റിയാദ് - സൗദി അറേബ്യ സാക്ഷ്യം വഹിക്കുന്ന സാമൂഹിക പരിഷ്‌കരണങ്ങളിലെ സുപ്രധാന ചുവടുവെപ്പ് എന്നോണം ദേശീയ വനിതാ ഫുട്‌ബോൾ ടീമിന്റെ പരിശീലകയായി ജർമൻ വനിതാ താരം മോണിക്ക സ്റ്റാബിനെ നിയമിച്ചതായി സൗദി അറേബ്യൻ ഫുട്‌ബോൾ ഫെഡറേഷനു കീഴിലെ വിമൻസ് ഫുട്‌ബോൾ ഡിപ്പാർട്ട്‌മെന്റ് അറിയിച്ചു. സൗദി ദേശീയ വനിതാ ഫുട്‌ബോൾ ടീമിനെ വാർത്തെടുക്കാനും പരിശീലിപ്പിക്കാനും മോണിക്ക സ്റ്റാബുമായി കരാർ ഒപ്പുവെച്ചതായി വിമൻസ് ഫുട്‌ബോൾ ഡിപ്പാർട്ട്‌മെന്റ് പറഞ്ഞു.
സൗദി അറേബ്യ ആദ്യമായാണ് ദേശീയ വനിതാ ഫുട്‌ബോൾ ടീം സ്ഥാപിക്കുന്നത്. സാമൂഹിക ജീവിത മേഖലയിൽ ദൃശ്യമായ പരിഷ്‌കരണങ്ങളുടെ കുത്തൊഴുക്കിനിടെ രാജ്യത്ത് സമീപ കാലത്താണ് വനിതകൾ ഫുട്‌ബോൾ മേഖലയിലേക്ക് കടന്നുവന്നത്. വിമൻസ് കോളേജുകളിലും സ്‌കൂളുകളിലും പരിമിതവും നിയന്ത്രിതരവുമായ തോതിലുള്ള മത്സരങ്ങളാണ് ഇതുവരെ നടന്നിരുന്നത്. ദേശീയ വനിതാ ഫുട്‌ബോൾ ടീം വാർത്തെടുക്കാനും വനിതാ ഫുട്‌ബോൾ ടീമിന് പരിശീലനം നൽകാനും ജർമൻ താരവുമായി കരാർ ഒപ്പുവെച്ചതിലൂടെ ആഗോള മത്സര വേദികളിൽ സൗദി അറേബ്യയെ പ്രതിനിധീകരിക്കാൻ വനിതാ ഫുട്‌ബോൾ ടീമിനും അവസരമൊരുങ്ങുകയാണ്.
മോണിക്ക സ്റ്റാബിന് ഫുട്‌ബോൾ മേഖലയിൽ 25 വർഷത്തിലേറെ കാലത്തെ പരിചയസമ്പത്തുണ്ട്. നിരവധി നേട്ടങ്ങൾ ഇവർ കൈവരിച്ചിട്ടുണ്ട്. 2012 മുതൽ 2014 വരെ ഖത്തർ വിമൻസ് നാഷണൽ ഫുട്‌ബോൾ ടീം പരിശീലകയായും 2007 ൽ ബഹ്‌റൈൻ വനിതാ ഫുട്‌ബോൾ ടീം പരിശീലകയായും പ്രവർത്തിച്ചു.