റിയാദ് - സൗദിയില്‍ ജ്വല്ലറികളില്‍ ജോലി ചെയ്യുന്നവര്‍ക്ക് പ്രൊഫഷനല്‍ വര്‍ക്ക് പെര്‍മിറ്റ് നിര്‍ബന്ധമാക്കാന്‍ തീരുമാനം. മാനവശേഷി, സാമൂഹിക വികസന മന്ത്രി എന്‍ജിനീയര്‍ അഹ്മദ് അല്‍റാജ്ഹിയാണ് ഇതുമായി ബന്ധപ്പെട്ട ഉത്തരവിറക്കിയത്.
ജീവനക്കാരന്‍ സൗദി പൗരനായിരിക്കല്‍, മന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ പരസ്യപ്പെടുത്തിയിട്ടുള്ള ഫോമുകളില്‍ വ്യക്തമാക്കിയ വ്യവസ്ഥകള്‍ക്ക് അനുസൃതമായി ഈ മേഖലയില്‍ പ്രവര്‍ത്തിക്കാന്‍ പ്രൊഫഷനല്‍ യോഗ്യത ഉണ്ടായിരിക്കല്‍, സുരക്ഷാ കേസുകളില്‍ നിന്ന് മുക്തരായിരിക്കല്‍ എന്നീ വ്യവസ്ഥകള്‍ക്ക് അനുസൃതമായാണ് വര്‍ക്ക് പെര്‍മിറ്റുകള്‍ അനുവദിക്കുക.
ഒരു വര്‍ഷ കാലാവധിയുള്ള വര്‍ക്ക് പെര്‍മിറ്റുകള്‍ പുതുക്കാവുന്നതാണ്. ജ്വല്ലറി മേഖലയില്‍ തൊഴില്‍ സാഹചര്യം മെച്ചപ്പെടുത്താനും ജീവനക്കാരുടെ ശേഷികള്‍ ഉയര്‍ത്താനും തൊഴില്‍ സ്ഥിരത മെച്ചപ്പെടുത്താനുമാണ് ഈ തീരുമാനത്തിലൂടെ ലക്ഷ്യമിടുന്നത്. പ്രൊഫഷനല്‍ വര്‍ക്ക് പെര്‍മിറ്റ് വ്യവസ്ഥ പാലിക്കാന്‍ ആറു മാസത്തെ സാവകാശം അനുവദിച്ചിട്ടുണ്ട്.