തലശ്ശേരി- ഇ ബുള്‍ ജെറ്റ് സഹോദരന്മാരുടെ നിയമ ലംഘനക്കേസില്‍ കുറ്റപത്രം സമര്‍പ്പിച്ച് മോട്ടോര്‍ വാഹന വകുപ്പ്. തലശ്ശേരി അഡി. സി ജെ എം കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. പിഴ തുകയായ 42000 രൂപ അടയ്ക്കാന്‍ തയാറാകാത്ത സാഹചര്യത്തിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്.
ഇനി പിഴ അടക്കേണ്ടത് കോടതിയുടെ തീര്‍പ്പനുനുസരിച്ചാകും.
അതേസമയം, വ്‌ലോഗര്‍ സഹോദരന്മാരായ എബിന്റെയും ലിബിന്റെയും ജാമ്യം റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് പോലീസ് കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ്. കലാപത്തിന് ആഹ്വാനം ചെയ്തതടക്കമുള്ള വകുപ്പുകളും ഇരുവര്‍ക്കുമെതിരെ കൂട്ടിച്ചേര്‍ത്തേക്കും. ഇത് സംബന്ധിച്ച് തിങ്കളാഴ്ച കോടതിയില്‍ ഹര്‍ജി നല്‍കും. കഴിഞ്ഞ ദിവസമാണ് വ്‌ലോഗര്‍മാരായ ഇ ബുള്‍ ജെറ്റ് സഹോദരങ്ങളെ പോലീസ് കസ്റ്റഡിയില്‍ എടുത്തത്. കളക്ടറേറ്റില്‍ ആര്‍.ടി.ഒ ഓഫീസില്‍ സംഘര്‍ഷമുണ്ടാക്കിയതിനായിരുന്നു നടപടി. വാഹന മോഡിഫിക്കേഷനുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഇവരുടെ വാന്‍ കണ്ണൂര്‍ ആര്‍.ടി.ഒ ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തിരുന്നു. തുടര്‍നടപടികള്‍ക്കായി ഇവരോട് തിങ്കളാഴ്ച രാവിലെ ഓഫീസില്‍ ഹാജരാവാനും ആവശ്യപ്പെട്ടിരുന്നു. ഇന്ന് രാവിലെ ഇരുവരും എത്തിയതിന് പിന്നാലെയാണ് സംഘര്‍ഷമുണ്ടായത്. ഇതിന് പിന്നാലെ കസ്റ്റഡിയിലെടുത്ത ഇവരെ റിമാന്‍ഡ് ചെയ്തു. തുടര്‍ന്ന് ഇവര്‍ക്ക് ജാമ്യം ലഭിച്ചിരുന്നു.
ഇ ബുള്‍ ജെറ്റ് വാഹനത്തില്‍ കണ്ടെത്തിയത് കടുത്ത നിയമലംഘനങ്ങളെന്ന് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ പദ്മലാല്‍ പറഞ്ഞു. തെറ്റുകള്‍ തിരുത്താന്‍ ഇ ചലാന്‍ വഴി സമയം കൊടുത്തിരുന്നുവെന്നും പദ്മലാല്‍ ട്വന്റിഫോറിനോട് പറഞ്ഞു. വാഹനത്തിന്റെ നിറം മാറ്റിയത് ഹൈക്കോടതി വിധിയുടെ ലംഘനമാണ്. ആഡംബര നികുതിയില്‍ വന്ന വ്യത്യാസം ഇ ബുള്‍ജെറ്റ് സഹോദരങ്ങളെ ബോധ്യപ്പെടുത്തിയിരുന്നു. വാഹനത്തിനു ബോഡിക്ക് പുറത്ത് തള്ളിനില്‍ക്കുന്ന പാര്‍ട്ട്‌സ് പാടില്ല എന്നാണ് നിയമം. എന്നാല്‍ ഈ നിയമവും ഇബുള്‍ജെറ്റ് ലംഘിച്ചിട്ടുണ്ട്. അംഗീകൃത വാഹനങ്ങളില്‍ മാത്രമേ സെര്‍ച്ച് ലൈറ്റ് പാടുള്ളൂ. പക്ഷേ വാഹനത്തില്‍ അതും കണ്ടെത്തിയിട്ടുണ്ടെന്ന് എംവിഐ പദ്മലാല്‍ ചൂണ്ടിക്കാട്ടി