Sorry, you need to enable JavaScript to visit this website.

ബിജുവിന്റെ ജയിൽവാസത്തിന് മൂന്നാണ്ട്; മോചനത്തിനായി കേണ് നിർധന കുടുംബം

ബിജുവിന്റെ നാട്ടിലുള്ള കുടുംബം. വലത്ത്: ബിജു 

തായിഫ്- വാഹനാപകടകേസിൽ അൽഖുർമ ജയിലിൽ മൂന്ന് വർഷം പിന്നിടുന്ന കൊല്ലം അഞ്ചൽ സ്വദേശി ബിജു ദാമോദരന്റെ (43) മോചനത്തിന് നിർധന കുടുംബം വഴി തേടുന്നു. ഭാര്യക്കും മക്കളായ വിവേകിനും (ഒമ്പതാം തരം) പ്രണവിനും (ഏഴാം തരം) ബിജുവിനെ രക്ഷപ്പെടുത്താൻ സുമനസ്സുകളുടെ സഹായം മാത്രമാണ് പ്രതീക്ഷ. ബിജു ജയിലിൽ ആയതോടെ കുടുംബത്തിന്റെ ഏകവരുമാനമാണ് നിലച്ചത്. കുട്ടികളുടെ വിദ്യാഭ്യാസത്തിനും മറ്റ് ദൈനംദിന ജീവിത ചെലവിനും കുടുംബം വിഷമിക്കുകയാണ്. ഏത് നിമിഷവും നിലം പൊത്താൻ സാധ്യതയുള്ള പഴക്കം ചെന്ന ജീർണിച്ച കെട്ടിടത്തിലാണ് ഇവർ കഴിയുന്നത്. ശക്തമായ കാറ്റോ മഴയോ താങ്ങാൻ പറ്റാത്ത വീടിനുള്ളിൽ ഭയാശങ്കകളോടെയാണ് ദിവസം തള്ളിനീക്കുന്നത്. ട്രെയിലർ ഡ്രൈവറായ ബിജു ജിദ്ദയിൽനിന്ന് പൊട്ടറ്റോ ചീപ്‌സ് കയറ്റിയ ലോഡുമായി നജ്‌റാനിലേക്ക് പോകുമ്പോഴായിരുന്നു അപകടം. യാത്രാമധ്യേ തായിഫിന് സമീപം അൽഖുർമ റാന്നിയ റോഡിൽ എതിരെ ആടുകളെ കയറ്റിവന്ന പിക്കപ്പ് വാനുമായി കൂട്ടിയിടിച്ച് തീപിടിക്കുകയായിരുന്നു. പിക്കപ്പ് വാൻ ഡ്രൈവറായ സ്വദേശിപൗരൻ തൽക്ഷണം മരിച്ചു. വാനിന്റെ പിറകിലുണ്ടായിരുന്ന 15 ഓളം ആടുകളും അഗ്നിയിൽ വെന്തുമരിച്ചു. തീ പടർന്ന് പിടിക്കുന്ന ട്രെയിലറിൽ കുടുങ്ങിക്കിടന്ന ബിജുവിനെ പാക്കിസ്ഥാൻ സ്വദേശി ഡോർ പൊളിച്ച് രക്ഷപ്പെടുത്തുകയായിരുന്നു. അപകടത്തിൽ ട്രെയിലർ പൂർണമായും കത്തിനശിച്ചു. കോടതിയിൽ ബിജുവിനെ നാല് തവണ ഹാജരാക്കി. മൂന്നാം തവണ ഹാജരാക്കിയപ്പോൾ ഇൻഷുറൻസ് പരിരക്ഷയിൽനിന്ന് സ്വദേശിയുടെയും വാഹനത്തിന്റെയും മറ്റും നഷ്ടപരിഹാരത്തുകയായി നാല് ലക്ഷം റിയാൽ ആശ്രിതർക്ക് നൽകിയതായി കോടതി അറിയിച്ചതായി ബിജു പറഞ്ഞു. 
മരിച്ച സ്വദേശിയുടെ കുടുംബം ബിജുവിന്റെ ജയിൽ മോചനത്തിന് അനുമതി നൽകിയതായും സ്‌പോൺസർ ജയിലിലെത്തി മറ്റു രേഖകൾ കൈമാറിയാൽ മോചിതനാകാമെന്നുമായിരുന്നു അറിയിച്ചിരുന്നത്. എന്നാൽ കത്തിനശിച്ച ട്രെയ്‌ലറിന് നഷടപരിഹാരം ലഭിക്കണമെന്നാവശ്യപ്പെട്ട് സ്‌പോൺസർ കോടതിയിൽ കേസ് നൽകി. ട്രെയിലറിന് മുഴുവൻ ഇൻഷുറൻസ് പരിരക്ഷ ഇല്ലാത്തതിനാൽ നഷ്ടപരിഹാരം കിട്ടിയില്ല. ഇത് സ്‌പോൺസറുടെ വീഴ്ചയാണ്. മൂന്ന് ലക്ഷം റിയാൽ നഷ്ടപരിഹാരമായി ലഭിക്കണമെന്ന് ആവശ്യപ്പെട്ടാണ് സ്‌പോൺസർ കോടതിയിൽ കേസ് നൽകിയിരിക്കുന്നത്. പഴക്കം ചെന്ന ട്രെയിലർ ആയതിനാൽ ഒരു ലക്ഷത്തിന് താഴെ മാത്രമേ വില വരികയുള്ളുവെന്നും ഇത്രവലിയ തുക ആവശ്യപ്പെട്ടത് അംഗീകരിക്കാൻ സാധിക്കില്ലെന്നും ബിജു പറഞ്ഞു. 
ഒരു നേരത്തെ ഭക്ഷണത്തിന് പോലും നാട്ടിലുള്ള കുടുംബം വിഷമിക്കുമ്പോൾ ഇത്രയും വലിയ തുക സംഘടിപ്പിക്കുകയെന്നത് ബിജുവിന് സങ്കൽപിക്കാൻ പോലുമാകില്ല. വീടെന്ന സ്വപ്‌നം മോഹിച്ച് ബാങ്കിൽ നിന്നും വായ്പയെടുത്ത് വീട് നിർമിച്ചെങ്കിലും ബിജു ജയിലിൽ ആയതോടെ ബാങ്ക് അടവ് മുടങ്ങി. പലിശ ഇനത്തിൽ വലിയൊരു തുക ആയതിനാൽ പണി പൂർത്തിയാകാത്ത വീടും വസ്തുവും വിറ്റ് ബാങ്കിലെ ബാക്കി അടവുകൾ അടച്ചെങ്കിലും പലിശ ഇനത്തിൽ തുക അടക്കാൻ ബാക്കിയുണ്ട്. ഇതിന്റെ സമീപത്തുള്ള ജീർണിച്ച കെട്ടിടത്തിലാണ് കുടുംബം ഇപ്പോൾ കഴിയുന്നത്. 
ബിജുവിന്റെ മോചനവുമായി ബന്ധപ്പെട്ട് നിരവധി തവണ സർക്കാരിനും ബന്ധപ്പെട്ട വകുപ്പുകൾക്കും അപേക്ഷ നൽകിയിട്ടുണ്ട്. ഒരു വർഷം മുമ്പ് കോൺസുലർ സംഘം തായിഫ് സന്ദർശിക്കുന്ന വേളയിൽ സി.സി.ഡബ്ല്യൂ പ്രതിനിധി മുഹമ്മദ് സാലി ബിജുവിന്റെ ദുരിതം ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. അൽഖുർമയിൽ ജയിലിൽ ബിജുവിനെ  സന്ദർശിച്ചെങ്കിലും തുടർ നടപടികളൊന്നും പിന്നെ കോൺസുലേറ്റിന്റെ ഭാഗത്ത് നിന്നുമുണ്ടായിട്ടില്ല. അൽഖുർമ കെ.എം.സി.സിയും ബിജുവിന്റെ സഹായത്തിനുണ്ട്. കുടുംബത്തെ കരകയറ്റാൻ മരുപ്പച്ചതേടി സൗദിയിലെത്തി ഒരു വർഷം കഴിയുമ്പോഴാണ് വാഹനാപകടകേസിൽ ബിജു അഴിക്കുള്ളിലായത്. സ്‌പോൺസർ  കനിഞ്ഞാൽ മാത്രമേ ബിജുവിന്റെ മോചനം എളുപ്പമാകുകയുള്ളു. നജ്‌റാനിലാണ് ബിജുവിന്റെ കമ്പനി പ്രവർത്തിക്കുന്നത്. 
 

Latest News