കോവിഡ് പശ്ചാത്തലത്തിൽ ഇന്ത്യ അടക്കം ഒൻപത് രാജ്യങ്ങൾക്ക് സൗദിയിലേക്ക് പ്രവേശന വിലക്ക് തുടരുമ്പോഴും ലോക വിനോദ സഞ്ചാരികളെയും വിദേശ ഉംറ തീർഥാടകരെയും വരവേൽക്കാൻ ഒരുങ്ങിയിരിക്കുകയാണ് സൗദി അറേബ്യ. വിനോദ സഞ്ചാരികൾക്ക് ഓൺ അറൈവൽ വിസ നൽകിയും ഉംറ തീർഥാടകർക്ക് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കർമങ്ങൾ നിർവഹിക്കുന്നതിനുള്ള എല്ലാ സൗകര്യങ്ങൾ ഒരുക്കിയുമാണ് കോവിഡ് കാലത്തും സൗദി വിദേശികളെ രാജ്യത്തേക്ക് ആകർഷിക്കാൻ തയാറായിട്ടുള്ളത്. വരുന്ന വർഷം വിദേശ രാജ്യങ്ങളിൽനിന്നുള്ള ഹാജിമാർക്ക് ഹജിനും അവസരമൊരുക്കുമെന്ന സൂചനയും നൽകിക്കഴിഞ്ഞു. കോവിഡ് ഭീതി വിട്ടകലുകയും ജനങ്ങളുടെ ജീവിതം ഏതാണ്ട് സാധാരണ നിലയിലേക്ക് മടങ്ങാൻ തുടങ്ങുകയും ചെയ്ത സാഹചര്യത്തിലാണിത്. രാജ്യത്തിന്റെ സമ്പദ്ഘടനക്കും വ്യാപാര, വാണിജ്യ മേഖലകൾക്കും ഇത് പുത്തനുണർവാണ് പകർന്നിരിക്കുന്നത്. പ്രത്യേകിച്ച് ഹോട്ടൽ, ഗതാഗത, വ്യാപര രംഗത്തിന് ഇത് ഏറെ ആശ്വാസം പകരും.
ഈ രംഗം കഴിഞ്ഞ ഒന്നര വർഷത്തിലേറെയായി കടുത്ത പ്രതിസന്ധിയെയാണ് നേരിട്ടു കൊണ്ടിരിക്കുന്നത്. ഈ വർഷം ആഭ്യന്തര ഹാജിമാരെങ്കിലും 60,000 തീർഥാടകർക്ക് സുഗമമായി ഹജ് നിർവഹിക്കാൻ അവസരമൊരുക്കിയും കോവിഡിനെ നിയന്ത്രണ വിധേയമാക്കിയും ലോകത്തിനു മുൻപാകെ വലിയ സന്ദേശം നൽകാൻ സൗദിക്കായിട്ടുണ്ട്. ഇത് സൗദിയിലേക്ക് വിദേശികളെ ആകർഷിക്കാൻ സഹായിക്കുമെന്നതിൽ സംശയമില്ല. അതുകൊണ്ടു തന്നെയാണ് വിദേശ വിനോദ സഞ്ചാരികളെയും ഉംറ തീർഥാടകരെയും വരവേൽക്കാൻ രാജ്യത്തിന്റെ അതിർത്തികൾ തുറന്നിട്ടുള്ളത്. സാമ്പത്തിക രംഗത്ത് ഉണർവുണ്ടാകുന്നോടെ തൊഴിൽ രംഗവും സജീവമാകും. ഇത് സ്വദേശികൾക്കും വിദേശികൾക്കും ഒരുപോലെ പ്രയോജനപ്പെടുകയും ചെയ്യും.
കോവിഡ് വ്യാപനം ഇപ്പോഴും രൂക്ഷമായി തുടരുന്ന രാജ്യങ്ങളിൽനിന്നുള്ളവർക്ക് നേരിട്ടു പ്രവേശനം നൽകാൻ സന്നദ്ധമായിട്ടില്ലെന്നത് കോവിഡ് പടരുന്നത് തടയുന്നതിൽ രാജ്യം തുടരുന്ന ജാഗ്രതയെയാണ് കാണിക്കുന്നത്. ഇന്ത്യ, പാക്കിസ്ഥാൻ, അർജന്റീന, ബ്രസീൽ, തുർക്കി, ദക്ഷിണാഫ്രിക്ക, ലബനോൻ, ഈജിപ്ത്, ഇന്തോനേഷ്യ എന്നിവയാണ് സൗദി അറേബ്യയുടെ യാത്രാ വിലക്ക് നേരിടുന്ന 9 രാജ്യങ്ങൾ. ഈ രാജ്യങ്ങളിൽനിന്നൊഴികെ മറ്റു രാജ്യങ്ങളിൽനിന്നുള്ളവർക്ക് വിനോദ സഞ്ചാരത്തിനോ ഉംറ നിർവഹിക്കുന്നതിനോ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നേരിട്ടു വരാം. നിരോധിത രാജ്യങ്ങളിൽനിന്നുള്ളവർക്ക് കോവിഡ് കുറവുള്ള രാജ്യങ്ങളിൽ രണ്ടാഴ്ച തങ്ങിയ ശേഷം സൗദിയിൽ എത്തുന്നതിനും തടസ്സമില്ല. മൂന്നര കോടിയോളം വരുന്ന സൗദി ജനസംഖ്യയിൽ മൂന്നു കോടിയിൽപരം പേർക്ക് ഇതിനകം വാക്‌സിനേഷൻ നടത്തിക്കഴിഞ്ഞു. 3,02,36,223 ഡോസ് വാക്‌സിനാണ് സ്വദേശി, വിദേശി വ്യത്യാസമില്ലാതെ രാജ്യത്ത് വിതരണം ചെയ്തത്. ഇതിൽ രണ്ടു കോടി ഒന്നാം ഡോസും ഒരു കോടി രണ്ടാം ഡോസുമാണ്. കഴിഞ്ഞ വർഷം ഡിസംബർ 17 ന് ആണ് വാക്‌സിനേഷന് സൗദി തുടക്കമിട്ടത്. എട്ടു മാസത്തിനിടെ ഇത്രയും വാക്‌സിൻ വിതരണം ചെയ്യാനും കോവിഡ് രോഗികളുടെ എണ്ണം കുറച്ചുകൊണ്ടുവരാനും കഴിഞ്ഞതിന്റെ ആത്മവിശ്വാസത്തിലാണ് രാജ്യത്തിന്റെ അതിർത്തികൾ തുറന്ന് വിദേശികളെ രാജ്യത്തേക്ക് വരവേൽക്കാൻ തയാറായിട്ടുള്ളത്. താമസിയാതെ റെഡ് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള രാജ്യങ്ങൾക്കും അനുമതി ലഭിക്കുമെന്നു തന്നെ വേണം പ്രതീക്ഷിക്കാൻ.
ഈ വർഷം അഞ്ചു ലക്ഷത്തോളം ടൂറിസ്റ്റ് വിസകൾ അനുവദിക്കുമെന്നാണ് വിനോദ സഞ്ചാര മേഖലകളിലെ നിക്ഷേപകർ പ്രതീക്ഷിക്കുന്നത്. 2019 ലാണ് സൗദി ടൂറിസ്റ്റ് വിസകൾ അനുവദിക്കാൻ തുടങ്ങിയത്. ആറു മാസത്തിനിടെ നാലു ലക്ഷം വിസകൾ അനുവദിച്ചിരുന്നു. പിന്നീട് കോവിഡ് വ്യാപനത്തോടെ രാജ്യത്തിന്റെ അതിർത്തികൾ അടക്കുകയായിരുന്നു. 49 രാജ്യങ്ങളിൽനിന്നുള്ളവർക്കായിരുന്നു നേരത്തെ സൗദി ഓൺ അറൈവൽ വിസ അനുവദിച്ചിരുന്നത്. ഇതിൽ 38 രാജ്യങ്ങൾ യൂറോപ്പിലും ഏഴു രാജ്യങ്ങൾ ഏഷ്യയിലും രണ്ടു രാജ്യങ്ങൾ ഉത്തര അമേരിക്കയിലുമായിരുന്നു. ഇതിനു പുറമെ ഓസ്‌ട്രേലിയ, ന്യൂസിലാന്റ് എന്നീ രാജ്യങ്ങളിൽനിന്നുള്ളവർക്കും ഓൺ അറൈവൽ വിസ അനുവദിച്ചിരുന്നു. ഇന്ത്യ അടക്കമുള്ള മറ്റു രാജ്യക്കാർക്കും ടൂറിസ്റ്റ് വിസ അനുവദിച്ചിരുന്നുവെങ്കിലും മുൻകൂട്ടി വിസ നേടണമെന്ന നിബന്ധനയോടെയായിരുന്നു അത്. 2030 ഓടെ പ്രതിവർഷം 10 കോടി വിദേശ സന്ദർശകരെയും മൂന്നു കോടി ഉംറ തീർഥാടകരെയുമാണ് സൗദി ലക്ഷ്യമിടുന്നത്. ഇതിനനുസൃതമായ അടിസ്ഥാന സൗകര്യ വികസനങ്ങളാണ് രാജ്യത്ത് നപ്പാക്കി വരുന്നത്. ഇതിലൂടെ പത്തു ലക്ഷം തൊഴിലവസരങ്ങൾ ഉണ്ടാക്കാനും ലക്ഷ്യമിടുന്നു.
മുൻകാലങ്ങളിൽ ടൂറിസം വ്യവസായ മേഖലയുടെ അവസരം രാജ്യം പ്രയോജനപ്പെടുത്തിയിരുന്നില്ല. ഇപ്പോഴത് തിരിച്ചറിഞ്ഞ് വിനോദ സഞ്ചാരത്തെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള എല്ലാ നടപടികളും സ്വീകരിച്ചു വരികയാണ്. മൊത്തം ആഭ്യന്തരോൽപാദനത്തിൽ ടൂറിസം മേഖലയുടെ സംഭാവന പത്തു ശതമാനമായി ഉയർത്താനാണ് ലക്ഷ്യമിടുന്നത്. ഇതിൽനിന്നു തന്നെ ഈ മേഖലക്ക് രാജ്യം എന്തുമാത്രം പ്രാധാന്യം നൽകുന്നവെന്നത് സ്പഷ്ടമാണ്. വിദേശ രാജ്യങ്ങളിൽ നിന്നെത്തുന്ന ഉംറ തീർഥാടകരെ സ്വീകരിക്കാൻ മക്കയിൽ 2,60,000 ഹോട്ടൽ മുറികളാണ് സജ്ജമാക്കിയിട്ടുള്ളത്.
ഉംറ തീർഥാടനത്തിനായാലും വിനോദ സഞ്ചാരത്തിനായാലും കൂടുതൽ പേർ ഇന്ത്യ, പാക്കിസ്ഥാൻ, ഇന്തോനേഷ്യ, ലബനോൻ, തുർക്കി, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളിൽനിന്നുമാണ് എത്തിയിരുന്നത്. ഈ രാജ്യങ്ങൾ നിലവിൽ റെഡ് ലിസ്റ്റിലാണുള്ളത്. വിനോദ സഞ്ചാര, ഉംറ തീർഥാടന മേഖലകളിൽ രാജ്യം ലക്ഷ്യമിടുന്നത്ര പേർ എത്തണമെങ്കിൽ ഈ രാജ്യത്തുനിന്നുള്ളവർക്കും നേരിട്ടു പ്രവേശനം സാധ്യമാകണം. രാജ്യത്ത് വാക്‌സിനേഷൻ പൂർത്തിയാവുകയും ഈ രാജ്യങ്ങളിലെ കോവിഡ് തോത് കുറയുകയും ചെയ്യുന്ന മുറക്ക് നിലവിലെ നിരോധം നീങ്ങുമെന്ന് ഉറപ്പാണ്. കോവിഡ് പൂർണമായും വിട്ടകലാൻ കാലമെടുക്കുമെന്നതിനാൽ കോവിഡിനൊപ്പം ജീവിക്കുകയെന്ന നയത്തിലേക്ക് രാജ്യങ്ങൾ മാറിക്കൊണ്ടിരിക്കുകയാണ്. എന്നാൽ തങ്ങളുടെ പൗരന്മാരുടെ സുരക്ഷിതത്വം ഉറപ്പാക്കുകയും വേണം. ഇക്കാര്യത്തിൽ സൗദി മറ്റേതൊരു രാജ്യത്തേക്കാളും മുന്നിലാണെന്നതിനാൽ നിലവിലെ നിരോധനമെല്ലാം നീങ്ങി എല്ലാ രാജ്യക്കാർക്കും, പ്രത്യേകിച്ച് സൗദിയുമായി എല്ലാ നിലയിലും നല്ല സൗഹൃദം പുലർത്തുന്ന ഇന്ത്യയിൽനിന്ന് നേരിട്ട് എത്തുന്നതിനുള്ള വാതിലുകൾ താമസിയാതെ തുറക്കുമെന്നു തന്നെ പ്രതീക്ഷിക്കാം.