ജിദ്ദ- പ്രവാസത്തിന്റെ ആരംഭം തൊട്ടേ തുടങ്ങിയ പ്രവാസിയുടെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിൽ ഒരു കാലത്തും അധികൃതരിൽനിന്ന് വേണ്ടത്ര അനുഭാവം ഉണ്ടായിട്ടില്ലെന്നുള്ളതാണ് യാഥാർഥ്യമെന്ന് ജിദ്ദയിൽ പ്രവാസി സാംസ്‌കാരിക വേദി സംഘടിപ്പിച്ച ചർച്ചയിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. അതുകൊണ്ടു തന്നെ പ്രവാസികളുടെ പ്രശ്‌ന പരിഹാരത്തിനു കൂട്ടായ യോജിച്ച മുന്നേറ്റം ഉണ്ടാകേണ്ടത് അനിവാര്യമാണ്.
പ്രവാസി വെൽഫെയർ ഫോറം കേരളയും, വിവിധ ജി.സി.സി പ്രവാസി ഘടകങ്ങളും ചേർന്ന് ഓഗസ്റ്റ് 13 ന് കേന്ദ്ര-സംസ്ഥാന ഗവൺമെന്റുകളുടെ പ്രവാസി ദ്രോഹ നടപടി അവസാനിപ്പിക്കുക, യാത്രാ പ്രശ്‌നം പരിഹരിക്കുക, ഗൾഫ് വിദ്യാർഥികൾ നേരിടുന്ന ക്ലേശങ്ങൾക്ക് പരിഹാരമുണ്ടാവുക തുടങ്ങി വിവിധ ആവശ്യങ്ങളുന്നയിച്ച് നടത്തുന്ന പ്രവാസി പ്രക്ഷോഭത്തിന്റെ മുന്നോടിയായിട്ടായിരുന്നു സദസ്സ് സംഘടിപ്പിച്ചത്. പ്രോഗ്രാം കോ-ഓഡിനേറ്റർ കെ.എം. കരീം സ്വാഗതം ആശംസിച്ചു. പ്രവാസി സാംസ്‌കാരിക വേദി വെസ്റ്റേൺ പ്രോവിൻസ് പ്രസിഡന്റ് റഹീം ഒതുക്കുങ്ങൽ അധ്യക്ഷത വഹിച്ചു. സെൻട്രൽ കമ്മിറ്റി അംഗം ബഷീർ ചുള്ളിയൻ വിഷയാവതരണം നടത്തി.
അബൂബക്കർ അരിമ്പ്ര (കെ.എം.സി.സി), സക്കീർ ഹുസൈൻ എടവണ്ണ (ഒ.ഐ.സി.സി), ഷിബു തിരുവനന്തപുരം (നവോദയ), സലാഹ് കാരാടൻ (എം.ഇ.എസ്), അബ്ദുൽ അസീസ് തങ്കയത്തിൽ (സിജി), ഷാജി അരിമ്പ്രത്തൊടി (എം.എസ്.എസ്), ഡോ. ഫൈസൽ (ഇസ്പാഫ്), മുഹമ്മദലി ഓവുങ്ങൽ (പ്രവാസി സാംസ്‌കാരിക വേദി) എന്നിവർ സംസാരിച്ചു.
കോവിഡ് പ്രതിസന്ധിയിൽ ഏറ്റവും കൂടുതൽ യാത്രാ ക്ലേശമനുഭവിക്കുന്നവരാണ് സൗദി പ്രവാസികൾ. അതുകൊണ്ടു തന്നെ യാത്രാ നിരോധം എടുത്തു കളയാനും എയർ ബബ്ൾ കരാർ ഉണ്ടാക്കാനും കേന്ദ്ര സർക്കാർ തയാറാകേണ്ടതുണ്ട്. ദീർഘനാളായി തൊഴിലില്ലാതെ നാട്ടിൽ കഴിയുന്ന പ്രവാസികൾക്ക് തിരിച്ചു വരുന്നതിന്നാവശ്യമായ ചെലവുകൾക്ക്നോർക്ക വഴി പലിശ രഹിത ലോൺ അനുവദിക്കണമെന്നും ചർച്ചയിൽ ആവശ്യമുയർന്നു.
ഗൾഫ് രാജ്യങ്ങളിൽ ഏറ്റവും കൂടുതൽ ഇന്ത്യൻ വിദ്യാർഥികളുള്ള സൗദി അറേബ്യയിൽ നീറ്റ് പരീക്ഷാ കേന്ദ്രവും മറ്റു പരീക്ഷകൾക്കുള്ള സൗകര്യവും ഏർപ്പെടുത്തണമെന്നും സൗദി അറേബ്യയിലെ വിവിധ യൂനിവേഴ്‌സിറ്റിയുമായി സഹകരിച്ചു കൊണ്ട് ഇന്ത്യൻ വിദ്യാർഥികൾക്ക് അനുയോജ്യമായ ഉന്നത വിദ്യാഭ്യാസത്തിനായി സൗകര്യമുണ്ടാവണമെന്നും ചർച്ചയിൽ അഭിപ്രായമുയർന്നു.
പ്രവാസി ഹെൽപ് ഡെസ്‌ക് കോ-ഓർഡിനേറ്റർ യൂസഫ് പരപ്പൻ പ്രവാസികൾക്കായി നടത്തിക്കൊണ്ടിരിക്കുന്ന സേവന പ്രവർത്തനങ്ങൾ വിശദീകരിച്ചു. ജനറൽ സെക്രട്ടറി അഷ്‌റഫ് പാപ്പിനിശ്ശേരി ഉപസംഹാര പ്രസംഗം നിർവഹിച്ചു. അജ്മൽ അബ്ദുൽ ഗഫൂർ, സി.എച്ച്. ബഷീർ, സൈനുൽ ആബിദീൻ, ത്വാഹാ മുഹമ്മദ് എന്നിവർ നിയന്ത്രിച്ചു.