റിയാദ് - തുറസ്സായ സ്ഥലങ്ങളിൽ നടക്കുന്ന വിനോദ പരിപാടികളിലേക്ക് 12 വയസിൽ കുറവ് പ്രായമുള്ള, വാക്‌സിൻ സ്വീകരിക്കാത്ത കുട്ടികൾക്ക് പ്രവേശനം നൽകാൻ തീരുമാനിച്ചതായി ജനറൽ എന്റർടൈൻമെന്റ് അതോറിറ്റി അറിയിച്ചു. പബ്ലിക് ഹെൽത്ത് അതോറിറ്റിയുമായി ഏകോപനം നടത്തിയാണ് കുട്ടികൾക്ക് വാക്‌സിൻ വ്യവസ്ഥയിൽ ഇളവ് നൽകിയത്. വിനോദ പരിപാടികൾ നടക്കുന്ന സ്ഥലങ്ങളിലേക്ക് പ്രവേശിക്കുന്നവർ വാക്‌സിൻ സ്വീകരിച്ചവരോ രോഗമുക്തി നേടി പ്രതിരോധ ശേഷി ആർജിച്ചവരോ ആകണമെന്ന വ്യവസ്ഥയിൽ നിന്നാണ് 12 ൽ കുറവ് പ്രായമുള്ള കുട്ടികൾക്ക് ഇളവ് നൽകിയത്.
തുറസ്സായ സ്ഥലങ്ങളിൽ നടക്കുന്ന വിനോദ പരിപാടികളിലേക്ക് ഇവർക്ക് പ്രവേശനം അനുവദിക്കും. എന്നാൽ, കുട്ടികൾ വാക്‌സിൻ സ്വീകരിച്ചവർക്കൊപ്പമായിരിക്കണം വിനോദ പരിപാടികൾ നടക്കുന്ന സ്ഥലങ്ങളിൽ പ്രവേശിക്കേണ്ടതെന്നും പനി, ചുമ, മൂക്കൊലിപ്പ്, തൊണ്ടവേദന എന്നീ ലക്ഷണങ്ങളിൽ നിന്ന് കുട്ടികൾ മുക്തരായിരിക്കരണമെന്നും വ്യവസ്ഥകളുണ്ട്.