ത് കേസിൽ കഴിഞ്ഞ ദിവസവും പ്രതികരിക്കാതിരുന്ന മുഖ്യമന്ത്രി ഇന്നലെയും മൗനം തുടർന്നതുപോലും വലിയ പ്രതിഷേധത്തിന് കാരണമാകുമായിരുന്നു. ഡോളർക്കടത്തു കേസിലെ പ്രതി മുഖ്യമന്ത്രിക്കെതിരേ നൽകിയ മൊഴി ചർച്ചചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നൽകിയ അടിയന്തരപ്രമേയ നോട്ടീസ് തള്ളിയതിൽ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം പ്രതിപക്ഷം നിയമസഭാ നടപടികൾ പൂർണമായും ബഹിഷ്‌കരിച്ചിരുന്നു. സഭയ്ക്കകത്തും കവാടത്തിലും മുദ്രാവാക്യം മുഴക്കി പ്രതിഷേധിച്ച പ്രതിപക്ഷം പുറത്ത് പ്രതീകാത്മക നിയമസഭ ചേർന്ന് അടിയന്തരപ്രമേയം അവതരിപ്പിച്ച് മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെടുകയായിരുന്നു. അതിന് ശേഷമാണ് ഇന്നലെ നിയമ സഭ കവാടത്തിലെ അഴിമതി വിരുദ്ധ മതിൽ തീർത്തത്. വെടിക്കെട്ടു കാരന്റെ കുട്ടിയെ ഉടുക്കു കൊട്ടി പേടിപ്പിക്കേണ്ട കേട്ടോ എന്ന മുഖ്യമന്ത്രിയുടെ പ്രതികരണം അദ്ദേഹം നടത്തിയില്ലെങ്കിലും സമീപനം അതു തന്നെ. 


അസാധാരണ കാലത്തെ മറ്റൊരു അസാധാരണ സമ്മേളനത്തിനാണ്  ഇന്നലെ തിരശ്ശീല വീണത്. കോവിഡ് സാഹചര്യത്തിൽ വെട്ടിച്ചുരുക്കിയ സഭ സമ്മേളിച്ചത് 17 ദിവസം. ഒന്നാം സമ്മേളനം 12 ദിവസമായിരുന്നു. 29 ദിവസങ്ങൾ സ്പീക്കർ എം.ബി. രാജേഷിന് പരീക്ഷണ കാലവുമായിരുന്നു. ഇന്നലെ അംഗങ്ങൾക്കും പത്രക്കാർക്കും ഓണ സദ്യ നൽകിയാണ് അദ്ദേഹം മംഗളം ചൊല്ലിയത്. നിയമ നിർമാണത്തിനായി ഇനിയും ഉടൻ സഭ വിളിച്ചു ചേർക്കേണ്ടി വരുമെന്ന് സ്പീക്കർ അറിയിച്ചിട്ടുണ്ട്.
 

Latest News