- ഫെദരർ, ജോകോവിച്, ഹാലപ് നാലാം റൗണ്ടിൽ
മെൽബൺ- 15 മാസത്തെ ഉത്തേജക വിലക്കിനെ തുടർന്ന് തിരിച്ചുവരവിന് ശ്രമിക്കുന്ന മരിയ ഷരപോവക്ക് ഓസ്‌ട്രേലിയൻ ഓപ്പൺ മൂന്നാം റൗണ്ടിൽ അടിതെറ്റി. മറ്റൊരു മുൻ ലോക ഒന്നാം നമ്പരായ ജർമനിയുടെ ആഞ്ജലിക് കെർബർ നേരിട്ടുള്ള സെറ്റുകളിലാണ് റഷ്യക്കാരിയെ തകർത്തത്. സ്‌കോർ 6?-1, 6-3.
ടൂർണമെന്റിൽ അവശേഷിക്കുന്ന രണ്ട് മുൻ ചാമ്പ്യന്മാരെന്ന നിലയിൽ 30 കാരികൾ തമ്മിലുള്ള മത്സരം ഏറെ ശ്രദ്ധിക്കപ്പെട്ടതായിരുന്നു. എന്നാൽ മത്സരത്തിൽ ഒരു ഘട്ടത്തിലും കെർബറിന് വെല്ലുവിളി ഉയർത്താൻ ഷരപോവക്കായില്ല. തനിക്ക് ഇനിയും വളരെയേറെ മെച്ചപ്പെടാനുണ്ടെന്നായിരുന്നു മത്സരത്തിനുശേഷം ഷരപോവ പറഞ്ഞത്.
മത്സരം നടന്ന റോഡ് ലാവർ അരീന തന്നെ സംബന്ധിച്ചിടത്തോളം ഏറെ പ്രത്യേകതകൾ ഉള്ളതാണെന്നും, ഇവിടെ ഓരോ പോയന്റും താൻ ആസ്വദിച്ചുവെന്നും കെർബർ പറഞ്ഞു. ഈ വിജയത്തോടെ വനിതകളിൽ ഇനി അവശേഷിക്കുന്ന ഏക മുൻ ചാമ്പ്യനായി കെർബർ. 2016ൽ സെറീന വില്യംസിനെ തോൽപ്പിച്ചാണ് കെർബർ ഓസ്‌ട്രേലിയൻ ഓപ്പൺ നേടിയത്.
പുരുഷ വിഭാഗത്തിൽ മുൻ ലോക ഒന്നാം നമ്പരുകളായ റോജർ ഫെദരറും, നോവക് ജോകോവിച്ചും തമ്മിലുള്ള സെമി പോരാട്ടത്തിന് കളമൊരുങ്ങിവരികയാണ്. മൂന്നാം റൗണ്ടിൽ ഇരുവരും അനായാസ വിജയം നേടി. രണ്ടാം സീഡായ ഫെദരർ നേരിട്ടുള്ള സെറ്റുകൾക്കാണ് ഫ്രാൻസിന്റെ റിച്ചാർഡ് ഗാസ്‌ക്വെയെ തോൽപ്പിച്ചത്. സ്‌കോർ 6-2, 7-5, 6-4.
പതിനാലാം സീഡായ ജോകോവിച്, സ്പാനിഷ് താരം ആൽബർട്ട് റാമോസിനെ 6-2, 6-3, 6-3ന് കീഴടക്കി. ഇനി രണ്ട് വിജയങ്ങൾ കൂടി നേടിയാൽ ഫെദരറും ജോകോവിച്ചും സെമി ഫൈനലിൽ നേർക്കുനേർ വരും. ടെന്നിസിലെ എക്കാലത്തെയും മികച്ച താരങ്ങളായ ഇരുവരും മൊത്തം 11 ഓസ്‌ട്രേലിയൻ ഓപ്പൺ കിരീടങ്ങൾ നേടിയിട്ടുണ്ട്.
ഫെദരറുടെ അടുത്ത എതിരാളി ഹംഗറിയുടെ മാർട്ടൻ ഫുക്‌സോവിക്‌സാണ്. ജോകോവിച്ചിന്റെ എതിരാളി തെക്കൻ കൊറിയയുടെ ചുങ് ഹൈയോനും. നാലാം സീഡായ അലക്‌സാണ്ടർ സ്വെരേവിനെ അഞ്ച് സെറ്റ് നീണ്ട പോരാട്ടത്തിൽ അട്ടിമറിച്ചാണ് ചുങ് നാലാം റൗണ്ടിലെത്തിയത്. സ്‌കോർ: 5-7, 7-6, 2-6, 6-3, 6-0.
പന്ത്രണ്ടാം സീഡ് യുവാൻ മാർട്ടിൻ ഡെൽപോട്രോയും മൂന്നാം റൗണ്ടിൽ തോറ്റു. ചെക്ക് റിപ്പബ്ലിക്കിന്റെ തോമസ് ബെർഡിച്ചാണ് അർജന്റീനൻ താരത്തെ വീഴ്ത്തിയത്. അഞ്ചാം സീഡ് ഡൊമിനിക് തീം നാലാം റൗണ്ടിലെത്തിയിട്ടുണ്ട്.
വനിതാ ഒന്നാം സീഡ് സിമോണ ഹാലപ്, ആറാം സീഡ് കരോലിന പ്ലിസ്‌കോവ, എട്ടാം സീഡ് കരോലിൻ ഗാർഷ്യ എന്നിവരും നാലാം റൗണ്ടിലെത്തി. ഹാലപ് അമേരിക്കയുടെ ലോറൻ ഡേവിസിനെയാണ് തോൽപ്പിച്ചത്. പ്ലിസ്‌കോവ ചെക്ക് റിപ്പബ്ലിക്കിന്റെ ലൂസി സഫറോവയെയും, ഗാർഷ്യ ബെലാസറിന്റെ ആലിയാക്‌സാണ്ട്ര സാസ്‌നോവിച്ചിനെയും കീഴടക്കി. പോളണ്ടിന്റെ ആഗ്നീസ്‌ക റദ്വാൻസ്‌കയെ അട്ടിമറിച്ച് തായ്‌പെയിയുടെ സീ സുവെയ് യും നാലാം റൗണ്ടിലെത്തിയിട്ടുണ്ട്.