ഇടുക്കി-ചന്ദനം മണക്കുന്ന പൂന്തോട്ടം എന്ന പാട്ടിലെ വരികള്‍ ആര്‍ക്കും യാഥാര്‍ത്ഥ്യമാക്കാം. ലോക പ്രശസ്തമായ മറയൂര്‍ ചന്ദനത്തിന്റെ തൈകള്‍ പൊതുജനങ്ങള്‍ക്ക് നല്‍കി തുടങ്ങി. കഴിഞ്ഞി ദിവസം വരെ 3000 തൈകളാണ് വിറ്റഴിച്ചത്.
ചന്ദനം സര്‍ക്കാര്‍ മരമാണെങ്കിലും വീട്ടില്‍ വളര്‍ത്തുന്നതിന് നിയമ തടസമില്ല. പ്ലാന്റേഷനായും വളര്‍ത്താം. പക്ഷെ മുറിക്കാന്‍ സര്‍ക്കാരിന്റെ അനുമതി വേണം. 50 സെന്റീമീറ്റര്‍ ചുറ്റളവായാല്‍ ചന്ദനം പൂര്‍ണ വളര്‍ച്ചയെത്തി എന്നാണ് കണക്ക്. അപ്പോള്‍ വനം വകുപ്പിനെ അറിയിക്കണം. പക്ഷെ ചന്ദനത്തിന്റെ വളര്‍ച്ച ഏറെ മന്ദഗതിയിലാണ്. ഒരു വര്‍ഷത്തില്‍ ശരാശരി വളര്‍ച്ച ഒരു സെന്റീമീറ്റര്‍ മാത്രം. ഒരു ചന്ദന തൈക്ക് 75 രൂപയാണ് വില. നെല്ലി, കണിക്കൊന്ന,വേപ്പ്,ചീര,പയറുവര്‍ഗങ്ങള്‍ എന്നിവ ഒപ്പം നടണം. തൈയോടൊപ്പം നിലവില്‍ ഇവ ലഭിക്കും.
സര്‍ക്കാരിലേക്ക് മാത്രമേ ചന്ദന മരം വില്‍ക്കാനാകൂ. മറ്റു മരങ്ങളെ പോലെ ക്യുബിക് അടിയിലല്ല, കിലോഗ്രാമില്‍ ആണ് ചന്ദന മരത്തിന്റെ തൂക്കം കണക്കാക്കുന്നത്. സര്‍ക്കാരിന്റെ ലേല ചെലവ് മാത്രം കുറച്ച് ബാക്കി തുക മുഴുവന്‍ ഉടമസ്ഥന് നല്‍കും. മരത്തിന്റെ വിലയുടെ 95 ശതമാനം വരെ ഉടമക്ക് കിട്ടാം. വനം വകുപ്പിന്റെ അനുമതിയില്ലാതെ ചന്ദന മരം മുറിച്ചു കടത്തുന്നത് അഞ്ച് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണെന്ന് കൂടി അറിയുക.