Sorry, you need to enable JavaScript to visit this website.

ഹിജ്‌റ 1443: ചില പുതുവർഷ ചിന്തകൾ

ഹിജ്‌റ വർഷം 1443 പിറന്നു. ഇതിന്റെ കാലഗണന ചന്ദ്രന്റെ പിറവിയെ അടിസ്ഥാനമാക്കിയാണ്; നിത്യം പല നേരങ്ങളിലായി നിർവഹിക്കേണ്ട നമസ്‌കാരം സൂര്യചലനത്തെ ആസ്പദിച്ചാണെങ്കിൽ നോമ്പ്, ഹജ് എന്നീ അനുഷ്ഠാനങ്ങൾ ചന്ദ്രന്റെ പിറവിയെ അടിസ്ഥാനമാക്കിയുള്ള കലണ്ടർ അനുസരിച്ചാണ്. നോമ്പ് ഒരു ഭൂപ്രദേശത്ത് സ്ഥിരം ഉഷ്ണകാലത്തും മറ്റൊരുപ്രദേശത്ത് സ്ഥിരമായി ശൈത്യകാലത്തും വരാതെ എല്ലാ പ്രദേശത്തും എല്ലാ കാലവും മാറിമാറിവരുന്നു. എല്ലാവരും എല്ലാം അനുഭവിക്കുന്ന ഒരുതരം സാമൂഹ്യ നീതി ഈ കലണ്ടറിന്റെ പ്രയോജനമാണ്. ചന്ദ്രപ്പിറവിയെ ആസ്പദിച്ച് തീയതി നിർണയിക്കുന്ന ഹിജ്‌റാബ്ദ കലണ്ടറിൽ സന്ധ്യയോടെയാണ് ദിവസം ആരംഭിക്കുന്നത്. ഖുർആനിൽ ലൈൽ, നഹാർ എന്നിങ്ങനെ (രാവ്, പകൽ) യാണ് പ്രയോഗമെന്നത് ഇതിനോട് ചേർത്ത് നാം മനസ്സിലാക്കേണ്ടതാണ്. ഒരിടത്ത് പോലും പകലും രാവും എന്ന പ്രയോഗമില്ല (മലയാളത്തിൽ രാവും പകലുമെന്നോ രാപ്പകൽ എന്നോ ആണല്ലോ സാധാരണ പ്രയോഗം) ജൂതന്മാരുടെ കലണ്ടറിലും ദിനാരംഭം സന്ധ്യയോടെയാണ്. ക്രിസ്ത്വാബ്ദ കലണ്ടറിനേക്കാൾ പതിനൊന്ന് നാൾ കുറവാണ് ഹിജ്‌റ കലണ്ടറിന് (ഇംഗ്ലീഷ് കലണ്ടർ അനുസരിച്ച് 33 വയസ്സായ ഒരാൾക്ക് ഹിജ്‌റ കലണ്ടറനുസരിച്ച് 34 വയസ്സായിരിക്കും.) 140 കോടി മുസ്‌ലിംകൾ തങ്ങളുടെ അനുഷ്ഠാനങ്ങൾക്കും ആചാരങ്ങൾക്കും ആഘോഷങ്ങൾക്കും മറ്റും അവലംബിക്കുന്ന കലണ്ടറാണ് ഹിജ്‌റാബ്ദ കലണ്ടർ. ഇസ്‌ലാമിക ചരിത്രവും അറബ് ചരിത്രവുമെല്ലാം രേഖപ്പെടുത്തിയിട്ടുള്ളത് ഈ കലണ്ടറിനെ ആധാരമാക്കിയാണ്.


ലോകത്ത് വിവിധ സമുദായങ്ങൾക്കിടയിൽ വിവിധ കലണ്ടറുകളുണ്ടെങ്കിലും അവക്കിടയിലെ സമാനതകൾ മാനവതയുടെ ഏകതയാണ് വിളംബരം ചെയ്യുന്നത്. ആദിയിൽ ജനങ്ങളെല്ലാം ഒരൊറ്റ സമുദായം ആയിരുന്നുവെന്ന് ഖുർആൻ പറയുന്നുണ്ട്. ഒരൊറ്റ മാതാപിതാക്കളിൽ (ആദം - ഹവ്വ) നിന്നുള്ള സന്തതി പരമ്പരകളാണ് മനുഷ്യരെല്ലാം. ഇവരൊക്കെ ചീർപ്പിന്റെ പല്ലുകൾ പോലെ സമന്മാരുമാണ്. കാലത്തിന്റെ കറക്കത്തിൽ പല വ്യതിയാനങ്ങൾ മൂലം സമൂഹങ്ങൾ ദുഷിക്കുകയും പിഴയ്ക്കുകയും തൽഫലമായി ഭിന്നിക്കുകയും ചെയ്തുവെന്നത് ചരിത്ര സത്യം. വ്യക്തിപൂജ, വീരാരാധന, വിഗ്രഹവൽക്കരണം, വിഗ്രഹ പൂജ എന്നിങ്ങനെ ക്രമാനുഗതമായി ജീർണതകൾ പടർന്നുപിടിച്ചപ്പോൾ ഒന്നായിരുന്ന സമൂഹം പലതായി പിരിയുകയാണുണ്ടായത്. ജീർണതകൾക്കെതിരെ ജാഗ്രതയില്ലാത്തപ്പോഴെല്ലാം മനുഷ്യർ ഭിന്നിച്ചിട്ടുണ്ട്. സകല മനുഷ്യരും സദാ ആശ്രയിക്കുന്നത് പ്രപഞ്ചനാഥൻ കനിഞ്ഞേകിയ ഒരേ വായുവും വെള്ളവും വെളിച്ചവും തന്നെയാണ്. എന്നിട്ടും മനുഷ്യർ ഭിന്നിച്ചു. ഇങ്ങനെയൊക്കെ സംഭവിച്ചെങ്കിലും എല്ലാ വിഭാഗങ്ങളെയും ഒന്നിപ്പിക്കാൻ സത്യശുദ്ധവും സമഗ്ര സമ്പൂർണവുമായ ഏകദൈവ വിശ്വാസത്തിന് സാധിക്കുമെന്ന് എക്കാലത്തെയും ചിന്താശീലർ ഉദ്‌ബോധിപ്പിച്ചിട്ടുണ്ട്.


പല കാരണങ്ങളാൽ മനുഷ്യർ ഭിന്നിച്ചെങ്കിലും പൊതുവായ പല ഘടകങ്ങളും അവരെ ഒരളവോളം ഒന്നിപ്പിക്കുന്നുണ്ട്. എതു നാഗരികതയിലും ഏതു കാലത്തും ഏതു കലണ്ടറിലും ഒരാണ്ടിൽ പന്ത്രണ്ട് മാസമേ ഉള്ളൂ. ആഴ്ചയിൽ സപ്ത ദിനങ്ങളേ ഉള്ളൂ. ഇത്തരത്തിലുള്ള വേറെയും സമാനതകൾ പല മേഖലകളിലും ദർശിക്കാവുന്നതാണ്. ഈ ഏകീഭാവവും മറ്റും മനുഷ്യർ ഒരൊറ്റ സമുദായമാണെന്നും അവരുടെ സ്രഷ്ടാവ് ഏകനാണെന്നുമുള്ളതിനുള്ള ദൃഷ്ടാന്തം കൂടിയാണ്. വാനഭൂമികളുടെ സൃഷ്ടിദിനം മുതൽ അല്ലാഹുവിങ്കൽ മാസങ്ങളുടെ എണ്ണം പന്ത്രണ്ടാകുന്നു. അവയിൽ നാലെണ്ണം പവിത്ര മാസങ്ങളാണ്. അതാണ് ഋജുവായ ദീൻ (ദീനുൽ ഖയ്യിം). ആകയാൽ പ്രസ്തുത ചതുർമാസങ്ങളിൽ നിങ്ങൾ ആരോടും അതിക്രമം കാണിക്കാതിരിക്കുക. (9:36)
(ഈ സൂക്തത്തിലെ ദീനുൽ ഖയ്യിം എന്ന പ്രയോഗം ഏറെ ചിന്തനീയമാണ്. 12:40;30:30;30:43;98:5 എന്നീ സൂക്തങ്ങളിലും ഇതേ പ്രയോഗമുണ്ട്. ആണ്ടിൽ 12 മാസം എന്നത് ലോകം അംഗീകരിച്ച ഒരു സുസമ്മത യാഥാർത്ഥ്യമാണെങ്കിൽ സത്യശുദ്ധമായ ഏകദൈവ വിശ്വാസവും അങ്ങനെ തന്നെ എന്ന പാഠം സവിശദം ഗ്രഹിക്കേണ്ടതുണ്ട്.)


വർഷത്തിലെ പ്രഥമ മാസമായ മുഹറമും ഏഴാം മാസമായ റജബും ഹജിന്റെ മാസങ്ങളായ ദുൽഖഅദും ദുൽഹജും യുദ്ധ നിരോധിത ചതുർമാസങ്ങളാണ്. (അടിയന്തരമായി വളരെ അത്യാവശ്യമെങ്കിൽ അനിവാര്യമായ തിന്മ എന്ന നിലയിൽ പ്രതിരോധാർഥം അനുവാദമുണ്ടെന്ന് മാത്രം) ഇസ്‌ലാം (ശാന്തി) എന്ന മഹദ്‌നാമത്തെ അന്വർഥമാക്കുന്ന ഒരു ചട്ടമാണിത്. ഒമ്പതാമത്തെ മാസമായ റമദാൻ വ്രതാനുഷ്ഠാനമുൾപ്പെടെയുള്ള സൽക്കർമങ്ങൾ വർധിപ്പിക്കേണ്ട സന്ദർഭമാണ്; പുണ്യത്തിന്റെ പൂക്കാലമാണ്.
മാനവതയുടെ ആദിമതവും പ്രകൃതിമതവുമായ ഇസ്‌ലാം കേവലം ഒരു ദർശനമോ ആശയമോ അല്ല. സമഗ്ര സമ്പൂർണ ജീവിത പദ്ധതി കൂടിയാണ്. ഏതാണ്ട് ഇരുപത്തിമൂന്ന് വർഷക്കാലം കൊണ്ട് അന്ത്യപ്രവാചകനായ മുഹമ്മദ് നബി (സ) ദീനിനെ സമ്പൂർണാർഥത്തിൽ സംസ്ഥാപിക്കുകയും ഒരു സുശിക്ഷിത സമൂഹത്തെ വാർത്തെടുക്കുകയും സവിശേഷമായ നാഗരികതക്കും ഭരണക്രമത്തിനും അടിത്തറയിടുകയും ചെയ്തു. നബിയുടെ വിയോഗാനന്തരം ഒരു ദശകത്തിനകം ഇസ്‌ലാമിക രാഷ്ട്രം വളരെ വിശാലമായി.


ഉമറി (റ) ന്റെ കാലത്ത് തലസ്ഥാനത്തേക്ക് വരുന്ന കത്തുകളിൽ പല തീയതികൾ രേഖപ്പെടുത്തുകയും ആയത് അവ്യക്തതകൾക്കിടം നൽകുന്നതായും ശ്രദ്ധയിൽ പെട്ടു. ഇക്കാര്യത്തിൽ സ്വന്തമായ, ആദർശാടിസ്ഥാനത്തിലുള്ള ഒരു ഏകക്രമം പാലിക്കപ്പെടേണ്ടതുണ്ടെന്നും ഉമറിന് തോന്നി. തദടിസ്ഥാനത്തിൽ കൂടിയാലോചന നടന്നു. കാലഗണന എവിടുന്ന് ആരംഭിക്കണമെന്ന ചർച്ച വന്നു. ചിലർ നബി (സ) യുടെ ജനനത്തെയും വേറെ ചിലർ തിരുമേനിയുടെ വിയോഗത്തെയും തുടക്കമക്കാമെന്ന് നിർദേശിച്ചു. ഉമറിന് ഈ നിർദേശം സ്വീകാര്യമായില്ല. ഇസ്‌ലാം ശക്തിയായി വിലക്കുന്ന വ്യക്തിപൂജ, വീരാരാധന തുടങ്ങിയ ദുഷ്പ്രവണതകൾക്ക് ഇത് വഴിവെക്കുമെന്നതായിരുന്നു ഉമറിന്റെ ആശങ്ക. നബി (സ) ഏറെ വെറുത്തതും ജാഗ്രത പുലർത്തിയതുമായ സംഗതിയാണിത്. നബി (സ) അരുളി: ക്രൈസ്തവർ മർയമിന്റെ പുത്രൻ ഈസയെ വാഴ്ത്തിയതു പോലെ നിങ്ങളെന്നെ വാഴ്ത്തരുത്. മുഹമ്മദ് ദൈവദാസനും ദൈവദൂതനുമാണെന്ന് പറയുക. (ഹദീസ്)


സുപ്രധാനമായ സത്യസാക്ഷ്യ (ശഹാദത്ത്) വാക്യത്തിലെ രണ്ടാം ഭാഗം മുഹമ്മദ് അല്ലാഹുവിന്റെ ദാസനും റസൂലുമാണെന്ന് ഞാൻ സാക്ഷ്യം വഹിക്കുന്നു എന്നാണ്. ഇവിടെ നബി (സ) ഏതൊരാളെയും പോലെ അല്ലാഹുവിന്റെ അടിമ (അബ്ദ്) ആണെന്ന വസ്തുത മുന്തിച്ച് ഊന്നിപ്പറഞ്ഞ ശേഷമാണ് വളരെ മൗലികമായ പ്രവാചകത്വത്തെ അംഗീകരിക്കുന്നത്. മുസ്‌ലിംകളെ മുഹമ്മദീയർ  എന്ന് സംബോധന ചെയ്യുന്നതിനെ എക്കാലവും എല്ലാ പണ്ഡിതരും എതിർക്കുന്നതും പ്രവാചകന്റെ ഈ അധ്യാപനത്തിന്റെ സൽഫലമാണ്. ക്രിസ്തുമതം, ബുദ്ധമതം, ജൈനമതം, സൊരാഷ്ട്രമതം, ബഹായിസം, മാർക്‌സിസം, ഗാന്ധിസം തുടങ്ങി പലതും ചരിത്രപുരുഷന്മാരുടെ മേൽവിലാസത്തിൽ അറിയപ്പെടുമ്പോൾ ഇസ്‌ലാം അങ്ങനെ മഹാപുരുഷന്മാരുടെ പേരിലല്ല അറിയപ്പെടുന്നത് എന്ന വസ്തുതയും നബി (സ) യുടെ അധ്യാപനത്തിന്റെ ഫലം തന്നെ. ഈ വക കാര്യങ്ങൾ മറ്റാരേക്കാളും നന്നായി ഗ്രഹിച്ച ബുദ്ധിമാനായ ഉമർ (റ) ഇസ്‌ലാമിന്റെ തനിമയും പ്രവാചകാധ്യാപനത്തിന്റെ സത്തയും കാത്തുസൂക്ഷിക്കാൻ അതീവ ജാഗ്രത പുലർത്തിയതിനാലാണ് നബി (സ) യുടെ ജന്മമോ വിയോഗമോ കാലഗണനയുടെ പ്രാരംഭമാക്കാൻ വിസമ്മതിച്ചത്. പ്രവാചകൻ (സ) മൃതിയടഞ്ഞപ്പോൾ, നബി (സ) യോടുള്ള അതിരറ്റ സ്‌നേഹത്താൽ ആ വസ്തുത ഉൾക്കൊള്ളാനാവാതെ നബി (സ) മരിച്ചുവെന്ന് പറയുന്നവരുടെ തല കൊയ്യുമെന്ന് വരെ അൽപനേരം പറഞ്ഞുപോയ ഉമർ (റ) ബുദ്ധിപൂർവം സ്വീകരിച്ച ഈ നിലപാട് പ്രവാചക കേശം (?) വെച്ച് ചൂഷണവും മോഷണവും നടത്തുന്ന ഈ കാലത്ത് വളരെ പ്രസക്തമാണ്. (മഹാനായ പ്രവാചകൻ ഈസയെ വിഗ്രഹവൽക്കരിച്ച ക്രിസ്ത്യാനികളായ പാശ്ചാത്യർ പ്രചരിപ്പിച്ച ഇംഗ്ലീഷ് കലണ്ടർ വീരാരാധനയിലധിഷ്ഠിതമാണ്)


ചർച്ചക്കൊടുവിൽ നബി (സ) യുടെ പിതൃവ്യപുത്രനും പുത്രീഭർത്താവും നാലാം ഖലീഫയുമായ അലി (റ) ഹിജ്‌റയെ അടയാളമാക്കാമെന്ന നിർദേശം മുന്നോട്ടുവെച്ചു. ഈ ആദർശ സമൂഹത്തിന്റെ ഒന്നാം തലമുറ ആദർശ മാർഗത്തിൽ വരിച്ച ഉജ്വല ത്യാഗത്തിന്റെ ആവേശകരമായ സ്മരണ ലോകാന്ത്യം വരെ നിലനിർത്തുകയും അങ്ങനെ അത് നിത്യ പ്രചോദനമായിത്തീരുകയും ചെയ്യുകയെന്നതാണ് ഇതിലൂടെ ലാക്കാക്കിയത്. പക്ഷേ ഇന്ന് ആ സദുദ്ദേശ്യം വേണ്ടും വിധം നിറവേറ്റുന്നുണ്ടോ എന്ന് നാം ഗൗരവപൂർവം ആത്മപരിശോധന നടത്തേണ്ടതുണ്ട്.


ഹിജ്‌റ ഒളിച്ചോട്ടമോ പലായനമോ അല്ല. അതൊരു മഹാത്യാഗമാണ്. ദേശസ്‌നേഹം വളരെ നല്ലതാണ്. വേണ്ടതുമാണ്. എന്നാൽ എല്ലാ സ്‌നേഹബന്ധങ്ങൾക്കുമുപരിയാണ് അല്ലാഹുവിനോടുള്ള സ്‌നേഹം. അല്ലാഹുവിന് വേണ്ടി പ്രിയപ്പെട്ട പലതും നാം ത്യജിക്കും പോലെ അനിവാര്യ ഘട്ടത്തിൽ മാതൃരാജ്യത്തെയും ത്യജിക്കാൻ സന്നദ്ധരാവേണ്ടതുണ്ട്. ആരോടോ അല്ലെങ്കിൽ എന്തിനോടോ ഉള്ള സ്‌നേഹത്തിന്റെ പേരിൽ തിന്മകളോടും അക്രമങ്ങളോടും രാജിയാവുകയെന്നത് ധാർമിക മനസ്സാക്ഷിക്ക് നിരക്കുന്നതല്ല. ദേശസ്‌നേഹത്തെ മറയാക്കി വരേണ്യവർഗവും അധികാരി വർഗവും സകല കൊള്ളരുതായ്മകളെയും അനീതികളെയും താങ്ങിനിർത്തുന്ന പ്രവണത എക്കാലത്തും ഉണ്ടായിട്ടുണ്ട്, ഇന്നും അത്തരം പ്രവണതകൾ ഉണ്ട്. ഇതിനായി ദേശസ്‌നേഹത്തെ ദേശീയതയാക്കി മാറ്റുന്ന വേലയാണ് ഇക്കാലത്ത് നടക്കുന്നത്. ദേശീയതയെ വിഗ്രഹവൽക്കരിച്ച് അനന്തരം ആ വിഗ്രഹത്തെ അങ്ങേയറ്റം മഹത്വവൽക്കരിച്ച് ബഹുജനങ്ങളെ ദേശീയതയെന്ന വ്യാജ വിഗ്രഹത്തിന്റെ ഉപാസകരാക്കി മാറ്റുന്ന ഇക്കാലത്ത് ഹിജ്‌റയുടെ പൊരുൾ അതിന്റെ സകല വിശദാംശങ്ങളോടെ നാം ഗ്രഹിക്കേണ്ടതുണ്ട്. ഖലീലുല്ലാഹി ഇബ്രാഹിം (അ) പുരോഹിതന്മാർ നിർമിച്ച കളിമൺ വിഗ്രഹത്തെ അതിന്റെ അർഥശൂന്യത തെര്യപ്പെടുത്താൻ തകർത്തതുപോലെ ദേശസ്‌നേഹത്തിൽ പൊതിഞ്ഞ ദേശീയതയുടെ വിഗ്രഹങ്ങളെയും തകർത്തു, തന്റെ ഹിജ്‌റയിലൂടെ ഇതേ സംഗതി ഇബ്‌റാഹീം നബിയുടെ പേരക്കുട്ടിയായ അന്ത്യപ്രവാചകൻ മുഹമ്മദ് നബിയും ചെയ്തു. വിഗ്രഹ പൂജയെ നഖശിഖാന്തം എതിർത്തു തോൽപിച്ച പോലെ ദേശീയത എന്ന വിഗ്രഹത്തെയും നബി (സ) വളരെ വിജയകരമായ രീതിയിൽ തകർത്തു (തുടരും). 

Latest News