കോഴിക്കോട്- ലോക്ഡൗൺ ഇളവുകൾ പ്രഖ്യാപിച്ചതിന് പിന്നാലെ സംസ്ഥാനത്ത് യുവതി-യുവാക്കളെ ലക്ഷ്യമിട്ട് വ്യാപകമായി ഡി.ജെ പാർട്ടികൾ സംഘടിപ്പിക്കുന്നതായി കണ്ടെത്തൽ. ഹോട്ടൽ മുറികൾ ദിവസങ്ങളോളം വാടകക്കെടുത്തും ഒഴിഞ്ഞ കെട്ടിടങ്ങൾ കേന്ദ്രീകരിച്ചും കണ്ടൽക്കാടുകൾക്ക് നടുവിൽ പ്രത്യേക സൗകര്യമൊരുക്കിയുമാണ് ലഹരി സംഘം ഡി.ജെ പാർട്ടികൾ നടത്തുന്നത്.
എക്സൈസ്-പോലീസ് രഹസ്യാന്വേഷണ വിഭാഗങ്ങൾക്ക് ഇത് സംബന്ധിച്ചുള്ള വിവരങ്ങൾ ലഭിച്ചതിനെ തുടർന്ന് വ്യാപകമായി പരിശോധന നടത്താൻ തീരുമാനിച്ചിട്ടുണ്ട്. വിലകൂടിയ മയക്കുമരുന്നുകളോടെയാണ് പലയിടത്തും ഡി.ജെ പാർട്ടികൾ സംഘടിപ്പിക്കുന്നത്. മയക്കുമരുന്ന് വേണ്ടത്ര ലഭിച്ചാൽ 'ഇവന്റ് മാനേജ്മെന്റ് ടീം' പാർട്ടി സജ്ജമാക്കും. ആവശ്യാനുസരണം ലൈറ്റുകൾ സെറ്റ് ചെയ്ത് ഡിജെ പാർട്ടിക്കാവശ്യമായ എല്ലാ സജ്ജീകരണങ്ങളും ഒരുക്കുന്നതിനൊപ്പം വാട്ട്സ് ആപ്പ് ഗ്രൂപ്പുകൾ വഴി സന്ദേശം പുറത്തെത്തിക്കും.
ലൊക്കേഷൻ കൈമാറുകയും നിമിഷ നേരത്തിനുള്ളിൽ യുവതീ- യുവാക്കൾ എത്തുകയുമാണ് പതിവെന്ന് പോലീസ് അറിയിച്ചു. മയക്കുമരുന്നിന്റെ ഗുണമേന്മയും ഡിജെ പാർട്ടി ഒരുക്കാനാവശ്യമായ ചെലവുകളും ഉൾപ്പെടുത്തിയാണ് നിരക്ക് നിശ്ചയിക്കുന്നത്. കഞ്ചാവ് മുതൽ ഹാഷിഷ് ഓയിൽ വരെ ഇത്തരം പാർട്ടികളിൽ സുലഭമായുണ്ടാവും. ഹാഷിഷ് ഓയിലിനാണ് കൂടുതൽ ഡിമാന്റുള്ളത്. ചെറിയ കുപ്പികളിലാക്കിയാണ് ഇവ കൈമാറുന്നത്. ഒരോ തുള്ളിയെടുത്താണ് ഇവയുടെ ഉപയോഗം.