Sorry, you need to enable JavaScript to visit this website.

ഐസ്‌ക്രീം പാത്രത്തില്‍ കൈക്കൂലി; രക്ഷപ്പെടാന്‍ ഉദ്യോഗസ്ഥന്റെ ശ്രമം

ഇടുക്കി-കമ്പംമെട്ടിലൂടെ കടന്നുപോകുന്ന ചരക്കു വാഹനങ്ങളില്‍ നിന്നും അനധികൃത പണപ്പിരിവ്. മുല്ലപ്പെരിയാര്‍ ഡിവൈ.എസ്.പിയുടെ നേതൃത്വത്തില്‍ ചെക്ക് പോസ്റ്റില്‍ മിന്നല്‍ പരിശോധന നടത്തി. പരിശോധനക്കിടെ രക്ഷപ്പെടാന്‍ ശ്രമിച്ച എക്‌സൈസ് ഉദ്യോഗസ്ഥനില്‍നിന്ന് 7490 രൂപ പിടിച്ചെടുത്തു.
ചെക്ക് പോസ്റ്റിലൂടെ കടന്നു പോകുന്ന ചരക്കു വാഹനങ്ങളില്‍നിന്ന്് പണപ്പിരിവ് നടക്കുന്നതായി ജില്ലാ പോലീസിനു രഹസ്യവിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് ഏതാനും ദിവസമായി മുല്ലപ്പെരിയാര്‍ ഡിവൈ.എസ്.പിക്ക് കമ്പംമെട്ട് ചെക്ക് പോസ്റ്റിന്റെ ചുമതല കൈമാറിയിരുന്നു.
ചെക്ക് പോസ്റ്റിലൂടെ കടന്നുപോകുന്ന  വാഹനങ്ങളില്‍ നിന്നും 10 രൂപ മുതല്‍ 50 രൂപ വരെ പോലീസും എക്‌സൈസും വനംവകുപ്പും ചേര്‍ന്ന് പിരിക്കുന്നുണ്ടെന്നായിരുന്നു രഹസ്യവിവരം. തുടര്‍ന്നാണ് ബുധനാഴ്ച പുലര്‍ച്ചെ 4.30നു കമ്പംമെട്ട് ചെക്ക് പോസ്റ്റില്‍ മുല്ലപ്പെരിയാര്‍ ഡിവൈ.എസ്.പി നന്ദനന്‍ പിള്ളയുടെ നേതൃത്വത്തില്‍ മിന്നല്‍ പരിശോധന നടത്തിയത്.  
പോലീസ് ചെക്ക് പോസ്റ്റില്‍ ആദ്യം പരിശോധന നടത്തുന്നതിനിടെ ഇടവഴിയിലൂടെ ഒരാള്‍ പെട്ടെന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നത് കണ്ടു. ഡിവൈ.എസ്.പിയുടെ നേതൃത്വത്തില്‍ ഇയാളെ പിടികൂടിയപ്പോഴാണ് എക്‌സൈസ് ഉദ്യോഗസ്ഥനാണെന്ന് കണ്ടെത്തിയത്. സിവില്‍ എക്‌സൈസ് ഓഫീസര്‍ ദിപുരാജിന്റെ കൈവശം കാലിയായ ഐസ്‌ക്രീം പാത്രത്തില്‍ സുക്ഷിച്ചിരുന്ന 7490 രൂപയാണ് പിടികൂടിയത്.

 

 

Latest News