Sorry, you need to enable JavaScript to visit this website.

മലബാറിലെ ആദ്യ 220 കെ.വി ഗ്യാസ് ഇൻസുലേറ്റഡ് സബ് സ്റ്റേഷൻ കുന്ദമംഗലത്ത് ഉദ്ഘാടനം 16 ന്  

കോഴിക്കോട്- കുന്ദമംഗലത്ത് 90 കോടി ചെലവിൽ പ്രവൃത്തി പൂർത്തീകരിച്ച 220 കെ.വി ഗ്യാസ് ഇൻസുലേറ്റഡ് സബ് സ്റ്റേഷൻ (ജി.ഐ.എസ് സബ് സ്റ്റേഷൻ) 16 ന് ഉച്ചക്ക് 2 മണിക്ക് വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്യും. പി.ടി.എ. റഹീം എം.എൽ.എ അധ്യക്ഷത വഹിക്കും.
മലബാറിലെ ആദ്യത്തെ 220 കെ.വി ഗ്യാസ് ഇൻസുലേറ്റഡ് സബ് സ്റ്റേഷനാണ് കുന്ദമംഗലത്ത് നിർമിച്ചത്. അത്യാധുനിക രീതിയിൽ പൂർണമായും ഓട്ടോമാറ്റിക് സംവിധാനങ്ങളോടെ പ്രവർത്തിക്കുന്ന ഇത്തരം സബ് സ്റ്റേഷനുകൾ സ്ഥാപിക്കുന്നതിന് പരമ്പരാഗത സബ് സ്റ്റേഷനുകളെ അപേക്ഷിച്ച് കുറഞ്ഞ സ്ഥലം മാത്രമേ ആവശ്യമുള്ളൂ.
ഐ.ഐ.എം, എൻ.ഐ.ടി കലിക്കറ്റ്, സി.ഡബ്ല്യു.ആർ.ഡി.എം, സ്‌കൂൾ ഓഫ് മാത്തമാറ്റിക്‌സ്, ഇന്ത്യൻ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് സ്‌പൈസസ് റിസർച്ച്, മിൽമ തുടങ്ങി നിരവധി കേന്ദ്ര-സംസ്ഥാന സർക്കാർ സ്ഥാപനങ്ങൾ സ്ഥിതി ചെയ്യുന്ന കുന്ദമംഗലത്ത് നിലവിലുള്ള 110 കെ.വി സബ് സ്റ്റേഷൻ അപര്യാപ്തമാണെന്നും ശേഷി കൂടിയതും ആധുനിക സംവിധാനങ്ങളുള്ളതുമായ സബ്‌സ്റ്റേഷൻ വേണമെന്നുമുള്ള ആവശ്യമാണ് പുതിയ സബ് സ്റ്റേഷന്റെ പ്രവൃത്തി പൂർത്തീകരിച്ചതോടെ നിറവേറിയത്. നല്ലളം 220 കെ.വി സബ് സ്റ്റേഷൻ വഴി അരീക്കോട് നിന്ന് ലഭിക്കുന്ന വൈദ്യുതിയും കക്കയത്ത് നിന്ന് ഉൽപ്പാദിപ്പിക്കുന്ന വൈദ്യുതിയുമായിരുന്നു ഇതുവരെ ഈ പ്രദേശങ്ങളിലെ ആശ്രയം.
കുന്ദമംഗലത്ത് കെ.എസ്.ഇ.ബിയുടെ ഉടമസ്ഥതയിലുള്ള 110 കെ.വി സബ് സ്റ്റേഷൻ കോമ്പൗണ്ടിലാണ് പുതിയ 220 കെ.വി ഗ്യാസ് ഇൻസുലേറ്റഡ് സബ് സ്റ്റേഷൻ സ്ഥാപിച്ചത്. നിലവിലുള്ള 7.66 കി.മീ 110 കെ.വി ഡബിൾ സർക്യൂട്ട് സ്ഥിതി ചെയ്യുന്ന അതേ റൂട്ടിലൂടെ ഇപ്പോഴുള്ള പ്രസരണ ടവറുകൾ മാറ്റി 220/110 കെ.വി മൾട്ടി സർക്യൂട്ട്, മൾട്ടി വോൾട്ടേജ് ടവറുകൾ സ്ഥാപിച്ച് അതിൽ 220 കെ.വി ഡബിൾ സർക്യൂട്ട് ലൈൻ പുതുതായി ഉൾക്കൊള്ളിച്ചാണ് ഈ സബ് സ്റ്റേഷനിലേക്ക് വൈദ്യുതി എത്തിക്കുന്നത്. 100 മെഗാവാട്ട് ശേഷിയുള്ള രണ്ട് പുതിയ ട്രാൻസ്‌ഫോമറുകളും പ്രവൃത്തിയുടെ ഭാഗമായി സ്ഥാപിച്ചിട്ടുണ്ട്.
കുന്ദമംഗലം നിയോജക മണ്ഡലത്തിലും കോഴിക്കോട് നഗര പരിധിയിലും ഗുണമേൻമയുള്ള വൈദ്യുതി എല്ലായ്‌പ്പോഴും ലഭ്യമാക്കുന്നതിനും മലയോര മേഖലയിലെ ചെറുകിട ജലവൈദ്യുതി നിലയങ്ങളിൽ നിന്നുള്ള ഉൽപാദനം പരാമാവധി പ്രയോജനപ്പെടുത്തുന്നതിനും പദ്ധതി സഹായകമാവും. 

Latest News