Sorry, you need to enable JavaScript to visit this website.

സ്ത്രീകളിൽ ആത്മവിശ്വാസം വളർത്താൻ വീണാ ജോർജ് ബൈക്കിൽ കശ്മീരിലേക്ക്

വീണാ ജോർജ്.

തലശ്ശേരി- സ്ത്രീകൾക്ക് പലതും നിഷിദ്ധമാണെന്ന് പറയുന്ന പുരുഷ മേധാവിത്ത സമൂഹത്തിൽ ബൈക്ക് യാത്രയും പുരുഷന് മാത്രം അവകാശപ്പെട്ടതാണെന്ന പൊതുബോധം തിരുത്തുകയാണ് ആലപ്പുഴക്കാരിയായ വീണാ ജോർജ്. ബൈക്ക് യാത്ര പതിവാക്കിയ ഈ വനിത ജീവിത വഴിയിൽ തനിച്ചായെന്ന് കരുതുന്ന സ്ത്രീകൾക്ക് ആത്മവിശ്വാസവും സാന്ത്വനവും പകരാൻ സാഹസിക ബൈക്ക് യാത്രയ്ക്ക് ഒരുങ്ങുകയാണ്. തലശ്ശേരിയിലെ ഗേൾസ് പവർ അത്താഴക്കൂട്ടത്തിന്റെ സാരഥികൂടിയാണ് ഇവർ.
സ്ത്രീകൾ ബൈക്കോടിച്ചാൽ ഉലകം തന്നെ കീഴ്‌മേൽ മറിഞ്ഞ് പോകുമെന്ന് വിശ്വസിക്കുന്ന പുരുഷ കേസരിമാരുള്ള നാടാണ് നമ്മുടേത്. എന്നാൽ ആ ഒരു വിശ്വാസത്തെ തിരുത്തുകയാണ് ആലപ്പുഴക്കാരിയായ വീണ. പൊതുശ്രദ്ധ നേടാനോ സ്വന്തം നേട്ടത്തിന് വേണ്ടിയോ അല്ല വേറിട്ട വഴിയിലൂടെയുള്ള ഇവരുടെ സഞ്ചാരം. ജീവിത വഴിയിൽ ഒറ്റപ്പെട്ട് പോയ സ്ത്രീകൾക്ക് ആത്മവിശ്വാസവും കരുത്തും സാന്ത്വനവും പകരാനാണ്. ‘ആരുമില്ലെന്ന അവസ്ഥയിൽ മാനസികമായും ശാരീരികവുമായും തളർന്നിരിക്കുന്ന വിധവകൾക്കും ഭർത്താക്കൻമാരാൽ ഉപേക്ഷിക്കപ്പെട്ട സ്ത്രീകൾക്കും പ്രചോദനമേകാനായി ആസന്നമായ സ്വാതന്ത്ര്യ ദിനത്തിൽ ആലപ്പുഴയിലെ കുട്ടനാട്ടിൽ നിന്നും മരം കോച്ചുന്ന, മഞ്ഞ് മഴ പെയ്യുന്ന കശ്മീരിലേക്ക് തനിച്ച് ബൈക്കോടിച്ച് പോകാൻ തീരുമാനിച്ചിരിക്കുകയാണ് ഇവർ. അതിനുള്ള ശാരീരികവും മാനസികവുമായ തയ്യാറെടുപ്പുകൾ ആവശ്യമാണെന്ന് അവർ തലശ്ശേരിയിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. 45 ദിവസം കൊണ്ട് പോയി വരാനാണ് തീരുമാനം. ഒരു ദിവസം 500 കിലോമീറ്റർ സഞ്ചരിക്കും. ഒറ്റപ്പെട്ടു പോയ സ്ത്രീകൾക്ക് സ്വയംപര്യാപ്തത ഉറപ്പ് വരുത്താനായി ജോലി ഏർപ്പെടുത്തിക്കൊടുക്കുകയും സ്വയംസംരംഭം തുടക്കാനുള്ള പ്രചോദനവും ഇവർ സാരഥ്യം വഹിക്കുന്ന ഗേൾ പവർ അത്താഴക്കൂട്ടം നടത്തി വരുന്നുണ്ട്. നിരാലംബരായ സ്ത്രീകൾക്ക് ജോലി വേണമെങ്കിൽ അതിനു സഹായിക്കുമെന്നും മാനസിക പിരിമുറുക്കമുള്ള സഹോദരിമാർക്കൊപ്പം അത്താഴ കൂട്ട മുണ്ടാകുമെന്നും ഭാരവാഹികളിൽ ഒരാളായ ജെസി രാഗേഷും പറഞ്ഞു. വാർത്താ സമ്മേളനത്തിൽ ആരിഫ, പ്രസീത, സാജിദ, ഷാജിമ എന്നിവരും സംബന്ധിച്ചു.
 

Latest News