Sorry, you need to enable JavaScript to visit this website.

ജയിലില്‍ കൊടി സുനിയുടെ കൂട്ടാളി ഫോണുമായി പിടിയില്‍

തൃശൂര്‍- വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലെ ശൗചാലയത്തില്‍ നിന്ന് രഹസ്യമായി ഫോണ്‍ വിളിക്കുന്നതിനിടെ കൊടി സുനിയുടെ കൂട്ടാളി കുടുങ്ങി. അവണൂര്‍ സിജോ വധക്കേസില്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന ഗുണ്ടാസംഘത്തിലെ ഒരാളാണ് പിടിക്കപ്പെട്ടത്. മൊബൈല്‍ ഫോണും സിം കാര്‍ഡും ജയില്‍ അധികൃതര്‍ വിയ്യൂര്‍ പോലീസിനു കൈമാറി. ടിപി വധക്കേസ് കുറ്റവാളി കൊടി സുനിയുടെ കൂട്ടാളിയാണു പിടിക്കപ്പെട്ടയാള്‍. ജയിലിനുള്ളില്‍ നിന്നു സുനി നടത്തുന്ന ക്വട്ടേഷന്‍ ഇടപാടുകളുമായി ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങള്‍ സിം കാര്‍ഡ് പരിശോധനയില്‍ വെളിപ്പെട്ടേക്കും.
തൃശൂര്‍ വരടിയം സ്വദേശി സിജോയെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലെത്തിയ ഗുണ്ടാനേതാവ് പ്രതീഷിന്റെ സംഘത്തിലെ അംഗമാണ് ഇയാള്‍. കൊടി സുനിയുടെ അനുയായികള്‍ എന്ന നിലയില്‍ ജയിലിലെ ബി ബ്ലോക്ക് ഭരിക്കുന്നത് ഈ ഗുണ്ടാസംഘമാണ്. ശൗചാലയത്തില്‍ കഴിഞ്ഞ ദിവസം ഉച്ചയോടെ ഒരാള്‍ ഒച്ചയടക്കി സംസാരിക്കുന്നതു കേട്ടു ജീവനക്കാര്‍ പരിശോധന നടത്തിയപ്പോഴാണ് ഫോണ്‍ പിടികൂടിയത്. ഫോണിലെ കോള്‍ ലിസ്റ്റില്‍ ഒട്ടേറെ നമ്പറുകള്‍ കണ്ടെത്തിയിട്ടുണ്ട്. ഇവ തിരിച്ചറിയാനും ഫോണ്‍ ഉപയോഗിച്ചു നടത്തിയ ഇടപാടുകള്‍ പരിശോധിക്കാനും വിയ്യൂര്‍ പോലീസ് സാങ്കേതിക വിദഗ്ധരുടെ സഹായം തേടിയിട്ടുണ്ട്. 3 തടവുകാര്‍ക്കെതിരെ കേസ് റജിസ്റ്റര്‍ ചെയ്യും.
ബി ബ്ലോക്കില്‍ നിന്നു പലവട്ടം ഫോണുകള്‍ പിടികൂടിയിട്ടുണ്ടെങ്കിലും സിം കാര്‍ഡ് സഹിതം പിടികൂടുന്നത് അപൂര്‍വമാണ്. ജയിലിലേക്കു കഞ്ചാവ് എത്തിക്കുന്നതുമായി ബന്ധപ്പെട്ട ഇടപാടുകള്‍ക്കാണു പ്രതികള്‍ ഇവ ഉപയോഗിച്ചിരുന്നതെന്നു പ്രാഥമിക പരിശോധനയില്‍ തന്നെ വ്യക്തമായി. ജയിലിനു പുറത്തു ക്വട്ടേഷന്‍ ഇടപാടുകള്‍ക്കായി ഫോണ്‍ ഉപയോഗിച്ചിരുന്നോ എന്നു സിം കാര്‍ഡ് പരിശോധനയില്‍ വ്യക്തമാകും.
കോവിഡ് രൂക്ഷമായതോടെ തടവുകാരെ പുറത്തിറക്കുന്നത് ഏതാണ്ട് പൂര്‍ണമായി അവസാനിപ്പിച്ചിട്ടും ജയിലിനുള്ളിലേക്കു ഫോണ്‍ എത്തുന്നതു സംശയങ്ങള്‍ക്കിടയാക്കുന്നു. പ്രതികളെ കോടതിയില്‍ ഹാജരാക്കുന്നത് വിഡിയോ കോണ്‍ഫറന്‍സിങ് വഴി മാത്രമാക്കിയിട്ടു നാളുകളായി. ചെരിപ്പിനടിയിലും മറ്റും ഒളിപ്പിച്ചാണു മുന്‍പൊക്കെ ഇവര്‍ കഞ്ചാവും ഫോണും ഉള്ളിലെത്തിച്ചിരുന്നത്. എന്നാല്‍, ഇവര്‍ പുറത്തിറങ്ങുന്നില്ല എന്നിരിക്കെ ജയിലിലേക്ക് ഫോണുകള്‍ തുടര്‍ച്ചയായി എത്തുന്നതു ചില ജീവനക്കാരുടെ സഹായത്തോടെയാണെന്നു സൂചനയുണ്ട്.


 

Latest News