Sorry, you need to enable JavaScript to visit this website.

കോവിഡ് വ്യാപനം: 11 ലക്ഷത്തിലേറെ വിദേശ മലയാളികൾക്ക് തൊഴിൽ നഷ്ടമായി

മലപ്പുറം- കോവിഡ് രോഗവ്യാപനം ലോകത്ത് രൂക്ഷമായ കഴിഞ്ഞ രണ്ടു വർഷത്തിനിടെ വിവിധ രാജ്യങ്ങളിൽനിന്ന് തൊഴിൽ നഷ്ടപ്പെട്ട കേരളത്തിൽ മടങ്ങിയതെത്തിയത് 11 ലക്ഷത്തിലേറെ പ്രവാസികൾ. നോർക്കയുടെ പുതിയ കണക്കുകളിലാണ് ഞെട്ടിപ്പിക്കുന്ന ഈ വിവരങ്ങളുള്ളത്. 2019 മാർച്ച് മുതൽ ലോകത്ത് കോവിഡ് വ്യാപനം ശക്തമായതിനെ തുടർന്ന് തൊഴിൽ നഷ്ടപ്പെട്ടവരുടെ കണക്കാണിത്. ഇതിൽ ഏറെയും ഗർഫ് പ്രവാസികളാണ്.
നോർക്കയുടെ ഓഗസ്റ്റ് എട്ടുവരെയുള്ള കണക്കുകൾ പ്രകാരം 11,42,580 പേർ തൊഴിൽ നഷ്ടപ്പെട്ട് നാട്ടിൽ എത്തിയവരാണ്. ഇവരിൽ എത്രപേർ പുതിയ വിസയിൽ തിരിച്ചു പോയിട്ടുണ്ടെന്ന് വ്യക്തമല്ല. അതേസമയം, കോവിഡ്മൂലം വിദേശരാജ്യങ്ങളിൽ റിക്രൂട്ട്‌മെന്റുകളും വിസ നൽകലും മരവിച്ചതിനാൽ തിരിച്ചെത്തിയവരിൽ ഏറെ പേർക്കൊന്നും തിരിച്ചു പോകാനായിട്ടില്ലെന്നാണ് കണക്കാക്കുന്നത്.
നോർക്കയുടെ കണക്കുകൾ പ്രകാരം 15,98,034 പേരാണ് കോവിഡിന്റെ ആരംഭ നാളുകൾ മുതൽ വിവിധ വിദേശ രാജ്യങ്ങളിൽ നിന്ന് കേരളത്തിൽ മടങ്ങിയെത്തിയിട്ടുള്ളത്. ഇതിൽ 11,42,580 പേരാണ് തൊഴിൽ നഷ്ടംമൂലം തിരിച്ചെത്തിയിട്ടുള്ളത്. 3,15,084 പേർ മറ്റു കാരണങ്ങളാൽ എത്തിയവരുമാണ്. തിരിച്ചെത്തിയവരിൽ 91,297 പേർ പത്തുവയസ്സിൽ താഴെയുള്ള കുട്ടികളും 31,958 പേർ മുതിർന്ന പൗരൻമാരും 13,993 പേർ ഗർഭിണികളും 3122 പേർ ഗർഭിണികളെ അനുഗമിച്ചവരുമാണ്.
ഗൾഫ് പ്രവാസികളാണ് ഏറ്റവും കൂടുതലായി നാട്ടിൽ തിരിച്ചെത്തിയിട്ടുള്ളതെന്നാണ് നോർക്കയുടെ കണക്കുകളിൽ നിന്ന് വ്യക്തമാകുന്നത്. ഏറ്റവും കൂടുതൽ പേർ വന്നിറങ്ങിയത് കോഴിക്കോട് എയർപോർട്ട് വഴിയാണ്. കൂടുതൽ പേർ വന്നിട്ടുള്ളത് ഗൾഫ് പ്രവാസികൾ ഏറെയുള്ള മലബാർ മേഖലയിലേക്കാണ്. 
കോഴിക്കോട് എയർപോർട്ട് വഴി 5,69,252 പേരാണ് മടങ്ങിയെത്തിയത്. കൊച്ചി വഴി 4,11,736 പേരും തിരുവനന്തപുരം വഴി 3,82,167 പേരും കണ്ണൂർ വഴി 2,31,335 പേരും തിരിച്ചെത്തി. കപ്പൽ മാർഗം കൊച്ചി തുറമുഖത്തെത്തിയത് 3544 പേരാണ്. 
തിരിച്ചെത്തിവരിൽ കൂടുതൽ പേരും മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലക്കാരാണ്. മലപ്പുറം ജില്ലയിലേക്ക് 2,89,203 പേരും കോഴിക്കോട് ജില്ലയിലേക്ക് 1,94,413 പേരും കണ്ണൂർ ജില്ലയിലേക്ക് 1,85,424 പേരും ഈ കാലയളവിൽ തിരിച്ചെത്തി. തിരുവനന്തപുരം-1,31,328, തൃശൂർ-1,19,922, കൊല്ലം-1,11,713, എറണാകുളം-87,488, പാലക്കാട്-81,663, കാസർകോട്-69,662, പത്തനംതിട്ട-57,973, ആലപ്പുഴ-57,005, കോട്ടയം-43,006, വയനാട്-20,086, ഇടുക്കി-9884 എന്നിങ്ങിനെയാണ് മറ്റു ജില്ലകളിലേക്ക് തിരിച്ചെത്തിയവരുടെ കണക്കുകൾ.
കോവിഡിനെ വ്യാപനവും തുടർന്നുണ്ടായ ലോക്ഡൗണുകളും മൂലം വിവിധ വിദേശ രാജ്യങ്ങളുണ്ടായ വ്യാപാരമാന്ദ്യമാണ് വ്യാപകമായ തൊഴിൽ നഷ്ടത്തിന് ഇടയാക്കിയത്. കമ്പനികളും കടകളും പൂട്ടിക്കിടന്നതും ഗതാഗത സേവന മേഖല നിശ്ചലമായതുമെല്ലാം ലക്ഷക്കണിക്കിന് പേർക്ക് തൊഴിൽ നഷ്ടത്തിന് ഇടയാക്കിയിട്ടുണ്ട്.
കോവിഡ് കാലത്ത് കേരളത്തിലെ ബാങ്കുകളിൽ ഗൾഫ് പ്രവാസികളുടെ നിക്ഷേപം ഗണ്യമായി കുറഞ്ഞിരുന്നു. കഴിഞ്ഞ വർഷം ഡിസംബറിൽ മലപ്പുറം ജില്ലയിൽ നടന്ന ജില്ലാ തല ബാങ്കിംഗ് അവലോകന യോഗത്തിലെ കണക്കുകൾ പ്രകാരം മുൻവർഷത്തെ അപേക്ഷിച്ച് വിദേശമലയാളികളുടെ നിക്ഷേപത്തിൽ 204 കോടി രൂപയുടെ കുറവാണ് ഉണ്ടായിരുന്നത്. പതിറ്റാണ്ടുകൾക്ക് ശേഷം ആദ്യമായാണ് വിദേശ മലയാളികളുടെ ബാങ്ക് നിക്ഷേപത്തിൽ ഇടിവുണ്ടായത്. വിദേശ രാജ്യങ്ങളിലെ തൊഴിൽ പ്രതിസന്ധി കേരളത്തിന്റെ സാമ്പത്തിക മേഖലയെ കാര്യമായി ബാധിക്കുന്നുവെന്നാണ് കണക്കുകൾ കാണിക്കുന്നത്. 

Latest News